ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ വീണ്ടും കുട്ടി കുറ്റവാളിയുടെ തോക്ക് കൊണ്ടുള്ള അതിക്രമം. 19 പേരാണ് ആക്രമത്തിൽ മരിച്ചത്. അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫ്‌ളോറിഡയിലെ മാർദോറി സ്‌റ്റോമാൻ ഡഗ്‌ളസ് സ്‌കൂളിലാണ് ദുരന്തം ഉണ്ടായത്. പത്തൊമ്പതുകാരനാണ് തോക്കുമായെത്തി സ്‌കൂളിൽ അതിക്രമം കാട്ടിയത്.

ദുരന്തമുണ്ടായ സ്‌കൂളിലെ മുൻ വിദ്യാർത്ഥിയാണ് നിക്കോളാസ് ക്രൂസ്. എആർ 15 റൈഫിളുമായെത്തി കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഈ സ്‌കൂളിൽ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ക്രൂസിനെ പുറത്താക്കിയിരുന്നു. കുട്ടികൾക്ക് ഭീഷണിയാണെന്ന തിരിച്ചറിവിലാണ് ക്രൂസിനെ കഴിഞ്ഞ കൊല്ലം സ്‌കൂളിൽ നിന്ന് പുറത്താക്കിയത്. ക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു ക്രൂസ് തോക്കുമായി ആക്രമണം തുടങ്ങിയത്. കഴിഞ്ഞ വർഷം ഇയാളെ എന്തുകൊണ്ടാണ് സ്‌കൂളിൽ നിന്ന് പുറത്താക്കിയതെന്ന വിവരം ഇപ്പോഴും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയയിലെ പ്രചരണമാണ് ഇയാളെ പുറത്താക്കാൻ കാരണമെന്നാണ് സൂചന. സ്‌കൂളിനെ മോശകരമായി ബാധിക്കുന്ന പോസ്റ്റിന്റെ പേരിലായിരുന്നു അച്ചടക്ക നടപടിയെന്നാണ് സൂചന. സ്‌കൂളിന് നേരെ ഇത്തരത്തിൽ ആക്രമത്തിന് ക്രൂസ് മുതിർന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.