നിമിഷങ്ങൾക്കൊണ്ട് നിരവധി രാജ്യങ്ങൾ ഒറ്റയടിക്കു നശിപ്പിക്കാൻ കഴിയുന്ന സാത്താൻ 2 എന്ന അണുബോംബ് വാഹിനി പരീക്ഷിച്ചു വിജയിച്ച് റഷ്യ. ഇക്കാര്യം റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. പ്ലെസ്‌ടെക് കോസ്‌മോഡ്രോം എന്ന സ്ഥലത്തു നിന്നുമാണ് ആർ.എസ്. 28 എന്ന പേരിലും അറിയപ്പെടുന്ന സാത്താൻ എന്ന ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപിച്ചത്. 3600 കിലോമീറ്റർ അകലെയുള്ള കുറ ടെസ്റ്റ് റേഞ്ചിലാണ് അണുബോംബ് വാഹിനി പതിച്ചത്. മൂന്ന് സമുദ്രാന്തർവാഹിനികളിലൂടെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ടെസ്റ്റുകളും വിജയിച്ചു.

ഇതിൽ രണ്ടെണ്ണം നോർത്തുകൊറിയയ്ക്ക് അടുത്തുള്ള ഒഖോട്ക് കടലിലും ഒന്ന് ആർടിക് സമുദ്രത്തിലെ ബാരെന്റ്‌സ് കടലിലുമാണ് പതിച്ചത്. സെക്കൻഡിൽ ഏഴു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സാത്താൻ -2, 2019-2020 കാലഘട്ടത്തോടെ റഷ്യൻ സേനയുടെ ഭാഗമാകും. 40 മെഗാടൺ ആണവ പോർമുനകൾ വഹിക്കാൻ ഈ മിസൈലിനു കഴിയും.

രണ്ടാം ലോകമഹാ യുദ്ധ കാലത്ത് യു.എസ്. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ഉപയോഗിച്ച ആറ്റംബോംബിനെക്കാൾ 2000 മടങ്ങ് പ്രഹര ശേഷിയാണ് സാത്താൻ 2വിന്റെ വരവ്. ബ്രിട്ടൻ, ഫ്രാൻസ് അല്ലെങ്കിൽ യു.എസിലെ ടെക്സാസിനെ ചുട്ടുചാമ്പലാക്കാൻ സാത്താൻ 2നു കഴിയുമെന്നാണു റഷ്യയുടെ വാദം. 42 ലക്ഷം കോടി രൂപയാണ് 2009 ൽ മുടങ്ങിപ്പോയ സാത്താൻ 2 വിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി റഷ്യ മുടക്കിയത്.