മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീൻ മൂന്നാമതും വിവാഹിതനായെന്നു റിപ്പോർട്ടുകൾ. അമേരിക്കക്കാരി ഷാനൻ മാരിയാണ് അസ്ഹറിന്റെ ഭാര്യയെന്നാണു വാർത്തകൾ പുറത്തുവന്നത്.

എന്നാൽ, ഇക്കാര്യം നിഷേധിച്ച് അസ്ഹറുദീൻ രംഗത്തെത്തി. തന്റെ വിവാഹത്തെക്കുറിച്ചു പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്നു ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അസ്ഹർ അറിയിച്ചത്.

ദീർഘകാലമായി അസ്ഹറിന്റെ സുഹൃത്തായിരുന്ന ഷാനോൻ മാരിയെ അസഹ്‌റുദീൻ വിവാഹം കഴിച്ചതായി മഹാരാഷ്ട്ര ടൈംസാണ് റിപ്പോർട്ട് ചെയ്തത്. 2013ൽ പാരിസിൽ വച്ച് ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നു. ഷാനോൻ സുഹൃത്താണെന്നായിരുന്നു അസ്ഹറിന്റെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായെന്ന വാർത്ത പുറത്തുവന്നത്.

തന്റെ ഡ്രൈവറായിരുന്ന ജാൻ മുഹമ്മദിന്റെ മരണാനന്തര ചടങ്ങുകൾക്ക് അസ്ഹർ എത്തിയപ്പോൾ ഒപ്പം ബുർഖ ധരിച്ച് ഷാനോനുമുണ്ടായിരുന്നു. ഇവിടെവച്ചാണ് ഷാനോനെ തന്റെ ഭാര്യയാണെന്ന് അസ്ഹർ പരിചയപ്പെടുത്തിയതെന്നു റിപ്പോർട്ടിൽ പറയുന്നു.

ആദ്യ ഭാര്യയായ നൗറീനിൽ അസ്ഹറിന് ആസാദ്, അയാസുദീൻ എന്നീ രണ്ടു മക്കളുണ്ട്. വിവാഹത്തിന് ഒമ്പതാം വർഷം നൗറീനുമായുള്ള ബന്ധം വേർപിരിഞ്ഞ അസ്ഹർ ബോളിവുഡ് നടിയും മോഡലുമായ സംഗീത ബിജ്‌ലാനിയെ വിവാഹം കഴിച്ചിരുന്നു. 1996ലായിരുന്നു സംഗീത ബിജ്‌ലാനിയുമായുള്ള വിവാഹം. 2010ൽ ഈ ബന്ധവും വേർപിരിഞ്ഞു.

2011ൽ അസ്ഹറിന്റെ മകൻ അയാസുദീൻ റോഡപകടത്തിൽ മരിച്ചു. ഇതിനുശേഷമാണ് ഷാനോൻ മാരിയുമായുള്ള സൗഹൃദം ആരംഭിച്ചതെന്നാണു റിപ്പോർട്ടുകൾ.