'എസ്.എം.എസ് കേസിൽ മന്ത്രി പി ജെ ജോസഫിനെ തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് രമ്യാ മേനോൻ കുറ്റവിമുക്തനാക്കി. ജോസഫിനെതിരെ അടിമാലി സ്വദേശി സുരഭിദാസ് നൽകിയ കേസിലാണ് വിധി. ജോസഫ് കുറ്റം ചെയ്തിട്ടില്ലെന്നു തനിക്കു മനസ്സിലായതായി സുരഭിദാസ് കോടതി മുൻപാകെ മൊഴി നൽകിയിരുന്നു. പരാതി തുടർന്നു കൊണ്ടുപോകാൻ താൽപര്യമില്ലെന്നും സ്വമേധയാ കേസ് വേണ്ടെന്ന് വയ്ക്കുകയാണെന്നും ബോധിപ്പിച്ചു. പി.ജെ. ജോസഫ് മൊബൈലിൽ നിന്ന് സുരഭിദാസിന് അശ്ലിലസന്ദേശം അയച്ചെന്നായിരുന്നു കേസ്.
പി.ജെ ജോസഫിനു വേണ്ടി അഭിഭാഷകരായ ബി.രാമൻപിള്ള, കെ.ടി.തോമസ്, ജോസി ജേക്കബ് എന്നിവർ ഹാജരായി.'

ഇത് ഇന്നത്തെ എല്ലാ പത്രങ്ങളിലും ഒരു കോളത്തിൽ വന്ന ഒരുവാർത്തയാണ്. മന്ത്രി ആയിരിക്കവെ ജോസഫ് അശ്ലീല സന്ദേശം ഒരു പെൺകുട്ടിക്ക് അയച്ചു എന്ന അവിശ്വസനീയമായ ആരോപണം ഉയർന്നപ്പോൾ പത്രങ്ങൾക്ക് ഒരു കോളം ആയിരുന്നില്ല വാർത്ത. ഇതിൽ എവിടെയാണ് നീതി? മന്ത്രി അശ്ലീല സന്ദേശം അയച്ചു എന്ന വാർത്ത വായിച്ച ജോസഫ് ഒരു പെണ്ണ് പിടിയനാണ് എന്ന് ചിന്തിച്ച് കഴിയുന്ന അനേകം പേർ ഈ വാർത്ത ഇന്ന് ശ്രദ്ധിച്ചെന്നു വരുമോ? ജോസഫിന് ഒരു ബന്ധവും ഇല്ല എന്ന് പരാതിക്കാരി പറയുമ്പോൾ ഈ ആരോപണം വഴി ജോസഫിന് ഉണ്ടായ അപമാനത്തിന് ആരുത്തരം നൽകും? ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ച പെൺകുട്ടിയെ പിടിച്ച് അകത്തിടേണ്ടതല്ലേ? ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തേണ്ടതല്ലേ?

കുറ്റകരമായ ഈ മൗനം മാദ്ധ്യമങ്ങളുടെ ഭാഗത്ത് മാത്രമല്ല. മന്ത്രി ജോസഫോ ജോസഫിന്റെ അനുയായികളോ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ജോസഫിനെ കരി വാരി തേക്കാൻ പിസി ജോർജും ക്രൈം നന്ദകുമാറും ചേർന്നൊരുക്കിയ കഥ ആയിരുന്നു എന്നാണ് ഇടക്ക് പറഞ്ഞ് കേട്ടത്. അങ്ങനെയെങ്കിൽ ജോസഫും അനുയായികളും തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച കാപാലികർക്കെതിരെ പരസയമായി രംഗത്ത് വരേണ്ടേ. താൻ പെണ്ണുപിടിയനാണ് എന്നെഴുതിയ മാദ്ധ്യമങ്ങളോട് എന്തേ ഒന്നും മിണ്ടാത്തത് എന്ന് ചോദിക്കേണ്ടേ? എന്തുകൊണ്ടാണ് ജോസഫ് ഒന്നും മിണ്ടാത്തത്. ജോസഫ് ശരിക്കും കുറ്റവാളിയാണ് എന്ന് പരസ്യമായി പറഞ്ഞ ചീഫ് വിപ്പും ജോസഫിന്റെ പാർട്ടിക്കാരനുമായ പിസി ജോർജും എന്താണ് ഒന്നും മിണ്ടാത്തത്.

ഈ കോടതി ഉത്തരവുമായി ബന്ധപ്പെട്ട് നമുക്ക് രണ്ട് നിഗമനങ്ങളിലാണ് എത്താവുന്നത്. ഒന്ന്, ജോസഫ് മുൻപ് പറഞ്ഞിരുന്നത് പോലെ പിസി ജോർജും ക്രൈം നന്ദകുമാറും ചേർന്ന് ജോസഫിന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കാൻ ഉണ്ടാക്കിയ കള്ളക്കഥയാണിത്. ഒടുവിൽ സത്യം തെളിഞ്ഞിരിക്കുന്നു. രണ്ട്, ജോസഫ് ശരിക്കും പ്രതി തന്നെയാണ് സ്വാധീനവും പണവും ഉപയോഗിച്ച് പരാതിക്കാരിയെക്കൊണ്ട് കേസ് പിൻവലിച്ചിരിക്കുന്നു. ഇതിൽ ഏതാണ് ശരി എന്നു നിശ്ച്ചയിക്കാൻ തൽക്കാലം മാർഗ്ഗങ്ങൾ ഒന്നുമില്ല.

കോടതിയിൽ പെൺകുട്ടി പറഞ്ഞതു പോലെയും കോടതി അംഗീകരിച്ചതു പോലെയും ജോസഫ് കുറ്റക്കാരനല്ല എന്ന വാദം നമുക്ക് തൽക്കലത്തേക്ക് ശരിയെന്ന് കരുതാം. അങ്ങനെയങ്കിൽ വലിയ ചില ചോദ്യങ്ങൾ ഇവിടെ ഉന്നയിക്കപ്പെടേണ്ടതുണ്ട്. വഴിയെ പോകുന്ന ആർക്കും ആരെക്കുറിച്ചും ഒരു പരാതി ഉന്നയിക്കാം, ആ പരാതിയുടെ പേരിൽ പേര് പരാമർശിക്കപ്പട്ട വ്യക്തിക്കെതിരെ കേസ് എടുക്കാം. ആ കേസിന്റെ അടിസ്ഥാനത്തിൽ പത്ര മാദ്ധ്യമങ്ങളിൽ വാർത്ത എഴുതാം എന്നതാണ് ഇപ്പോൾ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന സമ്പ്രദായം. ഈ പ്രവണത അതിന്റെ ഏറ്റവും വലിയ ഭീകരതയിൽ നിലനിൽക്കുന്നത് കേരളത്തിലാണ്. പരാതിയുടെ അടിസ്ഥാനം ഒന്നുംകാണിക്കാതെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുക്കുകയും അത് അപ്പോൾ തന്നെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. വാസ്തവത്തിൽ ജീവിത കാലം മുഴുവൻ മാന്യമായി ജീവിച്ച ഒരാളായിരിക്കാം തട്ടിപ്പുകാരനും പെണ്ണ് പിടിയനും ഒക്കെയായി മാറുന്നത്.

ഈ കേസിലെ പ്രതി മന്ത്രി ആയിരുന്നതിനാൽ അറസ്റ്റ് ഉണ്ടായില്ല എന്നു മാത്രം, ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ അറസ്റ്റ് ഉണ്ടാവുകയും 15 ദിവസം റിമാൻഡ് ചെയ്യുകയും ചെയ്‌തേനെ. അതിനു ശേഷം ഒന്നോ രണ്ടോ കൊല്ലം അതിന്റെ പിന്നാലെ നടന്ന ശേഷം വെറുതെ വിടുമ്പോൾ പീഢനത്തിന്റെ പേരിൽ മുമ്പ് വാർത്ത എഴുതിയ മാദ്ധ്യമങ്ങൾ കണ്ടെന്നു നടിക്കുകയില്ല. കുറ്റവിമുക്തനാക്കപ്പെട്ടു തിരിച്ചുവന്നാലും അനേകം പേരുടെ മനസിൽ പ്രതിചേർക്കപ്പെട്ട ആൾ പെണ്ണുപിടിയനും പീഢകനുമായി മാറുന്നു. നമ്പി നാരായണന്റെ അവസ്ഥയാണ് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട കേസ്. എന്നാൽ നമ്മുടെ ചുറ്റിനും ഇങ്ങനെ ഇരയാകുന്ന അനേകം പേരുണ്ട്. സ്വന്തം നിരപരാധിത്വം വ്യക്തമാക്കാൻ അവസരം ലഭിക്കാത്ത ഹതഭാഗ്യരാണ് അവർ.

ഈ സാഹചര്യത്തിന് ഒരു മാറ്റം ഉണ്ടാവേണ്ടതില്ലേ? ഒരാൾക്കെതിരെ മറ്റൊരാൾ പരാതി കൊടുത്തു എന്നതിന്റെ പേരിൽ മാത്രം അയാളെ കുറിച്ച് പത്ര മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നത് എങ്കിലും ഒഴിവാക്കാൻ നിയമ നിർമ്മാണം നടത്തേണ്ടതില്ലേ? പൊലീസ് കേസിന്റെ പേരിൽ മാത്രം വാർത്ത എഴുതുന്ന സംവിധാനത്തിന് അറുതി വരുത്തേണ്ടതില്ലേ? വ്യാജപരാതി ആണ് എന്നു തെളിഞ്ഞാൽ പരാതി ഉന്നയിച്ചവരെയും അതിന്റെ പിന്നിൽ കളിച്ചവരെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ സ്വാഭാവികമായ ഒരു നിയമ സംവിധാനവും ഉണ്ടാകേണ്ടതില്ലേ? ഇവിടെ പെൺകുട്ടി കോടതിയിൽ പറയുന്നു ജോസഫ് കുറ്റക്കാരനല്ല എന്ന്. അപ്പോൾ മുൻപ് ജോസഫിനെതിരെ വ്യാജ പരാതി ഉന്നയിച്ച യുവതിയെ അറസ്റ്റ് ചെയ്തു അകത്തിടാൻ എന്തണ് തടസ്സം. അതുപോലെ തന്നെ ജോസഫ് പറഞ്ഞിട്ടുണ്ട് പിസി ജോർജാണ് ഗൂഡാലോചനയുടെ പിന്നിലെന്ന്. എങ്കിൽ എന്തുകൊണ്ട് ജോർജിനെതിരെ കേസ് എടുക്കുന്നില്ല? നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാൻ ഇത്തരം ചില കാര്യങ്ങൾ അത്യാവശ്യം തന്നെയാണ്.