കൊടും ശത്രുക്കളായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോൻഗ്-ഉന്നും സൗഹൃദത്തോടെ കൈകൾ ചേർത്ത് പിടിച്ച് ചിരിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയിരിക്കും...?ദക്ഷിണ കൊറിയയിലെ പ്യോൻചാൻഗിൽ വച്ച് നടക്കുന്ന വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് കാണാനെത്തിയവർക്ക് മുന്നിലാണ് ഇന്നലെ ഈ അപൂർവ ദൃശ്യം തെളിഞ്ഞിരിക്കുന്നത്. ലോകത്തിലെ പ്രമുഖ പത്രങ്ങളുടെയ മാധ്യമങ്ങളുടെയും പ്രതിനിധികൾക്ക് മുമ്പിലാണ് ലോക വൈരികൾ പരസ്പരം കൈ കൊടുത്തത്. തുടർന്ന് ഇവർ കൈകോർത്ത് പിടിച്ച് ആൾക്കൂട്ടത്തിനിടയിലേക്ക് നടക്കുകയും ഗൗരവം വിടാതെ കാണികൾക്ക് മുന്നിൽ പോസ് ചെയ്യുകയുമുണ്ടായി...!

വാർത്ത കാട്ടുതീ പോലെ പടർന്നപ്പോൾ നിരവധി പേരാണ് ഇവരെ കാണുന്നതിനായി ഓടിക്കൂടിയിരുന്നത്. എന്നാൽ ഇവർ ട്രംപിന്റെയും ഉന്നിന്റെയും രൂപസാദൃശ്യമുള്ളവരാണെന്ന് വെളിപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പൊക്കിയെടുത്ത് പുറത്തെറിയുകയും ചെയ്തു.ഇന്നലെ ഈ കോപ്രായങ്ങൾ നടക്കുമ്പോൾ 35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലെ വിഐപി ബോക്സിൽ യുഎസ് വൈസ് പ്രസിഡന്റും ഉന്നിന്റെ സഹോദരിയും അടക്കമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് പുറത്താക്കുന്നതിന് മുമ്പ് ഈ അപരന്മാരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ ആയിരക്കണക്കിന് പേരുടെ സെൽഫോണുകളാണ് ഒപ്പിയെടുത്ത് സോഷ്യൽ മീഡിയകളിലൂടെ ലോകമാകമാനം ഷെയർ ചെയ്യപ്പെട്ട് വൈറലായിത്തീർന്നിരിക്കുന്നത്.

പ്രസ് സീറ്റിങ് ഏരിയക്ക് മുന്നിലെത്തിയ ട്രംപിന്റെയയും ഉന്നിന്റെയും അപരന്മാരുടെ ഫോട്ടോഗ്രാഫുകൾ പകർത്താൻ മീഡിയ ഫോട്ടോഗ്രാഫർമാരും മത്സരിച്ചിരുന്നു. വ്യാജ ട്രംപ് യുഎസ്എ ബേസ് ബോൾ തൊപ്പി ധരിച്ചപ്പോൾ വ്യാജ ഉൻ കണ്ണടയും നീളമുള്ള കറുത്ത കോട്ടും ധരിച്ചിരുന്നു. ഇവർ യഥാർത്ഥത്തിൽ ട്രംപും ഉന്നും തന്നെയായിരുന്നുവെന്ന് വിശ്വസിച്ചിരുന്നവരേറെയായിരുന്നുവെന്നാണ് ഒരു ദൃക്സാക്ഷിവെളിപ്പെടുത്തുന്നത്. ഈ കൊമേഡിയന്മാർ ഏവരുടെയും മനം കവർന്നിരുന്നുവെന്നും ഒരു വേള ഒളിമ്പിക്സിനെത്തിയ അത്ലറ്റ്സുകളേക്കാൾ ശ്രദ്ധ ഇവർക്ക് ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

കടുത്ത ശത്രുതക്കിടയിലും സമാധാനം കണ്ടെത്താനാവുമെന്ന സന്ദേശം പകരാനാണ് തങ്ങൾ ഈ വേഷം കെട്ടിയതെന്ന് പിടിച്ച് പുറത്താക്കുന്നതിന് മുമ്പ് ഇവരിൽ ഒരാൾ ഒരു ഒഫീഷ്യലിനോട് വെളിപ്പെടുത്തിയിരുന്നു.വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ച് ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ശത്രുത അൽപനിമിഷമെങ്കിലും മറന്ന പ്രതീതി ഉടലെടുത്തിരുന്നു.

ചടങ്ങിലെ വേദിയിൽ വച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജായ് ഇന്നും ഉത്തരകൊറിയൻ നേതാവ് കിം ജോൻഗ് ഉന്നിന്റെ സഹോദരി കിം യോ ജോൻഗും തമ്മിൽ ചരിത്ര പ്രാധാന്യമേറിയ ഹസ്തദാനം നടത്തിയിരുന്നു.92 രാജ്യങ്ങളിൽ നിന്നുമുള്ള 3000ത്തിനടുത്ത് അത്ലറ്റുകളാണ് ഈ ഒളിമ്പിക്സിൽ പങ്കെടുക്കാെത്തുന്നത്.