കൊച്ചി: ഓഖി ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഹെലികോപ്ടർ യാത്ര വിവാദമായിരിക്കുകയാണ്. 1982കളിൽ കേരളത്തിന് ഒരു ഹെലികോപ്ടർ വാങ്ങണമെന്ന മോഹം അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനുണ്ടായിരുന്നു. എന്നാൽ ഭരണം പോകുമോ എന്ന ഒരു പേടി കരുണാകരനുണ്ടായിരുന്നതിനാൽ ആ തീരുമാനത്തിൽ നിന്നും പിന്മാറി. അന്ന് കരുണാകരൻ റിസ്‌ക് എടുത്ത് ഹെലികോപ്ടർ വാങ്ങിയിരുന്നെങ്കിൽ ഇന്നത്തെ ഈ വിവാദങ്ങളൊക്കെ ഒഴിവാക്കാമായിരുന്നു എന്നാണ് അഡ്വക്കേറ്റ് ജയശങ്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

1982ൽ കർണാടക മുഖ്യമന്ത്രി ആർ ഗുണ്ടുറാവു സർക്കാർ ആവശ്യത്തിനായി ഒരു ഹെലികോപ്റ്റർ വാങ്ങി. അവിടത്തെ പ്രതിപക്ഷം അതിനെ എതിർത്തു. ഗുണ്ടുറാവു ഗൗനിച്ചില്ല. ' ഹെലികോപ്റ്ററിൽ പറക്കുന്നത് കർണാടക മുഖ്യമന്ത്രിയാണ്, വെറും ഗുണ്ടുറാവുവല്ല' എന്ന് വ്യക്തമാക്കി.

അതുകണ്ടപ്പോൾ അന്ന് കേരള മുഖ്യനായിരുന്ന കരുണാകരർജിക്കും ഒരു ഹെലികോപ്റ്റർ വേണമെന്നു തോന്നി. ഇടതുപക്ഷ പാർട്ടികൾ ഘോരമായി എതിർത്തു.

അപ്പോഴേക്കും വേറൊരു ദുരന്തമുണ്ടായി. 1983ആദ്യം നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു; ഗുണ്ടുറാവു തോറ്റു.

ഗുണ്ടുറാവു ഹെലികോപ്റ്ററിൽ പാറിപ്പറന്നതു കൊണ്ടാണ് കർണാടകം പോയതെന്ന് ചില വക്രബുദ്ധികൾ വ്യാഖ്യാനിച്ചു. ചുരുക്കിപ്പറഞ്ഞാൽ കരുണാകർജിയുടെ കോപ്ടർ മോഹം പൊലിഞ്ഞു. അതുകൊണ്ട് നാളിതുവരെ കേരള മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഹെലികോപ്റ്റർ ഇല്ല.

അന്ന് കണ്ണോത്ത് കരുണാകരൻ റിസ്‌ക് എടുത്ത് ഒരു ഹെലികോപ്റ്റർ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഈ ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദം ഉണ്ടാകുമായിരുന്നില്ല.