തിരുവനന്തപുരം: ചലച്ചിത്രത്തെ ദൃശ്യ ശ്രവ്യ കലയുടെ മേഖലയിൽനിന്ന് നിരൂപണം ചെയ്തിരിക്കുന്ന 'റീഡിങ് സിനിമ : തിയറീസ് ആൻഡ് ടെക്നിക്സ്' എന്ന ആധികാരിക പുസ്തകം 22-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്തു. പ്രസാധകരായ ബ്ലൂംസ്ബറി പുറത്തിറക്കിയ പുസ്തത്തിന്റെ ഒരു പകർപ്പ് സർവകലാശാല അദ്ധ്യാപികയായ ഡോ ജി എസ് ജയശ്രീയ്ക്ക് കൈമാറിക്കൊണ്ട് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഔദ്യോഗികമായി നിർവഹിച്ചു.

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപികയായ ആര്യ അയ്യപ്പനും, ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഋഎഘഡ) വിൽ പി എച് ഡി വിദ്യാർത്ഥിയായ രാജരാജേശ്വരി അശോകും ചേർന്ന് രചിച്ച 'റീഡിങ് സിനിമ : തിയറീസ് ആൻഡ് ടെക്നിക്സ്' സാംസ്‌കാരിക പഠനത്തിന്റെ കാഴ്ചപ്പാടിൽ നിന്നുമാണ് ചലച്ചിത്രത്തെ നോക്കികാണുന്നത്.

ചലച്ചിത്രത്തെ ആഴത്തിൽ മനസ്സിലാക്കുവാൻ സഹായകമാകുന്ന പുസ്തകം അനുബന്ധ ഉദാഹരണങ്ങൾ നൽകികൊണ്ട് വായനാ സൗഹൃദമാകുന്നു. ചലച്ചിത്രത്തെ ദൃശ്യ ശ്രവ്യ മാതൃകയിൽ അറിയാൻ ശ്രമിക്കുന്ന എല്ലാവരിലേക്കും എത്തിച്ചേരാൻ ഈ കൃതിക്ക് സാധിക്കും . കൂടാതെ, ചരിത്രത്തെയും സാങ്കേതിക വികസനങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് വായനക്കാരന് സമഗ്രമായ വീക്ഷണം സമ്മാനിക്കുന്നതിലും പുസ്തകം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.