സെലിബ്രിറ്റികളും താരങ്ങളും അടക്കം നിരവധി അനുയായികളുള്ള സയന്റോളജി എന്ന ഭ്രാന്തൻ മതത്തിന് അന്ത്യമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സയൻസിനെ അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെട്ട സയന്റോളജിയെ നിരവധി താരങ്ങളും വിശ്വാസികളും ഉപേക്ഷിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി ഹോളിവുഡ് താരങ്ങൾ കയ്യൊഴിഞ്ഞതോടെ അമേരിക്കയിലെ മതം വംശനാശ ഭീഷണിയിലെത്തിയിരിക്കുന്നു. ഏറ്റവും അവസാനം ചർച്ച് ഓഫ് സയന്റോളജിയെ ഉപേക്ഷിക്കുന്ന സെലിബ്രിറ്റിയായിത്തീർന്നിരിക്കുകയാണ് അമേരിക്കൻ അഭിനേത്രിയായ പ്രിസില്ല പ്രെസ്ലെ. നാല് ദശാബ്ദത്തിന് ശേഷം താൻ ഈ മതത്തെ വിട്ട് പോവുന്നുവെന്നാണ് 72 കാരിയായ പ്രെസ്ലെ വ്യക്തമാക്കിയിരിക്കുന്നത്.

തനിക്കീ വിശ്വാസം മതിയായെന്നും അതിനാൽ ഇതിൽ നിന്നും വിട്ട് പോകുന്നുവെന്നുമാണ് അടുത്തിടെ സിംഗർ ടോം ജോൺസുമായി ഡേറ്റിങ് തുടങ്ങിയ പ്രെസ്ലെ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഭർത്താവായിരുന്ന എൽവിസിന്റെ മരണശേഷം 1977ലായിരുന്നു ഇവർ സയന്റോളജിയുടെ വിശ്വാസിയായിത്തീർന്നിരുന്നത്. തന്റെ മകളായ ലിസ മാരിയെ ഈ വിശ്വാസ പ്രകാരമായിരുന്നു പ്രെസ്ലെ വളർത്തിയത്. എന്നാൽ ലിസ 2014ൽ തന്നെ സയന്റോളജിയെ വിട്ട് പോയിരുന്നു. സയൻസ് ഫിക്ഷൻ എഴുത്തുകാരനായ എൽ. റോൻ ഹബാർഡ് ആണ് 1955ൽ സയന്റോളജി സ്ഥാപിച്ചിരുന്നത്. ഇതിനെ തുടർന്ന് വർഷങ്ങളോളം വൻ വിവാദങ്ങൾ ഉയർന്ന് വരുകയും ചെയ്തിരുന്നു.

ടോപ് ഗൺ സ്റ്റാറായ ക്രൂയിസിന്റെ മുൻ ഭാര്യമാരായിരുന്ന കാത്തി ഹോംസും നിക്കോള കിഡ്മാനും സയന്റോളജി വിട്ട് പോയ പ്രമുഖരിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ നടിയായ ഡെമി മൂറെയും ഫിലിംമെയ്‌ക്കർ പോൾ ഹാഗിസും ഈ മതം വിട്ട് പോയിരുന്നു. ഹാഗിസ് ഇതിനെ ഒരു ഈവിൾ കൾട്ട് എന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്തിരുന്നു. സയന്റോളജിസ്റ്റുകൾ സ്വയം ഒരു ' ഓഡിറ്റിങ്' പ്രക്രിയക്ക് വിധേയരാകാറുണ്ട്. ഇതിന്റെ ഭാഗമായി അവരോട് തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഇതിന്റെ ഭാഗമായി അവരോട് അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ചും ചോദിക്കാറുണ്ട്.

ഇത്തരം വിവരങ്ങൾ ദുരുപയോഗിച്ച് തങ്ങളെ ബ്ലാക്ക്മെയിലിംഗിന് വിധേയരാക്കിയിരുന്നുവെന്ന് സയന്റോളജിയിലെ മുൻ അംഗങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളെ തടവുകാരായി മാറ്റിയെന്ന ആരോപണം മറ്റ് ചില അംഗങ്ങൾ ഉന്നയിച്ചതും സയന്റോളജിക്ക് തിരിച്ചടിയായിത്തീർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുടുംബത്തിൽ നിന്നും വേർപെടുത്തി കഠിനമായ ജോലികൾ ചെയ്യിച്ചുവെന്നും അവർ ആരോപിക്കുന്നു. സയന്റോളജി യെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്ത ബ്രിട്ടീഷ് ഫിലിം മെയ്ക്കർ ലൂയീസ് തെറൗക്സ് ഇതിന് പുറകിലെ ഞെട്ടിപ്പിക്കുന്ന വസ്തുതകൾ വെളിച്ചത്തുകൊണ്ട് വന്നിരുന്നു.