തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലെ ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നഗരസഭ മേയർ അഡ്വ. വി.കെ പ്രശാന്ത് നിർവഹിച്ചു. ഡെങ്കിപ്പനിയും മറ്റു സാംക്രമിക രോഗങ്ങളും നിയന്ത്രിക്കുന്നതിന്റെ ഒരു ഭാഗമായി മാറണം പുതുതലമുറയിലെ വിദ്യാർത്ഥികൾ.

സമൂഹത്തിലെ ഓരോരുത്തരുടെയും ജീവൻ നിലനിർത്തേണ്ട ഉത്തരവാദിത്വം നമ്മുക്കുണ്ട്. അതുകൊണ്ടു തന്നെ വിദ്യാലയങ്ങളിൽ നിന്നു തന്നെ എല്ലാ രീതിയിലുമുള്ള ശുചീകരണ പ്രവർത്തനങ്ങളും ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മിഷൻ അനന്തപുരി ദൗത്യത്തിലൂടെ തന്നെ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായ അവസ്ഥയിൽ കണ്ടെത്തിയ കൊതുകിന്റെ ഉറവിടങ്ങളെ നശിപ്പിച്ചു കഴിഞ്ഞു.

വിദ്യാലയങ്ങളിൽ ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ വിദ്യാർത്ഥികളും പങ്കു ചേരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി ഡെങ്കിപ്പനിയെക്കുറിച്ചും പ്രതിരോഗ മാർഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കായി അവബോധ ക്ലാസ് എടുത്തു.

കൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളുകളിൽ ഉണക്കു ദിനം ആചരിക്കണമെന്നും ജില്ലാ പ്രോഗ്രാം മാനേജർ നിർദ്ദേശിച്ചു. വിദ്യാഭ്യാസ ഉപജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ മോൻ എം.കെ., പിറ്റിഎ പ്രസിഡന്റ് പ്രദീപ് കുമാർ, ഹെഡ്‌മിസ്ട്രസ് രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.