- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുജീബ് റഹ്മാൻ മറ്റ് കൊലപാതകങ്ങൾ നടത്തിയോ എന്നും അന്വേഷണം
കൊണ്ടോട്ടി: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മുക്കിക്കൊന്ന കേസിൽ പ്രതിയായ കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് കോളനിയിൽ കാവുങ്ങൽ നമ്പിലകത്ത് മുജീബ്റഹ്മാൻ(48) ഒരു കൊടും ക്രിമിനലാണെന്നാണ് പുറത്തുവരുന്നത്. ഇത്രയും വലിയ ക്രിമിനൽ ആയിട്ടും ഇയാൾ യഥേഷ്ടം നാട്ടിൽ ഇറങ്ങി വിലസിയിരുന്നു എന്നത് സംവിധാനങ്ങളുടെ വലിയ വീഴ്‌ച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇയാളുടെ പേരിൽ കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിൽ മാത്രം 13 കേസുകളാണുള്ളത്.
ഇതുകൂടാതെ മലപ്പുറം ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായി 44 കേസുകളിലും ഇയാൾ പ്രതിയാണ്. അഞ്ചുമാസം മുൻപ് കിഴിശ്ശേരിയിലെ ആക്രിക്കടയിൽ നടന്ന മോഷണത്തിന് കൊണ്ടോട്ടി പൊലീസ് അറസ്റ്റുചെയ്ത ഇയാൾ ജാമ്യത്തിലിറങ്ങിയാണ് വാളൂരിലെ കുറുക്കുടി മീത്തൽ അനുവിനെ (26) കൊലപ്പെടുത്തിയത്. അതിക്രൂരമായാണ് അനുവിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ബൈക്കിൽ കയറിയ അനുവിനെ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി തോട്ടിലെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സമാനമായ രീതിയിൽ ഇയാൾ മറ്റാരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടോ എന്നതിലേക്കും അന്വേഷണം നടക്കുന്നത്.
വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള കവർച്ചക്കേസുകളാണ് മുജീബ്റഹ്മാനെതിരേ കൂടുതലുമുള്ളത്. വാഹനമോഷണവുമുണ്ട്. 2022-ൽ മുക്കത്തെ ഒരു സ്ത്രീയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മലയുടെ മുകളിലെത്തിച്ച് കൈയും കാലും കെട്ടിയിട്ട് മാനഭംഗപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസും ഇയാളുടെ പേരിലുണ്ട്. ആ വർഷംതന്നെ മുസ്ലിയാരങ്ങാടിയിൽ വീടിന്റെ വാതിൽ കത്തിച്ച് അകത്തുകയറി സ്ത്രീയെ ആക്രമിച്ച് കവർച്ചനടത്തിയതിനും കേസുണ്ട്.
അനുവിനെ കൊലപ്പെടുത്തിയതു പോലെ മറ്റു സ്ത്രീകളെ ഇയാൾ കൊലപ്പെടുത്തിയോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇതിലേക്കും കൂടുതൽ വിശദമായി അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ഇരുപതാമത്തെ വയസ്സിൽ കൊലപാതകക്കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. തിരൂരിൽ ജൂവലറി ഉടമയായിരുന്ന ഗണപതിയെ വധിച്ച കേസായിരുന്നു അത്.
പ്രതി മുജീബിലേക്ക് പൊലീസ് എത്തിയതുകൊലപാതക രീതിയും സിസി ടിവി കേന്ദ്രീകരിച്ച അന്വേഷണത്താലുമാണെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുജീബ് ഉപയോഗിച്ച ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞത് നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമെന്ന് കോഴിക്കോട് റൂറൽ എസ്‌പി അരവിന്ദ് സുകുമാർ വ്യക്തമാക്കി. നടന്നത് അതിക്രൂരമായ കൊലപാതകമാണെന്നം പൊലീസ് പറഞ്ഞു. കൊടും ക്രിമിനലായ മുജീബിന്റെ മുന്നിലേക്ക് അവിചാരിതമായാണ് അനു എത്തിയത്. ആശുപത്രിയിലേക്ക് തിരക്കിട്ട് പോകാനിറങ്ങിയ യുവതിയെ ഇയാൾ സമർഥമായി കെണിയിൽ കുരുക്കുകയായിരുന്നു.
കൊലപാതക രീതിയിൽ നിന്നാണ് മുജീബിനെ സംശയം തോന്നിയതെന്നും എസ് പി അരവിന്ദ് കുമാർ പറഞ്ഞു. അനുവിന്റെ ശരീരത്തിൽ നിന്ന് മോഷ്ടിച്ച സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തള്ളിയിട്ടപ്പോൾ തലയിടിച്ച് വീണ അനുവിന്റെ ബോധം നഷ്ടപ്പെട്ടു. ആളുകൾ കാണുമെന്നതുകൊണ്ട് പ്രതി അനുവിനെ വലിച്ചിഴച്ച് തോട്ടിലേക്ക് ഇടുകയായിരുന്നു. തുടർന്ന് തലയിൽ ചവിട്ടി വെള്ളത്തിൽ താഴ്‌ത്തിയാണ് അനുവിനെ കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടത്തിയ സമയം പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
അനുവിന്റെ സ്വർണം വിൽക്കാൻ മുജീബിനെ സഹായിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതിക്രൂരമായ കൊലപാതകം നടത്തിയതിന് ശേഷം സ്വർണാഭരണം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് അബൂബക്കറിന് നൽകുകയായിരുന്നു.
ആശുപത്രിയിലേക്ക് പോകാൻ മറ്റൊരിടത്തു കാത്തു നിൽക്കുകയായിരുന്ന ഭർത്താവിന്റെ അടുത്തേക്ക് വീട്ടിൽ നിന്നിറങ്ങി ധൃതിയിൽ പോവുകയായിരുന്ന അനു എന്ന യുവതിയാണ് കഴിഞ്ഞ തിങ്കളാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. യുവതി ഗ്രാമീണ റോഡിലൂടെ നടന്നുവരുന്നത് മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി ഈ വഴി വന്ന കൊടും ക്രിമിനൽ മുജീബ് റഹ്മാന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടുത്ത ജംക്ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റി. പിന്നീടായിരുന്നു ദാരുണ കൊലപാതകം.
സിസി ടിവിയിൽ ബൈക്കിന്റെ നമ്പർ തെളിഞ്ഞതും യുവതിയെ ഒരാൾ ബൈക്കിൽ കയറ്റികൊണ്ട് പോകുന്നത് കണ്ടെന്ന പ്രദേശവാസിയുടെ മൊഴിയും കേസിൽ നിർണ്ണായകമായി. കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവേ പ്രതി പൊലീസിനെ ആക്രമിച്ചിരുന്നു. ഗ്ലാസ് കൊണ്ടുള്ള കുത്തേറ്റു എസ് ഐ യുടെ കൈക്ക് പരിക്കുണ്ട്. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. കൊണ്ടോട്ടിയിൽ മോഷണവസ്തു വിൽക്കാൻ പ്രതിയെ സഹായിച്ച അബൂബക്കർ എന്ന ആളും പിടിയിലായി. ഇയാൾക്ക് കൃത്യത്തെക്കുറിച്ച് അറിവില്ല. സംഭവത്തിൽ കൂടുതൽ പ്രതികൾ ഇല്ല.