തിരുവനന്തപുരം: കേരളത്തിൽ ഇടതു സർക്കാർ മോദി സ്‌റ്റൈൽ ജനവിരുദ്ധ ഓർഡിനൻസ് ഭരണമാണ് നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഓർഡിനൻസ് എന്ന പേരിൽ കേരള സർക്കാർ ഇറക്കിയ ഓർഡിനൻസ് പഞ്ചായത്ത് രാജ് ആക്ട്, ചുമട്ടുതൊഴിലാളി നിയമം, നഗരപാലികാ നിയമം, ഭൂജല നിയമം, സിംഗിൾ വിൻഡോ ക്ലിയറൻസ് ആക്ട് തുടങ്ങി ഏഴ് നിയമങ്ങൾ ഭേദഗതി ചെയ്യുന്നതാണ്.

അധികാര വികേന്ദ്രീകരണത്തിന്റെ അന്തസ്സത്ത തകർക്കുന്ന നീക്കമാണ് വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള ലൈസൻസ് ജനങ്ങൾ തെരഞ്ഞെടുത്ത പഞ്ചായത്ത് സമിതിയിൽ നിന്ന് ഉദ്യോഗസ്ഥരിലേക്ക് മാറ്റിയത്. ഭരണഘടനയുടെ ലംഘനം കൂടിയാണിത്. ഇടതുപക്ഷം തന്നെ ഒരു കാലത്ത് വാദിച്ച ജനകീയാസൂത്രണ സങ്കൽപത്തെയാണ്, നിയമസഭയിൽ പോലും ചർച്ചക്ക് വെക്കാതെ ഓർഡിനൻസിറക്കി അട്ടിമറിക്കുന്നത്.

മോദിയുടെ ഓർഡിനൻസ് രാജ് പോലെ ജനാധിപത്യ വിരുദ്ധമാണ് പിണറായിയുടെ ഓർഡിനൻസ് രാജും. കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളെ നിർവീര്യമാക്കുന്നതിന്് സമാനമായ രീതിയിലാണ് സംസ്ഥാന സർക്കാർ പ്രാദേശിക സർക്കാരുകളുടെ അധികാരത്തെ കൈയടക്കുന്നത്. ജനങ്ങളിൽ നിന്നും അകന്ന, ഉപദേശികളുടെ തടവറയിൽ കഴിയുന്ന കേരള മുഖ്യമന്ത്രി മാഫിയകൾക്ക് വേണ്ടിയാണ് ഭരിക്കുന്നത്. കേരള സർക്കാറിന്റെ ഭരരണഘനാ വിരുദ്ധ നീക്കങ്ങൾക്കെതിരെ ജനാധിപത്യ പ്രക്ഷോഭങ്ങളും നിയമ നടപടികളുമായി വെൽഫെയർ പാർട്ടി പോരാട്ടം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.