- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിട്ടുന്ന കോടികളുടെ ശമ്പളം ഒറ്റയ്ക്ക് തിന്നണം എന്ന മാനസികാവസ്ഥ; ഫഹദിന് എതിരായ അനൂപ് ചന്ദ്രന്റെ പ്രസ്താവന അസൂയ കൊണ്ടെന്ന് ഫാന്‍സ്: വിവാദം
കൊച്ചി: മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിന് എതിരായ നടന് അനൂപ് ചന്ദ്രന്റെ രൂക്ഷ വിമര്‍ശനം വിവാദമായി. പ്രമുഖ താരങ്ങള്‍ എല്ലാം എത്തിയിട്ടും, കൊച്ചിയില്‍ സ്ഥലത്തുണ്ടായിരുന്നിട്ടും യോഗത്തില്‍ പങ്കെടുക്കാതിരുന്നതാണ് അനൂപ് ചന്ദ്രനെ ചൊടിപ്പിച്ചത്. മീര നന്ദന്റെ വിവാഹത്തിനും ഫഹദും നസ്രിയയും എത്തിയിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിനെത്തിയില്ല. കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഇതിനുപിന്നിലെന്നും ഒരുമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അനൂപ് ചന്ദ്രന് പറഞ്ഞു.
അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ ഭാഗത്തുനിന്ന് കൂടുതല്‍ പങ്കാളിത്തമുണ്ടാകണമെന്നും ഫഹദിന്റെ നിലപാടുകളില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അനുപ് ചന്ദ്രന് വ്യക്തമാക്കി.
അമ്മ സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ടെന്നും ഒരുമിച്ച് നടന്നുപോകുമ്പോള്‍ കാലിടറിപ്പോകുന്നവരെ ചേര്‍ത്തുനിര്‍ത്താനാണ് താരസംഘടനയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഘടനയുടെ യോഗത്തില്‍ പങ്കെടുത്താല്‍ ഫഹദിന്റെ എന്താണ് ഉടഞ്ഞ് പോകുന്നതെന്നും നടന് ചോദിച്ചു. യുവാക്കള്‍ പൊതുവെ സ്വാര്‍ത്ഥരാണെന്നും അതില്‍ തനിക്ക് എടുത്തുപറയാന്‍ കഴിയുന്ന പേര് ഫഹദ് ഫാസിലിന്റേതാണെന്നും അനൂപ് ചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നയാളാണ് ഫഹദ് ഫാസില്‍. സംഘടനയില്‍ അംഗമായ ഒരാള്‍ അതിന്റെ ചാരിറ്റി സ്വഭാവത്തിലേക്കും വരേണ്ടതുണ്ടെന്നും നടന് പറഞ്ഞു. കൊച്ചിയിലുണ്ടായിട്ടും ഫഹദ് യോഗത്തില്‍ പങ്കെടുക്കാത്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അനൂപ് ചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അനൂപിന്റെ പ്രസ്താവന
'അമ്മയുടെ പ്രവര്‍ത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റെയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന നടനാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം. അമ്മയെന്ന സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ഒരുമിച്ച് നടന്ന് പോകുന്നവര്‍ കാലിടറി വീഴുമ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത്. ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുകയാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്.
ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാല്‍ പൃഥ്വിരാജിന് എത്താന്‍ സാധിച്ചില്ല. കുഞ്ചാക്കോ ബോബന് വന്നിരുന്നു. എല്ലാ തരത്തിലും അമ്മ അസോസിയേഷനുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തനത്തിലും സഹകരിക്കുന്ന മനുഷ്യനാണ് കുഞ്ചാക്കോ ബോബന്. നിങ്ങളുടെ ഒരു പടത്തിലേക്ക് അസോസിയേഷനിലെ ഇന്ന ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയാറാകാറുണ്ട്.
ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷറാണ് കുഞ്ചാക്കോ ബോബന്. നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വയ്ക്കാറുള്ളത്. പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവച്ച് നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്പര്യമുണ്ടാകും. അതുവഴി അവര്‍ക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെ എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല.' അനൂപ് കൂട്ടിച്ചേര്‍ത്തു.'
അതേസമയം അനൂപിന്റെ പ്രസ്താവനയ്ക്ക് എതിരെ വന്‍വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരാളോട് വിശദീകരണം ചോദിക്കാതെ ഇത്തരണം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും, ഫഹദ് മാത്രമല്ല 'അമ്മ' യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും നിവിനും ദുല്‍ക്കറും പൃഥ്വിയും ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ പങ്കെടുത്തില്ലെന്നും ഒരുകൂട്ടല്‍ പറയുന്നു. യോഗത്തില്‍ വരാനുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് വരാതിരിക്കാനുള്ള സ്വാതന്ത്ര്യമെന്നും ഫഹദിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഫഹദ് പ്രതിഫലം വാങ്ങുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണെന്നും അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നും ഫഹദ് ഫാന്‍സ് തിരിച്ചടിക്കു്ന്നു.