ലണ്ടൻ: റൊമാനിയക്കാരനായ പുരുഷവേശ്യക്കൊപ്പം അന്തിയുറങ്ങിയെന്ന ആരോപണത്തിന് വിധേയനായ ലേബർ എംപിയും ഗോവൻ വംശജനുമായ കെയ്ത്ത് വാസ് വാർത്തകളിൽ നിറയുകയാണിപ്പോൾ. പ്രസ്തുത കേസിന്റെ അന്വേഷണത്തിൽ നിന്നും ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഒഴിഞ്ഞ് മാറി നടക്കുകയാണ് വാസ്. തുടർന്ന് ഡിസംബറിൽ വാസിനെതിരെയുള്ള ഇത് സംബന്ധിച്ച അന്വേഷണം നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ പോയി ഷൈൻ ചെയ്യാനോ സൗദിയിൽ പോയി ചർച്ച നടത്താനോ ഇദ്ദേഹത്തിന് രോഗം തടസമല്ലെന്ന വിമർശനവും ലെയ്സെസ്റ്റർ ഈസ്റ്റിനെ പ്രതിനിധീകരിക്കുന്ന വാസിനെതിരെ ഇപ്പോൾ ശക്തിപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി വാസ് അന്വേഷണം നേരിടാതെ തടിതപ്പിയെങ്കിലും 5000 മൈൽ സഞ്ചരിച്ച് ഇന്ത്യയിലേക്ക് പോകാനും സൗദിയിലേക്ക് ട്രിപ്പടിക്കാനും വാസിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ലെയ്സസ്റ്റർ ഈസ്റ്റിൽ വാസ് പുതിയ സ്വിമ്മിങ് പൂൾ അടുത്തിടെ തുറന്നിരുന്നു. ഇതിന് പുറമെ ഇവിടെ വിവിധ മീറ്റിംഗുകളിൽ അദ്ദേഹം സജീവവുമാണ്. കൂടാതെ ഒരു ഹൗസിങ് ഡെവലപറുമായി അടുത്തിടെ കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഒരു മ്യൂസിക് ഗിഗിലും വാസിന്റെ സാന്നിധ്യമുണ്ടായിരുന്നു.

പുരുഷവേശ്യക്കൊപ്പം വാസ് കഴിഞ്ഞുവെന്ന് 2016 സെപ്റ്റംബറിൽ നോർത്ത് വെസ്റ്റ് ലെയ്സെസ്റ്റർ എംപിയായ ആൻഡ്രൂ ബ്രിഡ്ഗെനായിരുന്നു പരാതി നൽകിയിരുന്നത്. തുടർന്ന് ഈ തെറ്റ് സമ്മതിച്ച വാസ് തന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുകയും കോമൺസ് ഹോം അഫയേർസ് കമ്മിറ്റി ചെയർമാൻ സ്ഥാനം 2016 ൽ തന്നെ രാജി വ്ക്കുകയും ചെയ്തിരുന്നു. കൊക്കെയിന് വേണ്ടി പണം തരാമെന്ന് റെന്റ് ബോയ്സിലൊരാളോട് വാസ് വാഗ്ദാനം ചെയ്യുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. സൺഡേ മിററിനായിരുന്നു ഈ വിവാദ ഫൂട്ടേജ് ലഭ്യമായിരുന്നത്.

ഇതിന് പുറമെ ലൈംഗികതയെ ത്വരിതപ്പെടുത്തുന്ന മരുന്നായ പോപ്പേർസ് ആവശ്യപ്പെട്ട് വാസ് എസ്‌കോർട്സിന് അയച്ചിരുന്ന ടെക്സ്റ്റ് മെസേജുകളും വെളിച്ചത്ത് വന്നിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള നോർത്ത് ലണ്ടൻ ഫ്ലാറ്റിൽ വച്ചായിരുന്നു ഇത് നടന്നത്. വാസിനെതിരെയുള്ള ഈ കേസിലെ അന്വേഷണങ്ങൾ സ്‌കോട്ട്ലൻഡ് യാർഡ് 2016 ഡിസംബറിൽ അവസാനിപ്പിച്ചിരുന്നു. ആരോഗ്യ പരമായ കാരണങ്ങളാൽ വാസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നുവെന്നാണ് ഇക്കഴിഞ്ഞ ഡിസംബറിൽ സ്റ്റാൻഡേർസ് കമമീഷണർ കാത്റീൻ ഹഡ്സൻ ഉയർത്തിക്കാട്ടിയിരുന്നത്.