ലണ്ടൻ: ബ്രിട്ടനിലെ അതിസമ്പന്നരുടെ പുതിയ ലിസ്റ്റ് പുറത്തു വരുമ്പോൾ, തുടർച്ചയായ മൂന്നാം വർഷവും ഏറ്റവും വലിയ സമ്പന്നനായി ഇന്ത്യൻ വംശജരായ ഹിന്ദുജ കുടുംബം. സൺഡേ ടൈംസിന്റെ റിച്ച് ലിസ്റ്റിൽ ആണ് ഹിന്ദുജ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തുടർച്ചയായി മൂന്നാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി എന്ന് മാത്രമല്ല, ആസ്തിയുടെ മൂല്യത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 2 ബില്യൻ പൗണ്ടിന്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്. പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഹിന്ദൂജ ഗ്രൂപ്പിന്റെ ഉടമകളാണ് ഗോപിചന്ദ് ഹിന്ദൂജയും കുടുംബവും.

ബ്രിട്ടനിലെ ശതകോടീശ്വരന്മാരുടെ എണ്ണം തുടർച്ചയായി രണ്ടാം വർഷവും കുറയുകയാണെന്നാണ് ഈ ലിസ്റ്റ് വ്യക്തമാക്കുന്നത്. 2022- ൽ 177 ശതകോടീശ്വരന്മാർ ബ്രിട്ടനിൽ ഉണ്ടായിരുന്നു. 2023 ആയപ്പോഴേക്കും അത് 171 ആയി കുറഞ്ഞിരുന്നു. ഈ വർഷം ഇത് വീണ്ടും കുറഞ്ഞ്, ഇപ്പോൾ 165 ശതകോടീശ്വരന്മാർ മാത്രമാണ് ബ്രിട്ടനിലുള്ളത്.

മുംബൈ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസ്സ് താത്പര്യങ്ങൾ വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുകയാണ്. ബാങ്കിങ്, ഫിനാൻസ്, മീഡിയ, എൻടർടെയിന്മെന്റ്, ഊർജ്ജം എന്നിങ്ങനെ വിവിധ മേഖലകളിൽ ശക്തമായ സാന്നിദ്ധ്യമുള്ള ഹിന്ദൂജ ഗ്രൂപ്പിന് കീഴിൽ മൊത്തം 2 ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നൻ യുക്രെയിൻ വംശജനായ സർ ലിയോനാർഡ് ബ്ലവറ്റ്‌നിക്ക് ആണ്. സ്വകാര്യ ഇക്വിറ്റി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബിസിനസ്സിൽ ഉള്ള ഡേവിഡ് റൂബെൻ, സൈമൺ റൂബേൻ എന്നീ സഹോദരങ്ങളാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗിക ഉടമ കൂടിയായ ഐനിയോസ് എന്ന ഫാർമസ്യൂട്ടിക്കൽ ഭീമന്റെ സ്ഥാപകൻ, സർ ജിം റാറ്റ്ക്ലിഗഫ് ഈ ലിസ്റ്റിൽ നാലാമതും നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ള, ഡൈസൺ എന്ന ടെക് സ്ഥാപനത്തിന്റെ സ്ഥാപകൻ കൂടിയായ സർ ജെയിംസ് ഡൈസൻ അഞ്ചാം സ്ഥാനത്തുമുണ്ട്. 14,92 ബില്യൺ പൗണ്ടിന്റെ ആസ്തിയുമായി മറ്റൊരു ഇന്ത്യൻ വംശജനായ ലക്ഷ്മി മിത്തൽ ഈ ലിസ്റ്റിൽ ഏഴാം സ്ഥാനത്തെത്തി. ലക്സംബർഗ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഉരുക്കു നിർമ്മാണ കമ്പനി ആഴ്സെലർ മിത്തലിന്റെ ചെയർമാൻ ആണ് ലക്ഷ്മി മിത്തൽ യൂറോപ്പ്, വടക്കെ അമേരിക്ക, തെക്കെ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഏറ്റവും വലിയ ഉരുക്കു നിർമ്മാതാക്കൾ കൂടിയാണിവർ.