തെരേസ മേയുടെ കാബിനറ്റിൽ നിന്നും പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം രാജി വച്ച് പോകേണ്ടുന്ന ദുരവസ്ഥ തുടരാനുള്ള സാധ്യത വർധിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് പ്രകാരം മൈക്കൽ ഫാലനും പ്രീതി പട്ടേലിനും പുറകെ ബ്രക്സിറ്റ് സെക്രട്ടരി ഡേവിഡ് ഡേവിസും ഇപ്പോൾ രാജിയുടെ വക്കിലാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് അയച്ച നിർണായകമായ കത്തിലാണ് ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസനും എൻവയോൺമെന്റ് സെക്രട്ടറി മൈക്കൽ ഗോവും ഡേവിസിനെ ഒതുക്കണമെന്നുള്ള സൂചന നൽകിയിരിക്കുന്നത്.

യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെട്ട് പോകുന്ന യുകെയെ 'ടാക്സ് ഹെവൻ' അഥവാ യൂറോപ്പിലെ സിംഗപ്പൂർ ആക്കണമെന്നാണ് മിക്ക ബ്രക്സിറ്റർമാരുടെയും ആഗ്രഹമെന്നും അതിന് ഡേവിസിനെ മാറ്റണമെന്നുമാണ് ഇവർ സൂചന നൽകിയിരിക്കുന്നത്. ഡീലൊന്നുമില്ലാതെ ബ്രക്സിറ്റ് സംജാതമാകുന്ന അവസരത്തിൽ അതിനെ നേരിടുന്നതിനായി പര്യാപ്തമായ സാമ്പത്തിക പദ്ധതികൾ തയ്യാറാക്കുന്നതിൽ ചാൻസലർ ഫിലിപ്പ് ഹാമണ്ട് പരാജയപ്പെട്ടുവെന്നും ഈ കത്തിൽ അവർ വിമർശനം ഉയർത്തിയിട്ടുണ്ട്. ബ്രക്സിറ്റിന് ശേഷം യുകെയെ എത്തരത്തിൽ മാറ്റി മറിക്കണമെന്നുള്ള ബോറിസിന്റെയും ഗോവിന്റെയും മറ്റ് പ്രമുഖ ബ്രെക്സിറ്റർമാരുടെയും ബ്ലൂ പ്രിന്റാണീ കത്തെന്ന വിലയിരുത്തലുമുണ്ട്.

ഈ കത്ത് കുറച്ച് മുമ്പ് തന്നെ ഇവർ അയച്ചിരുന്നുവെങ്കിലും ഇത് കഴിഞ്ഞ ഞായറാഴ്ച ഡെയിലി മെയിൽ വെളിപ്പെടുത്തുന്നത് വരെ ഡേവിസ് അടക്കമുള്ള കാബിനറ്റിലെ മറ്റുള്ളവർ ഈ നിർണായകമായ കത്തിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇതിനായി ഇനിയുള്ള ബ്രക്സിറ്റ് നടപടികൾ മുന്നോട്ട് കൊണ്ട് പോകുന്നതിനായി ഡേവിസിന് പകരം തെരഞ്ഞെടുക്കപ്പെടാത്ത ഒരു ശക്തനായ നേതാവിനെ ചുമതല ഏൽപ്പിക്കണമെന്ന സൂചന ഈ കത്തിലൂടെ തെരേസയ്ക്ക് നൽകിയിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാൽ തനിക്കെതിരെ ഇത്തരമൊരു കത്ത് ബോറിസും ഗോവും തെരേസയ്ക്ക് നൽകിയതിൽ ഡേവിസ് വളരെ ആശങ്കാകുലനാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫായ ഗാവിൻ ബാർവെലിന് നൽകിയ ഈ കത്തിന്റെ ഒരു കോപ്പി പോലും നൽകാതെ നമ്പർ 10 ഡേവിസിനെ അപമാനിച്ചുവെന്ന ആരോപണവും ശക്തമാണ്. ബ്രക്സിറ്റിന് ശേഷം നികുതികളും ചുവപ്പ് നാടയും ഇല്ലാതാക്കി യുകെയെ യൂറോപ്പിലെ സിംഗപ്പൂരാക്കണമെന്ന് ചില ബ്രക്സിറ്റർമാർ ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്നാണ് ഈ കത്തിലൂടെ ബോറിസും ഗോവും തെരേസയ്ക്ക് സൂചന നൽകിയിരിക്കുന്നത്. ഇതിന് പുറമെ ബ്രെക്സിറ്റ് ചർച്ച പൂർണമായും അലസിപ്പിരിഞ്ഞാലുണ്ടാകുന്നപ്രത്യാഘാതങ്ങളെ നേരിടാൻ യുകെയെ സജ്ജമാക്കാനും അവർ തെരേസയോട് നിർദേശിക്കുന്നുണ്ട്. തങ്ങൾ കടുത്ത ബ്രക്സിറ്റ് നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് തെളിയിക്കാൻ എല്ലാ കാബിനറ്റ് മിനിസ്റ്റർമാരോടും ആവശ്യപ്പെടാൻ ഈ കത്തിലൂടെ അവർ തെരേസയെ നിർബന്ധിക്കുന്നുമുണ്ട്.