മലപ്പുറം: ബംഗളുരുവില്‍ നിന്നും കോട്ടക്കലിലേക്ക് ചോളവുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ആദ്യം സ്‌കൂട്ടര്‍ യാത്രക്കാരെയും പിന്നീട് കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകിലും ഇടിച്ച് അപകടം. വഴിക്കടവില്‍ ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വഴിക്കടവ് പുളിക്കലങ്ങാടി വെങ്ങാമൂട്ടില്‍ യൂസുഫിന്റെ മകന്‍ മുഹമ്മദ് സജാസ് (14) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സജാസിന്റെ ബന്ധു കവളപ്പൊയ്ക എരഞ്ഞിക്കല്‍ അബ്ദുല്‍ അസീസ് (55), പിക്കപ്പ്‌ ്രൈഡവര്‍ കോട്ടക്കല്‍ വില്ലൂര്‍ ഉളളാടശേരി ഹംസ (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ വരെ മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പത്തോടെ വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിലാണ് അപകടം. വഴിക്കടവില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പഞ്ചായത്ത് അങ്ങാടിയില്‍ നിന്ന് യാത്രക്കാരെ കയറ്റുകയായിരുന്നു. സജാസും ബന്ധുവും സഞ്ചരിച്ച സ്‌കൂട്ടര്‍ വാഹനത്തിരക്കിനെ തുടര്‍ന്ന് ബസിന്റെ പുറകില്‍ നിര്‍ത്തിയിട്ടിരുന്നു.

ഇതിനിടിയിലാണ് ബംഗളുരുവില്‍ നിന്നും കോട്ടക്കലിലേക്ക് ചോളവുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ആദ്യം സ്‌കൂട്ടര്‍ യാത്രക്കാരെയും പിന്നീട് കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകിലും ഇടിച്ചത്. ബസിനും കേടുപാട് സംഭവിച്ചു. സജാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഒരു കാറിലും പിക്കപ്പ് വാന്‍ ഇടിച്ചു. വാനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പാടുപെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. മരിച്ച സജാസ് വണ്ടൂര്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സജാസിന്റെ മാതാവ്: നുസൈറ. സഹോദരങ്ങള്‍: സിനാന്‍, സിയാന്‍, സനാന്‍.