ഴിഞ്ഞ ദിവസം ഉക്രയിനിലെ ഖാർകിവിലെ റോഡിൽ വച്ച് കാൽനട യാത്രക്കാരായ അഞ്ചു പേരെ ഇടിച്ചു കൊന്ന പെൺകുട്ടിയെ രണ്ടു മാസത്തേക്ക് ജയിലിൽ അടച്ചു. ഇവിടുത്തെ ശതകോടീശ്വരിയായ വാസിലി സെയ്റ്റ്സെവിന്റെ മകളും 20കാരിയുമായ അലിയോന സെയ്റ്റ്സെവിനെയാണ് കോടതി തടവിലാക്കിയത്. കോടതി രണ്ടു മാസത്തെ തടവ് വിധിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അലിയോന ആ വിധി കേട്ടത്. അപകടത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടം അറിയാതെ സംഭവിച്ചതാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞ അലിയോന മരിച്ചവരുടെ കുടുംബത്തിന് തന്റെ മാതാപിതാക്കൾ സഹായം നൽകുമെന്നും കോടതിയിൽ പറഞ്ഞു. അഞ്ചു പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നിസാരമായി കാണാൻ സാധിക്കുന്നതല്ലെന്നും അലിയോനയ്‌ക്കെതിരെ ക്രിമിനൽ അന്വേഷണം നടത്തണമെന്നും പറഞ്ഞ കോടതി രണ്ടു മാസം തടവിൽ പാർപ്പിക്കുവാൻ ഉത്തരവിടുകയായിരുന്നു. അലിയോനയുടെ മൂത്ര പരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും രക്ത പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. അതിനാൽ കൂടുതൽ പരിശോധനകൾ നടത്തുവാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

അലിയോന അശ്രദ്ധമായി വണ്ടിയോടിച്ചതാണ് കൂട്ടക്കുരുതിക്ക് ഇടയാക്കിയത്. എന്നാൽ അപകടത്തിൽ അലിയോനയ്ക്ക് പരുക്കൊന്നുമേറ്റിട്ടില്ല. അപകടമുണ്ടാക്കിയതിനെ തുടർന്ന് ഈ പെൺകുട്ടിയെ കൈകാര്യം ചെയ്യാൻ നാട്ടുകാർ വളഞ്ഞപ്പോഴേക്കും അലിയോനയെ രക്ഷിക്കാൻ രണ്ട് വാഹനങ്ങളിൽ നിറയെ എത്തിയ ബോഡി ഗാർഡുകൾ അണിനിരന്നിരുന്നു.

അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 15 വയസുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയടക്കം അപകടത്തിൽ കൊല്ലപ്പെട്ടതിലുള്ള അമർഷം അടക്കാൻ വയ്യാതെയാണ് ദൃക്സാക്ഷികൾ അലിയോനയെ കൈവയ്ക്കാൻ കുതിച്ചെത്തിയിരുന്നത്. എന്നാൽ ശതകോടീശ്വരിയുടെ മകളെ രക്ഷിക്കാൻ വേണ്ടി രണ്ട് ജീപ്പ് നിറയെ ബോഡി ഗാർഡുമാർ ഇവിടേക്ക് കുതിച്ചെത്തിയതോടെ നാട്ടുകാർക്ക് അവളെയൊന്ന് തൊടാൻ പോലും സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിന് മുമ്പ് അമിതവേഗതയിൽ വണ്ടിയോടിച്ചതിന് അലിയോനയിൽ നിന്നും മൂന്ന് വെവ്വേറ സന്ദർഭങ്ങളിൽ പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അപകടമുണ്ടായ സ്ഥലം യുദ്ധക്കളം പോലുണ്ടായിരുന്നുവെന്നാണ് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നത്. ലോക്കൽ എനർജി കമ്പനിയുടമയും മൾട്ടി മില്യണയറുമായ വാസിലി സെയ്റ്റ്സെവിന്റെ മകളാണ് അലിയോന. മൃതദേഹങ്ങൾ പേവ്മെന്റിൽ ചിതറിക്കിടക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പരുക്കേറ്റവരിൽ ഏഴ് മാസം ഗർഭിണിയായ ഒരു യുവതിയുമുണ്ട്. അവരുടെ നില ഗുരുതരമാണെന്നാണ് സൂചന. എലീന ബെർചെൻകോ(25), യുറി ന്യൂഡാച്ചിൻ(24), ഓക്സന നെസ്റ്റെറെൻകോ (36) എന്നിവരാണ് മരിച്ചവരിൽ മൂന്ന് പേർ. അലിയോനയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ അലിയോന ജയിലിൽ കിടക്കേണ്ടി വരും.