മടക്കി വച്ചാൽ ഫോണായും നിവർത്തി വച്ചാൽ ടാബ് ലറ്റായും ഉപയോഗിക്കാവുന്ന എൽജിയുടെ പുതിയ ഡിവൈസ് വരുന്നു. ആപ്പിളും സാംസങും പോലുള്ള പ്രമുഖ കമ്പനികൾ ഫോൾഡബിൾ സ്മാർട്ട് ഫോണിന് വേണ്ടി തലപുകയ്ക്കുമ്പോഴാണ് ഇത്തരത്തിലൊരു ഡിവൈസിന്റെ പേറ്റന്റിന് വേണ്ട എൽജി അപേക്ഷ നൽകിയിരിക്കുന്നത്.

ഫോണായും ടാബായും ഉപയോഗിക്കാവുന്ന കൈപിടിയിൽ ഒതുങ്ങുന്ന ഈ ഡിവൈസിന് ഇതുവരെ പേരൊന്നും ഇട്ടിട്ടില്ലെങ്കിലും ഇതിന്റെ ലേ ഔട്ട് തയ്യാറാക്കി പേറ്റെന്റിന് അപേക്ഷ നൽകിയിരിക്കുകയാണ് എൽജി. നേരത്തെ സാംസങും ആപ്പിളും ഇത്തര്തതിൽ ഒരു ഫോണിന്റെ പേറ്റെന്റിന് അപേക്ഷ നൽകിയിരുന്നു.

പേറ്റെന്റിന് അപേക്ഷിച്ചിരിക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത് രണ്ടായി മടക്കി വയ്ക്കാവുന്ന തരത്തിൽ മൊബൈൽ ഫോൺ മാതൃകയിലുള്ള ഒരു ഡിവൈസ് ആണ് ഇത്. നിവർത്തി വച്ചാൽ സുന്ദരമായ ഒരു ടാബ് ലറ്റായി ഇതു മാറുകയും ചെയ്യും.

ഇതിന് രണ്ട് ബാക്ക് കാമറകൾ ഉണ്ട്. മടക്കി കഴിഞ്ഞാൽ പ്രത്യക്ഷമാകുന്ന ഫ്രണ്ട് സ്‌ക്രീനിൽ ഡേറ്റും സമയവും അടക്കമുള്ള വിവരങ്ങൾ പ്രത്യക്ഷമാകും. സ്‌ക്രീനിൽ ടച്ച് ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷനുകൾ ചെക്ക് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

പേറ്റെന്റിന് സമർപ്പിച്ചിരിക്കുന്ന മറ്റൊരു മോഡലിൽ ഡിവൈസ് മടക്കുമ്പോൾ സ്‌ക്രീൻ സൈഡിലേക്ക് തെന്നി മാറുകയും അവിടെ ടൈമും ഡേറ്റും പ്രത്യക്ഷമാകുകയും ചെയ്യും. ടെക്ക് ഭീമന്മാരുടെ കൂട്ടത്തിലേക്കാണ് ഇതോടെ പേറ്റെന്റിന് അപേക്ഷ നൽകി എൽജിയും കാത്തിരിക്കുന്നത്.

എൽഇഡി സ്‌ക്രീൻ ഉള്ള ബുക്ക് രൂപത്തിലുള്ള ഹാൻഡ്‌സെറ്റ് വികസിപ്പിക്കാനാണ് സാംസങ് ഒരുങ്ങുന്നത്. ഈ വർഷം തന്നെ സാംസങിന്റെ ഫോൾഡബിൾ ഹാൻഡ് ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളും കഴിഞ്ഞ നവംബറിൽ ഇത്തരത്തിൽ ഒരു സ്മാർട്ട് ഫോണിന്റെ പേറ്റെന്റിന് വേണ്ടി അപേക്ഷ നൽകിയിരുന്നു.