ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ വീണ്ടും കുട്ടി കുറ്റവാളിയുടെ തോക്ക് കൊണ്ടുള്ള അതിക്രമം. 19 പേരാണ് ആക്രമത്തിൽ മരിച്ചത്. അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫ്‌ളോറിഡയിലെ മാർദോറി സ്‌റ്റോമാൻ ഡഗ്‌ളസ് സ്‌കൂളിലാണ് ദുരന്തം ഉണ്ടായത്. പത്തൊമ്പതുകാരനാണ് തോക്കുമായെത്തി സ്‌കൂളിൽ അതിക്രമം കാട്ടിയത്.

ദുരന്തമുണ്ടായ സ്‌കൂളിലെ മുൻ വിദ്യാർത്ഥിയാണ് നിക്കോളാസ് ക്രൂസ്. എആർ 15 റൈഫിളുമായെത്തി കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഈ സ്‌കൂളിൽ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ക്രൂസിനെ പുറത്താക്കിയിരുന്നു. കുട്ടികൾക്ക് ഭീഷണിയാണെന്ന തിരിച്ചറിവിലാണ് ക്രൂസിനെ കഴിഞ്ഞ കൊല്ലം സ്‌കൂളിൽ നിന്ന് പുറത്താക്കിയത്. ക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു ക്രൂസ് തോക്കുമായി ആക്രമണം തുടങ്ങിയത്. കഴിഞ്ഞ വർഷം ഇയാളെ എന്തുകൊണ്ടാണ് സ്‌കൂളിൽ നിന്ന് പുറത്താക്കിയതെന്ന വിവരം ഇപ്പോഴും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയയിലെ പ്രചരണമാണ് ഇയാളെ പുറത്താക്കാൻ കാരണമെന്നാണ് സൂചന. സ്‌കൂളിനെ മോശകരമായി ബാധിക്കുന്ന പോസ്റ്റിന്റെ പേരിലായിരുന്നു അച്ചടക്ക നടപടിയെന്നാണ് സൂചന. സ്‌കൂളിന് നേരെ ഇത്തരത്തിൽ ആക്രമത്തിന് ക്രൂസ് മുതിർന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

സ്‌കൂളിലേക്ക് കയറും മുമ്പേ ഇയാൽ വെടിയുതിർക്കാൻ തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളിനുള്ളൽ 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു മൃതദേഹങ്ങൾ കിട്ടിയത് സ്‌കൂളിന് മുന്നിലെ റോഡിൽ നിന്നാണ്. ബാക്കിയുള്ളവർ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. ഇടവേളയുടെ സമയത്താണ് ആക്രമമുണ്ടായത്. ഇത് കുട്ടികളിൽ പരിഭ്രാന്തി പടർത്തി. പലരും ഡെസ്‌കുകൾക്ക് പിന്നിലേക്ക് ഒളിഞ്ഞിരുന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. നാല് മണിയോടെയാണ് അക്രമകാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അമേരിക്കൻ സൈന്യത്തിലെ ജുനിയർ റിസർവ്വ് ഓഫീസർ ട്രെയിനിങ് ക്രോപ് പദ്ധതിയിലെ മുൻ അംഗമായിരുന്നു ക്രൂസെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ സ്‌കൂളുകളിൽ തോക്കുമായെത്തി അക്രമം നടത്തുന്ന കുട്ടികൾ ഏറെ സാമൂഹിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിന് സമാനമായി നിരവധി കേസുകൾ അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്. ഭീകരവാദത്തിനെതിരെ കടുത്ത നപടിയെടുക്കുന്ന അമേരിക്കൻ ഭരണകൂടത്തിന് പക്ഷേ കുട്ടികളുടെ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനാകുന്നില്ല.

ഏത് സ്‌കൂളിലും കുട്ടികൾക്ക് തോക്കുമായെത്തി ആക്രമം നടത്താനുള്ള സാഹചര്യം നിലവിലുണ്ട്. ഇത് സ്‌കൂളുകളേയും കോളേജുകളേയും ആശങ്കയുടെ നടുവിലേക്ക് തള്ളി വിടുകയാണ്. ഇന്നലത്തെ അക്രമത്തിലും ജീവനുവേണ്ടി ഡെസ്‌കിന് അടിയിൽ ഒളിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാവുകയാണ്. അക്രമത്തിനിടെ ഏതോ കുട്ടി മൊബൈലിൽ പകർത്തിയ വീഡിയോയാണ് ഇത്.