മഞ്ചേരി: ഗൃഹോപകരങ്ങൾ വിൽക്കാൻ എത്തിയപ്പോൾ തുടങ്ങിയ പരിചയമാണ് ഷീബയും ഫൈസലുമായുള്ള വിവാഹത്തിൽ കലാശിച്ചത്. വീട്ടിൽ വിൽപ്പനയ്‌ക്കെത്തിയ അന്യമതസ്ഥനെ വിവാഹം ചെയ്തതോടെ ഷീബ വീട്ടിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. ഇന്നലെ ഭർത്താവിന്റെ മൂന്നാം കല്ല്യാണമാണെന്ന് അറിഞ്ഞ് രണ്ട് മക്കളേയും കൂട്ടി കളമശേരിയിൽ നിന്നും ഭർത്താവിന്റെ നാടായ മഞ്ചേരിയിലും ഷീബ എന്ന റസ്‌ന എത്തി.

കളമശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് കൊല്ലം കൊട്ടാരക്കര തലവൂർ ഞാറക്കാട് സ്മിതാ ഭവനിൽ ഷീബ എന്ന പെൺകുട്ടി മഞ്ചേരി ചന്തക്കുന്ന് നാലകത്ത് ഫൈസൽ എന്ന യുവാവിനെ കണ്ടുമുട്ടുന്നത്. 2007-ൽ ആയിരുന്നു ഷീബയും ഫൈസലും വിവാഹം ചെയ്തത്.

രണ്ടു മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ ഇരുവരുടെയും വീട്ടുകാരുടെ സഹായമില്ലാതെയാണ് ജീവിച്ചു പോന്നത്. രണ്ടു കുട്ടികളും പിറന്നു. പിന്നീട് മതം മാറിയ ഷീബ റസ്‌ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു. എന്നാൽ രണ്ടു മക്കളും പിറന്ന് നാലുകൾ കഴിഞ്ഞാണ് ഫൈസൽ ആ വിവരം അറിയുന്നത്. തന്റെ ഭർത്താവ് മുൻപും ഒരു വിവാഹം ചെയ്തിരിന്നു എന്ന സത്യം.

ഫൈസൽ നേരത്തെ മലപ്പുറത്തു നിന്നും ഒരു വിവാഹം കഴിച്ചിരുന്നുവെന്നും അതിൽ ഒരു കുട്ടിയുണ്ടെന്നുമുള്ള വിവരം അറിഞ്ഞ ഷീബ ഞെട്ടി. പിന്നീടങ്ങോട്ട് ഷീബയുടെ കഷ്ടകാലമായിരുന്നു. സൗന്ദര്യം പോരെന്നും സ്ത്രീധനം ലഭിച്ചില്ലെന്നും മറ്റുമുള്ള കാരണം പറഞ്ഞ് ഫൈസൽ മർദ്ദനം പതിവാക്കിയതോടെ ഷീബയ്ക്ക് പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ടി വന്നു. ഇതോടെ ഫൈസൽ മുങ്ങി.

ഇന്നലെ ഫൈസലിന്റെ മൂന്നാമത്തെ വിവാഹം നടക്കുന്നുവെന്നറിഞ്ഞാണ് വാലെന്റൈൻസ് ദിനത്തിൽ ഭർത്താവിനെ തേടി ഷീബയെന്ന മുപ്പതുകാരി മഞ്ചേരിയിലെത്തിയത്. മക്കളായ അൻസില ഫൈസിയെന്ന എട്ടു വയസ്സുകാരിയും ലിയാ ലാസിം എന്ന മൂന്നര വയസ്സുകാരനും ഒപ്പം ഉണ്ടായിരുന്നു.

മക്കളെയും കൂട്ടി ഷീബ ഫൈസലിന്റെ വീട്ടിലാണ് ആദ്യം എത്തിയത്. വേണമെങ്കിൽ മക്കളെ ഇവിടെ വിട്ടു പോകാമെന്നും ഷീബയ്ക്ക് വീട്ടിലേക്കു പ്രവേശനം ഇല്ലെന്നുമായിരുന്നു ബന്ധുക്കളുടെ പ്രതികരണം. തുടർന്നാണ് മൂവരും മഞ്ചേരി പൊലീസിനെ സമീപിച്ചത്. ഇത് സംബന്ധിച്ച കേസ് പേരാബ്ര സ്റ്റേഷൻ പരിധിയിൽ ആയതിനാൽ മഞ്ചേരി പൊലീസ് കൈമലർത്തുകയാണ്.