കണ്ണൂർ: കണ്ണൂരിൽ രാഷ്ട്രീയ പകപോക്കലിന് ഇരയായി കൊല്ലപ്പെട്ട ശ്യാമപ്രസാദിന്റെ മരണം ഏറെ വേദനിപ്പിച്ചിരിക്കുകയാണ് ടോവിനോ തോമസിനെ. മായാനദിയുടെ ചിത്രീകരണത്തിനിടയിൽ ശ്യാമ പ്രസാദുമൊത്ത് എടുത്ത സെൽഫി പങ്കുവച്ചാണ് ടോവിനോ തന്റെ ദുഃഖം അറിയിച്ചത്.

മായാനദിയുടെ ഷൂട്ടിങ് സമയത്ത് ശ്യാമപ്രസാദുമായുള്ള സെൽഫി എടുത്തത് ഇപ്പോഴും ഓർക്കുന്നു. ആ ചെറുപ്പക്കാരൻ കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി. അതെന്റെ മനസ്സിനെ അലോസരപ്പെടുത്തുന്നതായും ടോവിനോ ഫേസ്‌ബുക്കിൽ കുറിച്ചു.

'ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ഈ യുവാവിന്റെ മരണ വാർത്ത എന്റെ ഉറക്കം കെടുത്തുന്നു. ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങിനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത്? മനുഷ്യന്റെ well being നു വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു.

ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്‌നേഹിച്ച് സന്തഷത്തോടെ ജീവിക്കുന്നത്'.

നേരത്തെ അനുജന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം ചെയ്യുന്ന പന്തലിൽ എത്തിയും ടോവിനോ ശ്രദ്ധ നേടിയിരുന്നു.