ഴിഞ്ഞ രണ്ടു മൂന്നു വർഷത്തിനുള്ളിൽ നാഗ്പൂരിലെ പാസ്‌പോർട്ട് - വിസാ റാക്കറ്റിന്റെ സഹായത്തോടെ അനേകം യുവാക്കൾ ബ്രിട്ടീഷ് വിസ നേടി യുകെയിലെത്തുകയും പിന്നീട് മുങ്ങുകയും ചെയ്തതായി റിപ്പോർട്ട്. ഏതാണ്ട് അൻപതിലധികം പേരെയാണ് ഇത്തരത്തിൽ കാണാതായിരിക്കുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഈ വിവരം നാഗ്പൂർ പൊലീസിനെ അറിയിച്ചത്.

ജോലികൾ നോക്കാനും മറ്റു ബിസിനസ് ആവശ്യങ്ങൾക്കുമാണെന്നാണ് ഇവരുടെ വിസാ ആപ്ലിക്കേഷനുകളിൽ രേഖപ്പടുത്തിയിട്ടുള്ളത്. വിസാ കാലാവധി കഴിഞ്ഞപ്പോൾ ബ്രിട്ടീഷ് അഥോറിറ്റി നടത്തിയ പരിശോധനയിലാണ് ഇവർ മുങ്ങിയതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഈ വിവരം നാഗ്പൂർ പൊലീസിനെ അറിയിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസായ സോംനാഥ് വാഗ്വറിനെ അന്വേഷണ ചുമതല ഏൽപ്പിക്കുകയും അദ്ദേഹം അഹമ്മദ്‌നഗറിലേക്ക് ട്രാൻസഫറായി പോകുന്നതിനു മുൻപ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിൽ പാസ്‌പോർട്ട് അനുവദിക്കുന്നതിനു മുൻപ് കൃത്യമായ പരിശോധന നടന്നിട്ടില്ലെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിനു നിരവധി തെളിവുകളും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള അനധികൃത പ്രവർത്തനങ്ങൾ നടത്തുന്ന പാസ്‌പോർട്ട് - വിസാ റാക്കറ്റാണ് ഇതിനു പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. എങ്കിലും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ബ്രിട്ടീഷ് ഹൈക്കമ്മീഷനും നാഗ്പൂർ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.