പകീർത്തികരവും മതസ്പർധ വളർത്തുന്നതുമായ കാര്യങ്ങൾ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്നതു തടയാൻ ഗൂഗിൾ 10,000 സ്റ്റാഫുകളെ നിയമിക്കുന്നു. യൂട്യൂബ് സിഇഒ ആയ സൂസൻ വോജിസ്‌കി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ, ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ ആയ വീഡിയോകൾ കണ്ടെത്തി തടയുകയാകും ഇവരുടെ ജോലി. ഇത്തരം മോശം പ്രചരങ്ങൾ അടങ്ങുന്ന നിരവധി ഉള്ളടക്കങ്ങളാണ് യൂട്യൂബ് വഴി ഓരോ നിമിഷവും പ്രചരിക്കുന്നത്.

ലോകത്തു നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും നിരവധി തെറ്റായ വാർത്തകളാണ് യൂട്യൂബ് വഴി പ്രചരിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അടക്കമുള്ളവർ ഇന്റർനെറ്റ് ഭീകരന്മാർക്കെതിരെ രംഗത്തെത്തുകയും ഇവ നീക്കം ചെയ്യാനും അത്തരത്തിലുള്ളവ തടയണമെന്നു ഗൂഗിളിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് 10,000 സ്റ്റാഫുകളെ നിയമിക്കുവാനുള്ള തീരുമാനം ഗൂഗിൾ കൈക്കൊണ്ടത്.

തീവ്രവാദപരമായ വീഡിയോകൾ തിരിച്ചറിയുന്നതിനായി തന്റെ കമ്പനി 'കമ്പ്യൂട്ടർ ലേർണിങ് ടെനോളജി' വികസിപ്പിച്ചിട്ടുണ്ടെന്നും, അത് കുട്ടികൾക്ക് ഹാനീകരമായവ കണ്ടെത്തുന്നതിനും സഹായകമാകുമെന്നും സൂസൻ വോജിസ്‌കി പറഞ്ഞു. തുടർന്ന് കഴിഞ്ഞയാഴ്ച കുട്ടികളുടെ 150,000 വീഡിയോകളാണ് നീക്കം ചെയ്തത്. യൂട്യൂബ് കാഴ്ചക്കാർ പോസ്റ്റ് ചെയ്ത ആഭാസകരമായ കമന്റുകളായിരുന്നു നീക്കം ചെയ്യുവാൻ കാരണം.

പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ കുട്ടികളുടെയും കൗമാരക്കാരുടെയും വീഡിയോകളുടെയൊപ്പം കാണിക്കുന്നുണ്ടെന്നും അതു കാണുന്നവർ കുട്ടികളോടുള്ള ലൈംഗികപരമായ കമന്റുകൾ ചേർക്കുന്നുണ്ടെന്നും ഒരു ബ്രിട്ടീഷ് ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞവാരം വീഡിയോകൾ നീക്കം ചെയ്തത്.

ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നവരെ മുഴുവൻ കണ്ടെത്തുവാൻ 2018 ഓടെയാണ് 10,000 പേരെ നിയമിക്കുകയെന്ന് സൂസൻ വോജിസ്‌കി പറഞ്ഞു. ബ്രിട്ടീഷ് ദിനപത്രമായ ടെലഗ്രാഫിനോടായിരുന്നു സൂസൺ വൊജിസ്‌കിയുടെ വെളിപ്പെടുത്തൽ.