കയ്‌റോ: ഈജിപ്തിലെ മോസ്‌കിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 235 പേരാണെന്നു സ്ഥിരീകരണം. 109 പേർക്കു പരുക്കേറ്റതായും ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. വടക്കൻ സിനായിൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിലും വെടിവയ്പിലും നാൽപതോളം ഭീകരർ പങ്കാളിയായെന്നാണ് കണക്ക് കൂട്ടൽ.

ഇവർക്കു വേണ്ടി സൈന്യവും പൊലീസും തിരച്ചിൽ ശക്തമാക്കി. ഭീകരാക്രമണമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2011ൽ പ്രസിഡന്റ് ഹുസ്‌നി മുബാറക് ജനകീയ പ്രക്ഷോഭത്തിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം മേഖലയിൽ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന ഐഎസ് തന്നെയാവും ഇതിനു പിന്നിലുന്നാണ് വിലയിരുത്തൽ. സംഭവത്തെത്തുടർന്ന് കയ്‌റോ രാജ്യാന്തര വിമാനത്താവളത്തിലടക്കം രാജ്യമെമ്പാടും സുരക്ഷ കർശനമാക്കി.

ഇസ്ലാമിക തീവ്രവാദികൾ മോസ്‌കിൽ നടത്തിയ ആക്രമണം ലോകത്തെ ആകെ ഞെട്ടിച്ചിട്ടുണ്ട്. ആക്രമത്തെ തുടർന്ന് അടിയന്തര യോഗം വിളിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അൽ സിസി മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഭീകരർക്ക് സൈന്യം 'അതിഭീകര' തിരിച്ചടി നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. പള്ളിയുടെ പരിസര പ്രദേശങ്ങളിൽ വ്യോമസേന കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. പർവതമേഖലകൾ കേന്ദ്രീകരിച്ചാണ് വ്യോമാക്രമണം. ചിതറിയോടിയ ഭീകരർക്ക് അഭയം നൽകില്ലെന്ന് സമീപ ഗ്രാമവാസികളും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ കെയ്‌റോ യുദ്ധസമാനമായ അവസ്ഥയിലേക്ക് മാറുകയാണ്.

ഇസ്രയേൽ ഫലസ്തീൻ അതിർത്തി മേഖലയായ ബിൽ അൽ അബ്ദ് പട്ടണത്തിലെ അൽ റൗദ മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയുടെ സമയത്തു സ്‌ഫോടനം നടത്തിയ ശേഷം പിന്നാലെ നാലു വാഹനങ്ങളിലെത്തിയ അക്രമികൾ ശേഷിച്ചവർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. നിയന്ത്രിത സംവിധാനം (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം.

പള്ളിക്കു ചുറ്റിലുമായി വാഹനങ്ങളിൽ നിലയുറപ്പിച്ച ഭീകരർ സ്‌ഫോടനത്തിൽ രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയവർക്ക് നേരേയും നേരെ വെടിയുതിർത്തുു. പരുക്കേറ്റവരുമായി പോകുകയായിരുന്ന ആംബുലൻസുകൾക്കു നേരെയും രണ്ടു സംഘം ആക്രമണം നടത്തി. സ്‌ഫോടനത്തിൽ പള്ളിക്കും കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇസ്ലാമിക തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് ഈജിപ്ത് ആരോപിക്കുന്നു.

ഭീകരാക്രമണത്തിൽ ഇന്ത്യയും യുഎസും ഇസ്രയേലും ഉൾപ്പെടെ അനുശോചനം അറിയിച്ചു. സംഭവത്തെ അപലപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത്തരം അക്രമങ്ങൾ ഭീകരമാണെന്നും അതേസമയം ഭീരുത്വം നിറഞ്ഞതാണെന്നും ട്വീറ്റ് ചെയ്തു. ഭീകരവാദത്തെ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സൈനിക നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ രാജ്യാന്തര തലത്തിൽ കൂട്ടായ്മയുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതോടെ ആഗോളതലത്തിൽ ഭീകര വിരുദ്ധ നീക്കങ്ങൾക്ക് കരുത്ത് പകരുകയാണ്. ഐഎസിനെതിരായ നീക്കങ്ങൾ കൂടുതൽ സജീവമാകും.

രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമെന്നാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തലസ്ഥാന നഗരമായ സീനായിൽ നിന്ന് 40 കിലോമീറ്റർ മാറി ബിർ അൽ അബെദ് നഗരത്തിലുള്ള അൽ റവ്ദ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നാണ് നിഗമനം. പള്ളിക്കു സമീപം സ്‌ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് ഭീകരർ ആരാധനയ്‌ക്കെത്തിയവർക്ക് നേരെ നിറയൊഴിച്ചത്. . സിനായ് പ്രവിശ്യയുടെ തലസ്ഥാനമായ അൽ ആരിഷിൽ നിന്ന് 25 മൈൽ അകലെയുള്ള സ്ഥലമാണ് ആക്രമണം നടന്ന ബിർ അൽ അബെദ്. ആക്രണത്തിൽ പരിക്കേറ്റവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സൂഫികൾക്കു പ്രാധാന്യമുള്ള സ്ഥലത്താണ് ആക്രമണം നടന്നത് എന്നു റിപ്പോർട്ട് ഉണ്ട്. ഇതിനു മുമ്പ് സീനായി ഉൾപ്പെടെയുള്ള ഈജിപ്ത്തിന്റെ മറ്റു പ്രദേശങ്ങളിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിൽ 100 അധികം പേർ കൊല്ലപ്പെട്ടിരുന്നു. 2013 മുതൽ ഈജിപ്ത് ഭീകരവാദത്തിന്റെ പിടിയിലാണ്. നിരവധി ഭീകരാക്രമണങ്ങൾ രാജ്യത്തുടനീളം സംഭവിച്ചിട്ടുണ്ട്. 2013 ൽ ഇസ്ലാമിസ്റ്റ് നേതാവായിരുന്ന മൊഹമ്മദ് മുർസിയെ സൈന്യം അട്ടിമറിയിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് ഭീകരവാദം ശക്തിപ്പെട്ടത്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരരാണ് പല ആക്രമണങ്ങൾക്കും പിന്നിലുള്ളത്. നൂറുകണക്കിന് ആളുകളാണ് ഇതുവരെ ഈജിപ്തിൽ ഭീകരാക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്.