ലാഗോസിൽ നിന്നുമെത്തി നൈജീരിയയിലെ അബുജ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ ഡാന എയർ വിമാനത്തിന്റെ എമർജൻസി ഡോർ അടർന്ന് വീണുവെന്ന് റിപ്പോർട്ട്. എന്നാൽ തങ്ങളുടെ വിമാനത്തിന്റെ തകരാറ് കൊണ്ടല്ല ഇത് സംഭവിച്ചതെന്നും മറിച്ച് യാത്രക്കാരിൽ ഒരാൾ വലിച്ച് തുറക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഡോർ ഇളകിപ്പോന്നതെന്നുമാണ് വിമാനക്കമ്പനി വിശദീകരണം നൽകിയിരിക്കുന്നത്. എന്നാൽ ഇത് ശക്തമായി നിഷേധിച്ച് യാത്രക്കാരും രംഗത്തെത്തിയിട്ടുണ്ട്. യാത്രയിലുടനീളം പ്രസ്തുത ഡോർ ഇളകുന്ന ശബ്ദം കേട്ടിരുന്നുവെന്നും അവസാനം ഡോർ ഇളകിപ്പോന്നത് കടുത്ത ആശങ്കയുയർത്തിയിരുന്നുവെന്നുമാണ് യാത്രക്കാർ വെളിപ്പെടുത്തുന്നത്.

എന്നാൽ ഒരു യാത്രക്കാരൻ മനഃപൂർവം ശ്രമിച്ചാലല്ലാതെ വിമാനത്തിന്റെ എമർജൻസി ഡോർ ഇളകി വരാൻ യാതൊരു സാധ്യതയുമില്ലെന്നാണ് എയർലൈൻ ആവർത്തിക്കുന്നത്. എന്നാൽ തങ്ങളാരും അതിന് ശ്രമിച്ചില്ലെന്ന് യാത്രക്കാരും വാദിക്കുന്നു. വിമാനം യാത്ര ചെയ്യുമ്പോൾ തന്നെ ഫ്ലോർ പാനലിൽ നിന്നും കമ്പനം അനുഭവപ്പെട്ടിരുന്നുവെന്നാണ് ലോഗോസിൽ നിന്നുമുള്ള യാത്രക്കാരാനായ ഡാപോ സാൻവോ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. എമർജൻസി ഡോറിനും നേരത്തെ ഇളക്കമുള്ളതായി തന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

വിമാനം നിലത്തിറങ്ങി അത് പാർക്ക് പോയിന്റിലേക്ക് ബാക്ക് എടുക്കുമ്പോഴായിരുന്നു കടുത്ത പൊട്ടിത്തെറിയോടെ എമർജൻസി ഡോർ ഇളകി വീണതെന്നും ഇത് ഭയാനകമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. യാത്രക്കാരൻ പിടിച്ച് വലിച്ചതിനെ തുടർന്നാണ് ഡോർ ഇളകി വീണതെന്നാണ് കാബിൻ ക്രൂ പറയുന്നതെന്നും എന്നാൽ ഇത് അസത്യമാണെന്നും മറ്റൊരു യാത്രക്കാരൻ പറയുന്നു. ഇളകാൻ തുടങ്ങിയഎക്സിറ്റ് ഡോറിന്റെ ചിത്രങ്ങളോ വീഡിയോകളോ എടുക്കാൻ കാബിൻ ക്രൂ തങ്ങളെ അനുവദിച്ചിരുന്നില്ലെന്നും ആ യാത്രക്കാരൻ പറയുന്നു. യാത്രയിലുടനീളം എമർജൻസി ഡോർ അസ്ഥിരമായിരുന്നുവെന്നാണ് ലാഗോസിൽ നിന്നുമുള്ള ഡോക്ടറായയ ഓല ബ്രൗൺ ഓർക്കുന്നത്.

പ്രഷറിനാൻ പിന്തുണയ്ക്കപ്പെട്ട പ്ലഗ് ടൈപ്പ് എമർജൻസി ഡോറുകളാണ് തങ്ങളുടെ വിമാനങ്ങളിലുള്ളതെന്നും യാത്രക്കാർ കടുത്ത സമ്മർദം പ്രയോഗിക്കാതെ ഇത് ഒരിക്കലും ഇളകിപ്പോകില്ലെന്നാണ് ഡാന എയർ ഒരു പ്രസ്താവനയിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്. തങ്ങളുടെ എൻജിനീയർമാരും നൈജീരിയൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയും ഈ വിമാനം പരിശോധിച്ചിരുന്നുവെന്നും വിമാനത്തിന് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും അതിന്റെ സുരക്ഷക്ക് ഭീഷണിയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എയർലൈൻസ് വിശദീകരിക്കുന്നു.