മലപ്പുറം: വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അന്വേഷണ സംഘത്തിന്റെ പിടിയിലായി. മലപ്പുറം വാഴക്കാട് സ്വദേശി ഇംതിയാസ് അലി (38)യെയാണ് ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോഴിക്കോട്ട്് നിന്നാണ് പോലീസ് പിടികൂടിയത്. കൂട്ടു പ്രതിയായ ഇയാളുടെ സുഹൃത്ത് ഒളിവിലാണെന്നും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വളയംകുളം അസബാഹ് കോളജിനടുത്ത് താമസിക്കുന്ന ചെറുകര റഫീക്കിന്റെ വീട്ടിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച അഞ്ച് പവനോളം സ്വര്‍ണാഭരണങ്ങളും 30,000 രൂപയും 150 ഒമാനി റിയാലുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ബന്ധുവിന്റെ വീട്ടില്‍ പോയി പുലര്‍ച്ചെ നാല് മണിയോടെ തിരിച്ചെത്തിയ റഫീക്കിനെയും കുടുംബത്തെയും കണ്ടതോടെ മോഷ്ടാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മോഷ്ടാക്കള്‍ കൊണ്ടുവന്ന ബൈക്ക് റോഡരികില്‍ ഉപേക്ഷിച്ചാണ് സംഘം രക്ഷപ്പെട്ടത്. പിന്നീട് ഒരു കിലോമീറ്റര്‍ അകലെയുള്ള പാവിട്ടപ്പുറത്തെ ഹാരിസിന്റെ വീട്ടിലെത്തി ഇദ്ദേഹത്തിന്റെ ബൈക്ക് മോഷ്ടിച്ചാണ് സംഘം കടന്നുകളഞ്ഞത്.

മോഷണം പോയ ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതിയെ അന്വേഷണ സംഘം മോഷണം നടന്ന റഫീഖിന്റെ വീട്ടിലും ബൈക്ക് മോഷണം പോയ പാവിട്ടപ്പുറത്തെ ഹാരിസിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സമാനമായ നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ചങ്ങരംകുളം സിഐ ഷൈന്‍, എസ്ഐ സുധീര്‍, പോലീസുകാരനായ സുജിത്,ഹരിനാരായണന്‍, മനോജ്, അജിത്, ശ്രീഷ്, ശശികുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.