കാനഡയിൽ കഴിയുന്ന യുഎസ് അഭിനേത്രിയും മോഡലുമായ മേഗൻ മാർകിൾ ഹാരി രാജകുമാരനെ കെട്ടി രാജകുമാരിയാകാനുള്ള ഒരുക്കത്തിലാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇവരുടെ വിവാഹം നടത്താൻ കൊട്ടാരത്തിൽ ഒരുക്കങ്ങൾ നടക്കുന്നുവെന്നും സൂചനയുണ്ട്. മകളെ വിവാഹം കഴിക്കുന്നതിനുള്ള സമ്മതം ഹാരി മേഗന്റെ അമ്മയായ ഡോറിയയിൽ നിന്നും നേടിയിട്ടുണ്ട്. മേഗന്റെ പിതാവായ തോമസ് മെർകിളിൽ നിന്നും ഇതിനുള്ള ആശീർവാദം ഹാരി തേടിയിട്ടുണ്ടെന്നു സൂചനയുണ്ട്. വളരെ പരിതാപകരമായ ജീവിത സാഹചര്യത്തിലാണ് മേഗന്റെ പിതാവായ തോമസ് മാർകിൾ കഴിയുന്നതെന്ന വിവരം അതിനിടെ പുറത്ത് വന്നിട്ടുമുണ്ട്.

കടം കേറി മുടിഞ്ഞ് അമേരിക്ക വിട്ട് മെക്സിക്കൻ ടൗണിൽ ചെറിയ ജോലികൾ ചെയ്ത് ജീവിക്കുകയാണ് ടോം. തന്റെ വിവരം തിരക്കി ചെല്ലുന്നവരെ പടിക്ക് പുറത്ത് നിർത്തുന്ന ഒരു പ്രത്യേക സ്വഭാവക്കാരനാണ് റിട്ടയേർഡ് ലൈറ്റിങ് ഡയറക്ടറായ ഇദ്ദേഹമെന്നും സൂചനയുണ്ട്. ടൊറന്റോയിൽ വച്ച് നടന്ന ഇൻവിക്ടസ് ഗെയിംസിനിടെ ഹാരി മേഗന്റെ മാതാവ് ഡോറിയയുമായി അനായാസം സംസാരിക്കുകയും മേഗനെ രാജകുടുംബത്തിലെ അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴും മേഗന്റെ പിതാവിനെക്കുറിച്ച് വേണ്ടത്ര വിവരങ്ങളൊന്നും വെളിച്ചത്ത് വന്നിരുന്നില്ല. ഇപ്പോഴാണ് ടോമിനെക്കുറിച്ചുള്ള ചില സൂചനകളെങ്കിലും പുറത്തുവന്നത്.

ആറടി മൂന്നിഞ്ച് ഉയരമുള്ള ടോം മേഗനോട് ഇപ്പോഴും അതിയായ വാത്സല്യമാണ് പുലർത്തുന്നത്. മേഗനെ സ്നേഹത്തോടെ ബീൻ എന്നാണ് ടോം വിളിക്കുന്നത്. ഹാരിയുമായി മേഗന് ബന്ധമുണ്ടെന്ന് ഒരു വർഷം മുമ്പ് വെളിപ്പെട്ടിട്ടും പത്രമാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ടോം അതിയായ ജാഗ്രത പുലർത്തിയിരുന്നു. ഈ 73 കാരനെ പറ്റി കേട്ടതെല്ലാം ശരിയാണെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന കുടുംബക്കാരും സുഹൃത്തുക്കളും സ്ഥിരീകരിച്ചത്. ടോം മേഗനോട് അതിയായ വാത്സല്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഹാരിയുമായ ബന്ധത്തിൽ സന്തോഷിക്കുന്നുണ്ടെന്നും എന്നാൽ ഈ ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്നുമാണ് അവർ വെളിപ്പെടുത്തുന്നത്.

എന്നാൽ വർഷങ്ങളായി മേഗനുമായി ബന്ധം പുലർത്താത്ത തന്റെ മൂത്ത മകനും മകളും അടക്കമുള്ള ചില കുടുംബാംഗങ്ങൾ മേഗനെ പറ്റി ആരോപണങ്ങൾ ഉന്നയിക്കുമോ എന്ന കാര്യത്തിൽ ടോം അതിയായ ഉത്കണ്ഠ പുലർത്തുന്നുമുണ്ട്. മെക്സിക്കോയിൽ കാലിഫോർണിയൻ അതിർത്തിക്കടുത്തുള്ള പ്രദേശത്ത് വളരെ ശാന്തമായ ഒരു ജീവിതമാണ് ടോം നയിക്കുന്നത്. മേഗന് വെറും അഞ്ച് വയസുള്ളപ്പോഴായിരുന്നു ഇവരുടെ മാതാപിതാക്കൾ വേർപിരിയുന്നത്. എന്നാൽ പിതാവുമായി മേഗൻ പിന്നീടും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഹാരിയുമായുള്ള ബന്ധം പുറം ലോകം അറിയുന്നതിന് മുമ്പ് ടോം അറിഞ്ഞിരുന്നുവെന്നും അക്കാര്യത്തിൽ അദ്ദേഹം മകൾക്ക് ആത്മവിശ്വാസം പകർന്ന് നൽകിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

പ്രശസ്തിയും പ്രതാപവും ടോമിനെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഹോളിവുഡിനകത്ത് നിന്നും അതിനെ അടുത്ത് കണ്ടറിഞ്ഞ സിനിമാട്ടോഗ്രാഫറാണ് അദ്ദേഹം. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1984ലെ ലോസ് ഏയ്ജൽസ് ഒളിമ്പിക്സിനും 1986ലെ ഓസ്‌കർ അവാർഡ് ചടങ്ങളിനും ലൈറ്റിങ് ചെയ്തതു ടോമായിരുന്നു. അന്ന് ലോസ് ഏയ്ജൽസിലെ സ്റ്റുഡിയോകൾക്ക് എതിർ ഭാഗത്ത് മാസത്തിൽ 1100 പൗണ്ട് വാടക നൽകുന്ന ഫ്ലാറ്റിലായിരുന്നു ടോം താമസിച്ചിരുന്നത്. 1979ൽ ലോസ് ഏയ്ജൽസിൽ വച്ചായിരുന്നു ടോം ആദ്യമായി ഡോറിയയെ കണ്ടു മുട്ടിയിരുന്നത്. തന്നേക്കാൾ 12 വയസ് പ്രായക്കുറവുള്ള ഡോറിയയെ ആ വർഷം അന്ത്യത്തിൽ പെൻസിൽവാനിയയിൽ വച്ച് ടോം വിവാഹം കഴിക്കുകയും ചെയ്തു. ഇവരുടെ വിവാഹത്തിന് ഏറെ എതിർപ്പുകളുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ ഓർക്കുന്നത്. 1981ലായിരുന്നു മേഗൻ ജനിച്ചത്.