- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയുടെ ഒരു രേഖയും പഞ്ചായത്തില്‍ ഇല്ല; തോന്നയ്ക്കലിലെ ഫാക്ടറിക്ക് മംഗലാപുരം പഞ്ചായത്ത് ലൈസന്‍സും നല്‍കിയിട്ടില്ല; രേഖകള്‍ മറുനാടന്‍
തിരുവനന്തപുരം: തോന്നയ്ക്കല്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിക്ക് പഞ്ചായത്ത് ലൈസന്‍സുമില്ല. മംഗലാപുരം ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ചു നല്‍കേണ്ട പഞ്ചായത്ത് ലൈസന്‍സ് 2023 ജൂണ്‍ 30 മുതല്‍ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിക്ക് പുതുക്കി നല്കിയിട്ടില്ലായെന്ന വിവരാവകാശ രേഖയാണ് മറുനാടന്‍ പുറത്തുവിടുന്നത്. ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിക്ക് കമ്പിനിയുടെ പ്രവര്‍ത്തനാരംഭ കാലം മുതല്‍ നാളിതുവരെ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ഒസി ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ മറുനാടന്‍ പുറത്ത് വിട്ടിരുന്നു. തുടരന്വേഷണത്തിലാണ് പഞ്ചായത്ത് ലൈസന്‍സുമില്ലെന്ന് വ്യക്തമാകുന്നത്.
ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയുമായി ബന്ധപ്പെട്ട ഒരു രേഖയും നിലവില്‍ പഞ്ചായത്തിന്റെ കൈവശമില്ലാ എന്നതും വിവരാവകാശത്തില്‍ തെളിയുന്നുണ്ട്. അപകടകരമായ തരത്തില്‍ ജനനിബിഡ പ്രദേശത്ത് എല്‍എന്‍ജി ഗ്യാസ് സ്റ്റോറേജ് പ്രവര്‍ത്തിക്കുന്നതായി മറുനാടന്‍ നടത്തിയ അന്വേഷണത്തില്‍ നേരത്തെ വ്യക്തമായിരുന്നു. ഈ ഗ്യാസ് പ്ലാന്റിനാണ് പഞ്ചായത്ത് അനുമതിയില്ലെന്ന് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതിനൊപ്പം 2023 ജൂണ്‍ 30 മുതല്‍ പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് ലൈസന്‍സും 2023 ഡിസംബര്‍ 31 മുതല്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേയ്സ് ലൈസന്‍സും ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിക്ക് പുതുക്കി നല്‍കിയിട്ടില്ല.
1,10,180/ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത് എന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ എന്‍ഒസി ക്കായി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിക്ക് നല്കിയ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരാവകാശ രേഖമറുനാടന് ലഭിച്ചിട്ടുണ്ട്. ഇതിലെ ഭൂരിഭാഗം കെട്ടിടവും ജീര്ണ്ണനാവസ്ഥയിലാണെന്നും ആരോപണമുണ്ട്. ഇവയെല്ലാം ബില്‍ഡിങ് സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നേടാത്തതും ഭൂരിഭാഗവും പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കാത്തതുമാണെന്നാണ് ആക്ഷേപം.
പതിനേഴ് കൂറ്റന്‍ കോണ്‍ക്രീറ്റ് ടാങ്കുകള്‍ ഈ ഫാക്ടറിക്ക് അകത്ത് നിര്‍മ്മിച്ചിട്ടുണ്ട്. ഇവയ്ക്കൊന്നും പഞ്ചായത്ത് ലൈസന്‍സ് ലഭിച്ചിട്ടില്ല. 20 വര്‍ഷത്തിലേറെ പഴക്കമുള്ള ജീര്ണ്ണനാവസ്ഥയിലുള്ള ഈ ടാങ്കുകളില്‍ ഒന്നായ നാലാം ടാങ്ക് എന്നറിയപ്പെടുന്ന ടാങ്ക് ഫയര്‍ ടാങ്കാണെന്ന് വരുത്തി തീര്‍ത്ത് ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ഒസി നല്‍കാനുള്ള നീക്കം ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നതായി ആക്ഷേപമുണ്ട്. ഈ പറയുന്ന നാലാം നമ്പര്‍ ടാങ്കിന്റെ അടിഭാഗം മുഴുവന്‍ കോണ്‍ക്രീറ്റും നശിച്ച് അതിഗുരുതരാവസ്ഥയിലാണെന്ന വാദവും സജീവമാണ്. അതുകൊണ്ട് തന്നെ വ്യക്തമായ പരിശോധന അനിവാര്യമാണ്.
പഞ്ചായത്ത് അനുമതി ലഭിക്കാത്ത നിരവധി കെട്ടിടങ്ങളും, കൂറ്റന്‍ ടാങ്കുകളും ഉള്ള, പരിസ്ഥിതിയെ ഗുരുതരമായി ചൂഷണം ചെയ്യുന്ന കമ്പനിയായി തോന്നയ്ക്കല്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി മാറുന്നുവെന്നാണ് ആക്ഷേപം. സ്വകാര്യ കമ്പനിയായ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ഉടനടി നിയമ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഒന്നും സംഭവിക്കുന്നില്ലെന്നതാണ് വസ്തുത.
ഈ കമ്പനി മാനേജ്മെന്റും ഉദ്യോഗസ്ഥരും തമ്മിലുള്ള നിയമവിരുദ്ധമായ ബന്ധത്തിന് തെളിവുകളുണ്ടെന്ന സംശയമാണ് ഇതോടെ ഉയരുന്നത്. ഇതിന് പിന്നില്‍ പലവിധ അഴിമിതകളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ തോന്നയ്ക്കലിലെ എല്‍എന്‍ജി ഗ്യാസ് സ്റ്റോറേജിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസിയിലില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.