- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബാനിയുടെ മലയാളം ചാനലിൽ കലാപം; രാജി വയ്ക്കാൻ വിസമ്മതിച്ച വനിതാ ട്രെയിനിയിൽ നിന്ന് ഭീഷണിപ്പെടുത്തി രാജി വാങ്ങി പറയാതെ വയ്യ ഫെയിം ആർഡി; മുൻ ജീവൻ ടിവിക്കാരനെ ചാനൽ നന്നാക്കാൻ അയച്ചതിൽ അമർഷം ശക്തം; സ്ത്രീ ജീവനക്കാരെ പുറത്താക്കാനായി എച്ച്ആർ പ്രമുഖനും എത്തി; അംബാനിഫിക്കേഷന് പിഴക്കുന്നുവോ?
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ മലയാള മാധ്യമ ലോകം നോക്കി കണ്ട ന്യൂസ് കേരള 18ൽ പ്രതിസന്ധി ശക്തം. 17 പേർക്ക് പെർഫോമൻസ് ഇല്ലെന്നതിന്റെ പേരിൽ നോട്ടീസ് നൽകിയ ചാനൽ മാനേജ്‌മെന്റ് കൂടുതൽ പ്രതികാര നടപടികൾ തുടങ്ങി. ജീവനക്കാരിൽ നിന്ന് നിർബന്ധിച്ച് രാജി എഴുതി വാങ്ങിക്കുകയാണ് അവർ. മലയാളം ചാനൽ മേധാവി രാജീവ് ദേവരാജും ഡെപ്യൂട്ടി എഡിറ്റർ തസ്തികയിലുള്ള അച്യുത് പുന്നേക്കാടനുമാണ് ഇതിന് പിന്നിൽ. ജീവൻ ടിവിയുടെ മുൻ ജീവനക്കാരനായ അച്യുതിനെ റിലയൻസ് ഗ്രൂപ്പ് തെറ്റിധരിച്ചാണ് കേരളത്തിലേക്ക് അയച്ചതെന്നാണ് ജീവനക്കാരുടെ പക്ഷം. നിഷ്പക്ഷനാകേണ്ട അച്യുത് ഒരു വിഭാഗത്തോടൊപ്പം ചേർന്നു. തിരുവനന്തപുരത്തെ 13,000 രൂപ വാടകകൊടുക്കുന്ന ഫ്‌ളാറ്റിലെ ഗൂഢാലോചനയാണ് പ്രശ്‌നങ്ങൾ വഷളാക്കിയതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. അതിനിടെ ജീവനക്കാരെ പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ എച്ച ആർ വിഭാഗത്തിലെ പ്രമുഖൻ വിപാസ് റോയിയും ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങി. ഇതോടെ ജീവനക്കാർ സംഘടിക്കുകയാണ്. ഏതായാലും നിർബന്ധിച്ച് രാജി വാങ്ങിക്കാന
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ മലയാള മാധ്യമ ലോകം നോക്കി കണ്ട ന്യൂസ് കേരള 18ൽ പ്രതിസന്ധി ശക്തം. 17 പേർക്ക് പെർഫോമൻസ് ഇല്ലെന്നതിന്റെ പേരിൽ നോട്ടീസ് നൽകിയ ചാനൽ മാനേജ്‌മെന്റ് കൂടുതൽ പ്രതികാര നടപടികൾ തുടങ്ങി. ജീവനക്കാരിൽ നിന്ന് നിർബന്ധിച്ച് രാജി എഴുതി വാങ്ങിക്കുകയാണ് അവർ.
മലയാളം ചാനൽ മേധാവി രാജീവ് ദേവരാജും ഡെപ്യൂട്ടി എഡിറ്റർ തസ്തികയിലുള്ള അച്യുത് പുന്നേക്കാടനുമാണ് ഇതിന് പിന്നിൽ. ജീവൻ ടിവിയുടെ മുൻ ജീവനക്കാരനായ അച്യുതിനെ റിലയൻസ് ഗ്രൂപ്പ് തെറ്റിധരിച്ചാണ് കേരളത്തിലേക്ക് അയച്ചതെന്നാണ് ജീവനക്കാരുടെ പക്ഷം. നിഷ്പക്ഷനാകേണ്ട അച്യുത് ഒരു വിഭാഗത്തോടൊപ്പം ചേർന്നു. തിരുവനന്തപുരത്തെ 13,000 രൂപ വാടകകൊടുക്കുന്ന ഫ്‌ളാറ്റിലെ ഗൂഢാലോചനയാണ് പ്രശ്‌നങ്ങൾ വഷളാക്കിയതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. അതിനിടെ ജീവനക്കാരെ പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ എച്ച ആർ വിഭാഗത്തിലെ പ്രമുഖൻ വിപാസ് റോയിയും ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങി. ഇതോടെ ജീവനക്കാർ സംഘടിക്കുകയാണ്. ഏതായാലും നിർബന്ധിച്ച് രാജി വാങ്ങിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.
റിലയൻസ് ചാനലായ ന്യൂസ് കേരള 18ന്റെ ഓഫീസിൽ എല്ലാം കമ്പ്യൂട്ടർ നിയന്ത്രിതമാണ്. വാതിലുകൾ തുറക്കണമെങ്കിൽ പോലും ഐഡന്റിറ്റി കാർഡ് സ്വൈപ്പ് ചെയ്യണം. രാജി വച്ചില്ലെങ്കിൽ ഈ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുമെന്നാണ് ഭീഷണി. ഇന്നലെ രാത്രി ട്രെയിനി പെൺകുട്ടിയെയാണ് ആദ്യം രാജിവയ്്പ്പിച്ചത്. ഈ പെൺകുട്ടിയെ രാജീവ് ദേവരാജും അച്യുത് പുന്നേക്കാടും വിളിച്ചു വരുത്തുകയായിരുന്നു. ഇതിന് ശേഷം രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തന്നെ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ എടുത്തതാണെന്നും ഒരു കാരണവശാലും രാജി വയ്ക്കില്ലെന്നും അറിയിച്ചു. ഇതോടെയാണ് ഓഫീസിൽ കയറാനുള്ള സ്വൈപ്പിങ് സംവിധാനം പോലും എടുത്തു കളയുമെന്നും ഇനി ഒരു ചാനലിലും ജോലി കിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയത്. ഇതോടെ സമ്മർദ്ദത്തിലായ പെൺകുട്ടി രാജി നൽകി. അതിനിടെ ഇന്ന് ഓഫീസിലെത്തിയ എച്ച് ആർ ഉദ്യോഗസ്ഥൻ കൂടുതൽ പേരോട് രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ പലരും അദ്ദേഹത്തെ കാണാൻ പോലും കൂട്ടാക്കുന്നില്ല. ഏതൊരു സ്ഥാപനത്തിനും ജീവനക്കാരെ പറഞ്ഞു വിടാൻ അധികാരമുണ്ട്. അങ്ങനെ വിടുമ്പോൾ മതിയായ നഷ്ടപരിഹാരം നൽകണം. ഇതൊഴിവാക്കാനുള്ള തന്ത്രമാണ് രാജി വയ്‌പ്പിക്കൽ. ഇതിലൂടെ അധിക ശമ്പളം നൽകാതെ ജീവനക്കാരെ പറഞ്ഞുവിടാൻ മാനേജ്‌മെന്റിനാകുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ചാനലിൽ നടക്കുന്നത്. 50 ഓളം പേരെ ഇങ്ങനെ പുറത്താക്കാനാണ് നീക്കം. ഇതിൻെ ആദ്യ ഘട്ട ലിസ്റ്റിലാണ് 17 പേർ ഉള്ളത്. പെർഫോമൻസ് അപ്രൈസലിന്റെ പേരിലാണ് ഇതെല്ലാം. എന്നാൽ ഗ്രൂപ്പുകളുടെ ഭാഗമായി നിന്നാൽ ഒരു പ്രശ്‌നവുമില്ല. പ്രമോദ് രാഘവൻ എടുത്ത ജീവക്കാരാണ് ഇപ്പോൾ പ്രതിസന്ധിയെ നേരിടുന്നത്. പറയാതെ വയ്യ പോലൊരു പരിപാടിയുമായി കേരളീയ പൊതു സമൂഹത്തിൽ പേരെടുത്ത രാജീവ് ദേവരാജനാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നതാണ് സങ്കടകരം-ചാനലിൽ ജീവനക്കാരി മറുനാടനോട് പ്രതികരിച്ചു.
ജീവൻ ടിവിയിലെ പഴയ ജീവനക്കാരനാണ് അച്യുത്. അയാളാണ് എല്ലാത്തിനും കൂട്ട്. ഗ്രൂപ്പ് കളിയുടെ ഭാഗമായി ഇയാൾ മാറുകയായിരുന്നു. ഏഷ്യാനെറ്റിൽ നിന്നെത്തിയ കെപി ജയ്ദീപ് ഓഫീസിൽ വരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും ജീവനക്കാർ പറയുന്നു. പെർഫോമൻസ് അപ്രൈസലിന്റെ പേരിൽ പലരോടും മെയിലിലൂടെയാണ് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടത്. അപ്പോഴും മാനക്കേട് കാരണം ആരും പുറത്തു പറഞ്ഞില്ല. എന്നാൽ വിളിച്ചു വരുത്തി രാജി ചോദിച്ചതോടെ ആരൊക്കെയാണ് പട്ടികയിലുള്ളതെന്ന് പുറം ലോകത്ത് എത്തി. പത്ര പ്രവർത്തക യൂണിയന് പരാതിയും കിട്ടി. തെരഞ്ഞെടുപ്പിന്റെ വക്കിലുള്ള ഈ സംഘടനയ്ക്ക് തൊഴിലാളി പ്രശ്‌നത്തിൽ ഇടപെടേണ്ട സാഹചര്യവും ഉണ്ട്. അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അംബാനിയുടെ സ്ഥാപനത്തിനെതിരെ പത്രപ്രവർത്തക യൂണിയൻ സമരം തുടങ്ങും.
നിങ്ങളുടെ പ്രകടനം തൃപ്തികരമല്ല. രണ്ട് മാസത്തിനകം പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ നിങ്ങളെ പുറത്താക്കം- അംബാനിയുടെ ന്യൂസ് 18 കേരളയിലെ 17 പേർക്കാണ് ഈ നോട്ടീസ് കിട്ടിയത്. ഇതു കണ്ട് ഇവർ ഞെട്ടി. ചാനലിന്റെ തുടക്കത്തിൽ എത്തിയവരെയാണ് ഉന്നം വയ്ക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ ചാനൽ തലവൻ രാജീവ് ദേവരാജിന്റെ രാഷ്ട്രീയമുണ്ടെന്നാണ് നോട്ടീസ് കിട്ടിയവരുടെ അഭിപ്രായം. യഥാർത്ഥത്തിൽ ചാനലിൽ റേറ്റിങ് ഇല്ലാത്ത പരിപാടി നടത്തുന്നവർക്കെല്ലാം നല്ല അപ്രൈസലും. ഇത് എങ്ങനെ ശരിയാകുമെന്നാണ് നോട്ടീസ് കിട്ടിയവരുടെ ചോദ്യം. പുഷ് പുൾ അവതാരകർക്ക് ലക്ഷങ്ങളാണ് ചാനൽ നൽകുന്നത്. ഇതിന് ഒരു റേറ്റിംഗുമില്ല. ഇവർ മിടുക്കർ. സാധാരണ ജോലി ചെയ്യുന്ന പാവപ്പെട്ടവർക്ക് പെർഫോമൻസുമില്ലെന്നാണ് നോട്ടീസ് കിട്ടിയവരുടെ പക്ഷം.
ചാനലിന്റെ പ്രധാന ചുമതലകളിൽ നിന്ന് ഏഷ്യാനെറ്റിൽ നിന്ന് വന്ന കെപി ജയ്ദീപിനെ മാറ്റിയിരുന്നു. അതിന് ശേഷമാണ് രാജീവ് ദേവരാജിനെ ചുമതല ഏൽപ്പിച്ചത്. ഇതോടെ പുതിയ ഒട്ടേറെ നിയമനങ്ങൾ നടത്തി. ഇതോടെ ചാനലിൽ ജീവനക്കാരുടെ എണ്ണം അധികമായി. ഈ പ്രതിസന്ധി മറികടക്കാൻ തുടക്കത്തിൽ ചാനലിൽ എത്തിയവരെ പുറത്താക്കാൻ രാജീവ് ദേവരാജൻ കള്ളക്കളി നടത്തുന്നുവെന്നാണ് ആക്ഷേപം. പല ചാനലുകളിൽ ജോലി ചെയ്തവരാണ് പ്രതിസന്ധിയിലായത്. രണ്ട് മാസം മുമ്പ് പെർഫോമൻസ് അപ്രൈസൽ ഉണ്ടായിരുന്നു. ഇത് നടത്തിയത് രാജീവ് ദേവരാജനാണ്. 50 ഓളം പേർക്ക് മോശം പ്രകടനമാണെന്ന വിലയിരുത്തൽ ഉണ്ടായി. ഇതിൽപ്പെട്ട 17 പേർക്കാണ് നോട്ടീസ് കിട്ടിയത്.
ഏറെ പ്രതീക്ഷയോടെയാണ് അംബാനി കേരളത്തിൽ ന്യൂസ് ചാനൽ തുടങ്ങിയത്. ലക്ഷങ്ങൾ ശമ്പളം നൽകി പലരേയും എത്തിച്ചു. എന്നാൽ റേറ്റിംഗിൽ ഒരു പരിപാടിക്കും മുമ്പോട്ട് കുതിക്കാനായില്ല. രാത്രിയിലെ ചർച്ചയിലും നേട്ടം ഉണ്ടാക്കാനായില്ല. ഇതോടെ വമ്പൻ ശമ്പളം നൽകുന്നവരെ വേണമോ എന്ന ചിന്ത ചാനലിൽ സജീവമായി. മോദിയുടെ രാഷ്ട്രീയത്തെയാണ് അംബാനി അനുകൂലിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ മലയാളം ചാനൽ അതിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന വിലിയിരുത്തലുമുണ്ട്. ചാനൻ ലാഭത്തിലേക്ക് കടക്കാതെ വന്നതോടെ അംബാനി ഗ്രൂപ്പ് കണക്കെടുപ്പുകൾ തുടങ്ങിയിരുന്നു. ഇതോടെയാണ് ജീവനക്കാർ കൂടുതലാണെന്ന് മനസ്സിലായത്. തുടക്കത്തിൽ പ്രമോദ് രാഘവനായിരുന്നു ചുമതല. പ്രമോദ് പലരേയും ജോലിക്കെടുത്തു. അവരെ പുറത്താക്കാനാണ് നീക്കം നടക്കുന്നത്.
അതിന് ശേഷം എത്തിയവർക്കെല്ലാം വമ്പൻ ശമ്പളമാണ് നൽകുന്നത്. ഇതിനൊപ്പിച്ച് ഒന്നും ചെയ്യാൻ ആർക്കും കഴിയുന്നില്ല. ഇവരുടെ പ്രതിഭയെ പറ്റി ഏവർക്കും സംശയമുണ്ട്. ഇവരെയാണ് ചാനലിൽ നിന്ന് മാറ്റി നിർത്തേണ്ടത്. അല്ലാതെ കുറഞ്ഞ ശമ്പളത്തിന് തുടക്കത്തിൽ ജോലിക്ക് കയറിയ പാവപ്പെട്ടവരെ അല്ലെന്നാണ് ന്യൂസ് 18 കേരളയിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത്. തുടക്കം മുതലുള്ള ഗ്രൂപ്പിസം പുതിയ തലത്തിൽ എത്തുകയാണ്.