ലണ്ടൻ: ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നാണെന്ന് പറഞ്ഞ് ബ്രിട്ടൻ മിക്കപ്പോഴും മേനി നടിക്കാറുണ്ട്. എന്നാൽ ഇവിടെ വീടില്ലാതെ തെരുവുകളിൽ കഴിയാൻ വിധിക്കപ്പെട്ടവരുടെ എണ്ണം പെരുകുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഈ ക്രിസ്മസിന് യുകെയിലെ തെരുവിൽ അന്തിയുറങ്ങുന്നത് 18,000 പേരാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത്തരത്തിൽ വീടില്ലാതെ പെരുവഴിയിൽ ആയവരുടെ എണ്ണം പെരുകുന്നത് യുകെ എന്ന സമ്പന്ന രാജ്യത്തിന് കടുത്ത മാനക്കേടായി മാറിക്കൊണ്ടിരിക്കുകയുമാണ്.

വീടില്ലാത്തവർ ഇവിടുത്തെ തെരുവുകളിലെ ടെന്റുകൾ, കാറുകൾ, ട്രെയിനുകൾ, ബസുകൾ, തുടങ്ങിയവയിലാണ് അന്തിയുറങ്ങുന്നതെന്നും ഈ പ്രശ്നം പെരുകി വരുന്നുവെന്നുമാണ് രാജ്യത്തെ പ്രമുഖ ചാരിറ്റിയായ ക്രൈസിസ് മുന്നറിയിപ്പേകുന്നത്. നിലവിൽ കൃത്യമായി കണക്കാക്കിയാൽ 9100 പേരാണ് തെരുവിൽ ഹിഡൻ റഫ് സ്ലീപ്പേർസ് എന്ന കാറ്റഗറിയിൽ കഴിയുന്നത്. ഇതിന് പുറമെ മറ്റൊരു 9000 പേർ ' ഹിഡൻ ഹോംലെസ്' എന്ന കാറ്റഗറിയിൽ തെരുവിൽ ഉറങ്ങുന്നുണ്ട്. ടെന്റുകൾ, വാഹനങ്ങൾ, തുടങ്ങിയവയിൽ അന്തിയുറങ്ങുന്ന ഭവനരഹിതരാണിവർ.സപ്പോർട്ട് വർക്കർമാരുടെ കണ്ണിൽ ഇവർ പെടാൻ സാധ്യതയില്ലാത്തതിനാലാണ് ഹിഡൻ ഹോംലെസ് എന്നിവർ അറിയപ്പെടുന്നത്.

ഇതിന് പുറമെ 120,000 പേർ ഉത്സവകാലങ്ങളിൽ താൽക്കാലിക താമസസംവിധാനങ്ങളിലും കഴിയുന്നുണ്ട്. ഇത്തരത്തിൽ വർധിച്ച് വരുന്ന ഭവനരാഹിത്യത്തിനെ നേരിടാൻ ഒന്നും ചെയ്തില്ലെങ്കിൽ ' ഹിഡൻ ഹോംലെസ്' എന്ന വിഭാഗത്തിൽ പെടുന്നവരുടെ എണ്ണം അടുത്ത ദശാബ്ദത്തോടെ 47 ശതമാനം വർധിച്ച് 13,400ആയിത്തീരുമെന്നാാണ് പ്രവചനം. 2011ന് ശേഷം ഈ കാറ്റഗറിയിൽ വരുന്നവരുടെ എണ്ണത്തിൽ 57 ശതമാനം വർധനവുണ്ടായിരുന്നു.അതായത് 2011ൽ ഇവരുടെ എണ്ണം വെറും 5800 പേർ മാത്രമായിരുന്നു. ഹെറിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരാണ് ഇത് സംബന്ധിച്ച കണ്ടെത്തെലുകൾ നടത്തിയിരിക്കുന്നത്.

ടെന്റുകൾ, വാഹനങ്ങൾ, തുടങ്ങിയവയിൽ അന്തിയുറങ്ങുന്ന ഭവനരഹിതർ പലപ്പോഴും സപ്പോർട്ട് വർക്കർമാരുടെ കണ്ണിൽ പെടാറില്ലാത്തതിനാൽ അവർക്ക് താമസസ്ഥലം കണ്ടെത്താനോ, ഹെൽത്ത്കെയറിനോ ജോലിക്കോ സഹായം ലഭിക്കുന്നതിനുള്ള സാധ്യത കുറയുന്നു. ഇത്തരക്കാർ ഭവനരഹിതരുമായി കലഹങ്ങളും അടിപിടിയുമുണ്ടാകാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിൽ സഹായങ്ങൾ ലഭിക്കാൻ സാധ്യതയില്ലാത്ത വിധത്തിൽ മറഞ്ഞിരിക്കുന്നവർ കടുത്ത വെല്ലുവിളിയാണുയർത്തുന്നതെന്ന് ക്രൈസിസ് മുന്നറിയിപ്പേകുന്നു.

ചാരിറ്റിയുടെ ഷെൽട്ടറുകൾ ക്രിസ്മസ് സീസണിൽ 4500 പേർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ചാരിറ്റിയുടെ 11,000 വളണ്ടിയർമാർ ഈ അവസരത്തിൽ വീടില്ലാത്തവർക്ക് താമസസൗകര്യങ്ങളും ഭക്ഷണവും പ്രദാനം ചെയ്യാൻ തെരുവുകളിൽ ഇറങ്ങുകയും ചെയ്യും.