ദുബായ്: 46-മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിെന്റ ഭാഗമായി ദുബായ് കെ.എം.സി.സി ഒരു മാസമായി നടത്തിവരുന്ന ആഘോഷ പരിപാടികൾക്ക് ഡിസംബർ 8ന് പരിസമാപ്തിയാകും. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് അവസാനിക്കുമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രക്തദാന കേമ്പ്, സ്പോർട്സ് മീറ്റ്,കലാ സാഹിത്യ മത്സരം, വനിതാ വിഭാഗം സംഘടിപ്പിച്ച കുക്കറി ഷോ തുടങ്ങിയ വൈവിധ്യമാർന്ന നിരവധി പരിപാടികൾ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. രാജ്യത്തിന് വേണ്ടി ജീവാർപ്പണം നടത്തിയ രക്തസാക്ഷികളുടെ ഓർമക്കായി യു.എ.ഇ ഗവ: പ്രഖ്യാപിച്ച രക്തസാക്ഷി ദിനാചരണം വിപുലമായി ആചരിക്കുകയും ചെയ്തു.

പ്രവാസികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പികുന്നതിന് സഹായമാവുന്നവിധം ഏറ്റവും മികവുറ്റ നിലയിലാണ് സർഗോൽസവം എന്ന പേരിൽ കലാ സാഹിത്യ മത്സരങ്ങൾ നടത്തിയത്.ദുബൈ പൊലീസുമായി ചേർന്ന് ഫിറ്റ്‌നസ് ചാലഞ്ച് പ്രോഗ്രാമും നടത്തി. ദുബൈ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്ലീൻ അപ്പ് ദി വേൾഡ് ശുചീകരണ പരിപാടിയിൽ ആയിരങ്ങളെ അണിനിരത്തി അധികൃതരുടെ പ്രശംസ പിടിച്ചുപറ്റാനും കഴിഞ്ഞു.

ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഹിസ് എക്‌സലൻസി വിപുൽ , പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി , ഗൾഫാർ മുഹമ്മദാലി,എം.എ സലിം,നാഷണൽ യൂത്ത് ലീഗ് ജന:സെക്രട്ടറി സി.കെ സുബൈർ തുടങ്ങി കെ.എം.സി.സി കേന്ദ്ര സംസ്ഥാന കമ്മിറ്റി നേതാക്കളും അറബ് പ്രമുഖരും , സാമൂഹ്യ സാംസ്കാരിക വ്യവസയ രംഗത്തെ ശ്രദ്ദേയ വ്യക്തിത്വങ്ങളും പങ്കെടുക്കും.

ദുബായ് കെ.എം.സി.സിയുടെ ഈ വർഷത്തെ ബിസിനസ്സ് പെഴ്‌സണാലിറ്റി ഓഫ് ദി ഇയർ-2017 അവാർഡ് സഹീർ സ്റ്റോറീസ്(ബ്രോനെറ്റ് ഗ്രൂപ്പ്), ഹ്യൂമൺ വെൽഫയർ അവാർഡ് മുസ്തഫ അൽ ഖത്താൽ,ബിസിനസ്സ് എക്‌സലൻസി അവാർഡ് നിയാസ് കണ്ണേത്ത്(അവീർ അൽ നൂർ പോളി ക്ലീനിക്),ഇന്നവേറ്റീവ് ബിസിനസ്സ് പെഴ്‌സണാലിറ്റി അവാർഡ് റഫീഖ് എ.ടി (ടെലിവീസ് ഗ്രൂപ്പ്- സ്‌പെയ്ൻ),യന്ഗ് എന്റെർപ്രിണർ അവാർഡ് ഷിയാസ് സുലത്താൻ (അൽ മുസറാത്ത് ഗ്രൂപ്പ്) എന്നിവർക്ക് നൽകും.

ഗൾഫിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് പി.പി ശശീന്ദ്രൻ(മാതൃഭൂമി),അരുൺ കുമാർ(ഏഷ്യനെറ്റ്),ഫസലു(ഹിറ്റ് എഫ്.എം റേഡിയോ), റഫീഖ് കരുവംപോയിൽ(ജീവൻ ടിവി ക്യാമറ മാൻ )എന്നിവരെയും തെരഞ്ഞെടുത്തതായും ദുബായ് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

വർണ ശബളമായ ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് ഇശൽ നൈറ്റും അരങ്ങേറും, പ്രശസ്ത ഗായകരായ എം.എ. ഗഫൂർ,നവാസ് പാലേരി,ടെലിവിഷൻ റിയാലിറ്റി ഷോ താരങ്ങളായ ഹംദ നൗഷാദ്,മുഹമ്മദ് ഷൻവർ,റബീഉള്ള എന്നിവർ ഗാനങ്ങളാലപിക്കും. ദുബൈ കെ.എം.സി.സി കലാകാരന്മാർ അവതരിപ്പിക്കുന്ന കോൽക്കളി,അറബന മുട്ട്,കുട്ടികളുടെ അറബി ഡാൻസ്,ഒപ്പന എന്നിവ അരങ്ങേറും. കൂടാതെ ഡോ: സുബൈർ അനിയിചോരുക്കുന്ന ഇന്റർനാഷണൽ ഫാൽക്കൻ ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടാകുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ അഡ്വ:സാജിദ് അബൂബക്കർ അറിയിച്ചു.