- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടപരിഹാരം കിട്ടി, പക്ഷേ അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കണം; പെന്‍ഷനും കാന്റീന്‍ കാര്‍ഡും കിട്ടണം: വീരമൃത്യു വരിച്ച അഗ്നിവീറിന്റെ കുടുംബം
ലുധിയാന: അഗ്നിവീര്‍ പദ്ധതിയെ ചൊല്ലി പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം മുറുക്കിയിരിക്കുകയാണ്. സേവനത്തിനിടെ വീരമൃത്യു വരിച്ച അഗ്നിവീറിന് നഷ്ടപരിഹാരം കിട്ടിയില്ലെന്ന പേരില്‍ വിവാദം ഉയര്‍ന്നിരുന്നു. നഷ്ടപരിഹാരം നല്‍കിയെന്ന് കേന്ദ്രസര്‍ക്കാരും ഇല്ലെന്ന് പ്രതിപക്ഷവും വാദിച്ചുകയറി. അതേസമയം, 98 ലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടിയെങ്കിലും അഗ്നിവീര്‍ പദ്ധതി ഉപേക്ഷിക്കണമെന്നാണ് വീരമൃത്യു വരിച്ച അജയകുമാറിന്റെ കുടുംബം പറയുന്നത്.
സേവനത്തിനിടെ ജീവന്‍ വെടിഞ്ഞ അജയകുമാറിന് സൈന്യം വീരപദവി നല്‍കണം. നഷ്ടപരിഹാരം കൊണ്ട് മാത്രം അജയകുമാറിന്റെ നഷ്ടം നികത്താനാവില്ലെന്ന് പിതാവ് എന്‍ഡി ടിവിയോട് പറഞ്ഞു. ' അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കണം. ഞങ്ങള്‍ക്ക് പെന്‍ഷനും കാന്റീന്‍ കാര്‍ഡും കിട്ടണം', അദ്ദേഹം പറഞ്ഞു.
അജയ കുമാറിന്റെ സഹോദരിയും നഷ്ടപരിഹാരം മതിയാവില്ലെന്ന വികാരമാണ് പങ്കുവച്ചത്. ' നാലു വര്‍ഷത്തെ ജോലിക്കായി എന്റെ സഹോദരന് ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഒരു കോടി വാഗ്ദാനം ചെയ്യുമ്പോള്‍ ഒരു കുടുംബത്തിന് അവനില്ലാതെ ആ തുക കൊണ്ട് മാത്രം അതിജീവിക്കാന്‍ കഴിയുമോ?, അവര്‍ ചോദിച്ചു. അഗ്നിവീര്‍ പദ്ധതി പുനരവലോകനം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ' സര്‍ക്കാര്‍ നഷ്ടപരിഹാരം തന്നു. പക്ഷേ അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കണം'.
സൈന്യത്തിലേക്ക് ഹ്രസ്വകാല സേവനത്തിനായി 2022ലാണ് അഗ്നിവീര്‍ പദ്ധതി ആരംഭിച്ചത്. സേവനത്തിനിടെ മരണം സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ അടക്കം സാധാരണ സൈനികര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ കിട്ടില്ല എന്നതാണ് പോരായ്മ എന്നാണ് ആരോപണം.
സാധാരണ സൈനികര്‍ വീരചരമം പ്രാപിക്കുമ്പോള്‍, കുടുംബങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായ ആനുകൂല്യങ്ങള്‍ അഗ്നിവീറുകള്‍ക്കും നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
അതേസമയം, തങ്ങള്‍ക്ക് 98 ലക്ഷം കിട്ടിയെങ്കിലും സൈന്യത്തില്‍ നിന്ന് 48 ലക്ഷം മാത്രമേ കിട്ടിയുള്ളുവെന്ന് അഗ്നിവീറിന്റെ കുടുംബം വ്യക്തമാക്കി. 98.39 ലക്ഷം കുടുംബത്തിന് നല്‍കിയെന്നായിരുന്നു സൈന്യത്തിന്റെ പ്രസ്താവന. മൊത്തം നഷ്ടപരിഹാര തുക ഏകദേശം 1.65 കോടി ആയിരിക്കുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.