ലണ്ടൻ: യുകെയിൽ കുറ്റകൃത്യങ്ങൾ അനുദിനം വർധിച്ച് കൊണ്ടിരിക്കുകയും അതേ സമയം പൊലീസിനുള്ള ബജറ്റിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തുകയും ചെയ്തതിനെ തുടർന്നാണ് ബ്രിട്ടനിൽ ആദ്യത്തെ സ്വകാര്യ പൊലീസ് ഫോഴ്സായ ടിഎം ഐ ആരംഭിച്ചത്.ലണ്ടനിലും മാഞ്ചസ്റ്ററിലും എസെക്സിലും ഓഫീസുകൾ ഉള്ള ഈ സേന ഇപ്പോൾ ഇന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മുംബൈയിൽ ഓഫീസ് തുറക്കുകയുംചെയ്തിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് 400 കേസുകൾ തെളിയിച്ച പ്രവർത്തനമികവാണ് ഈ ഫോഴ്സിനുള്ളത്.

പൊലീസ് ഓഫീസർമാരുടെ എണ്ണം ചെലവ് ചുരുക്കലിന്റെ ഭാഗമായി വൻതോതിൽ വെട്ടിക്കുറച്ചതിനെ തുടർന്ന് സാധാരണ പൊലീസിന് മിക്ക കേസുകളും സമയത്തിന് അന്വേഷിക്കാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഏറ്റെടുത്ത എല്ലാ കേസുകളും ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിയിച്ച് ടിഎം ഐ മികവ് തെളിയിച്ചിരിക്കുന്നത്. മുൻ സ്‌കോട്ട്ലൻഡ് യാർഡ് സീനിയർ ഓഫീസർമാരാണീ സ്ഥാപനത്തിന് ചുക്കാൻ പിടിക്കുന്നത്.നിലവിൽ കൊലപാതകക്കുറ്റങ്ങൾ വരെ ഈ സ്വകാര്യ ഫോഴ്സ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

100 ശതമാനം കൺവിക്ഷൻ നിരക്കാണ് ഈ ഫോഴ്സിന്റെ ഇതു വരെയുള്ള പ്രവർത്തന റെക്കോർഡിലുള്ളത്. മറ്റേത് ഓർഗനൈസേഷനേക്കാളും പ്രൈവറ്റ് പ്രോസിക്യൂഷനുകൾ കൊണ്ടു വന്നുവെന്ന പ്രത്യേകതയും ഈ സേനക്കുണ്ട്. രാജ്യത്തെ ആദ്യത്തെ ഡീ-ഫാക്ടോ പ്രൈവറ്റ് പൊലീസ് ഫോഴ്സാണിത്. മൈ ലോക്കൽ ബോബി എന്ന പേരിലും അറിയപ്പെടുന്ന ഈ ഫോഴ്സ് പണക്കാർക്ക് അവരുടെ സ്ട്രീറ്റുകളിൽ പട്രോൾ നടത്തൽ തുടങ്ങിയ സേവനങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. ഇതിന് മാസത്തിൽ ഓരോ ഗാർഡിനും 200 പൗണ്ട് നൽകിയാൽ മതി.

നിലവിലെ സാഹചര്യത്തിൽ ജനത്തിന് ആവശ്യമായ സേനയാണിതെന്നാണ് ഇതിന്റെ കോ-ഫൗണ്ടറും മുൻ മെട്രൊപൊളിറ്റൻ പൊലീസ് കമാൻഡറുമായ ടോണി നാഷ് പറയുന്നത്.കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ ഈ സേന കൃത്യമായി പറഞ്ഞാൽ തട്ടിപ്പ് നടത്തിയവരും ഇന്റലക്ച്വൽ പ്രോപ്പർട്ടി മോഷ്ടിച്ചവരെയും മറ്റ് കേസുകളിലും ഉൾപ്പെട്ട 403 പ്രതികളെയാണ് പ്രോസിക്യൂഷന് വിധേയരാക്കിയിരിക്കുന്നത്. ഇവരിൽ 43 പേരെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.

സ്‌കോട്ട്ലൻഡ് യാർഡ്,ദി നാഷണൽ ക്രൈം ഏജൻസി, ജിസിഎച്ച്ക്യൂ എന്നിവയിൽ നിന്നുമുള്ള റിട്ടയേഡ് ഡിറ്റെക്ടീവുകളെയും സൈബർ-ക്രൈം എക്സ്പർട്ടുകളെയുമാണ് കമ്പനിയുടെ സേവനത്തിനായി നിയമിച്ചിരിക്കുന്നത്.കവർച്ച പോലുള്ള കേസുകൾ അന്വേഷിക്കുന്നതിനായി തങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് അപര്യാപ്തമാണെന്ന് പൊലീസ് ചീഫുമാർ സമ്മതിക്കുന്ന സാഹചര്യത്തിലാണ് പ്രൈവറ്റ് ഫോഴ്സ് വിജയകരമായി പ്രവർത്തിക്കുന്നതെന്നത് ശ്രദ്ധേയമാണ്.