- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാരങ്ങാനം പഞ്ചായത്തിലെ സിപിഎം അംഗം ആബിതാ ഭായിക്കെതിരേ ഐബി അന്വേഷണം
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രപ്രതിഷ്ഠയെ അവഹേളിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിന് ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് സിപിഎം അംഗം ആബിദാ ഭായിക്കെതിരേ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അന്വേഷണം.
മാസങ്ങൾക്ക് മുൻപ് പഞ്ചായത്ത് ഓഫീസിൽ റിവോൾവറുമായി വന്ന് പ്രവർത്തനം വിശദീകരിച്ചു കാണിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഐബി ഉദ്യോഗസ്ഥർ തെളിവെടുപ്പിനെത്തിയത്. വിവിധ തരം റിവോൾവറുകളുടെ ചിത്രങ്ങൾ കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഉള്ളവരിൽ നിന്ന് ഐബി ഉദ്യോഗസ്ഥർ തെളിവു ശേഖരിച്ചുവെന്നാണ് വിവരം.
അയോധ്യ പ്രതിഷ്ഠയോട് അനുബന്ധിച്ച് മതസ്പർധ വളർത്തുന്ന രീതിയിൽ ആബിത ഭായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ബിജെപിയുടെ പരാതിയെ തുടർന്ന് ആറന്മുള പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തതോടെ ഇവർ ഒളിവിലാണ്. സിപിഎമ്മിന്റെ ജില്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവർ അവരുടെ സംരക്ഷണയിലാണെന്നാണ് വിവരം. സമാനരീതിയിലുള്ള ഫേസ് ബുക്ക് പ്രചാരണം മുൻപും ആബിദാ ഭായി നടത്തിയിട്ടുണ്ട്. ശബരിമലയിലെ മണിക്കൂറുകൾ നീളുന്ന ക്യൂവിൽ നിന്ന വയോധിക ചാനലുകൾക്ക് നൽകിയ ബൈറ്റ് എടുത്ത് അവരെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിട്ടിരുന്നു.
തോക്കുമായി അബിദ പഞ്ചായത്ത് ഓഫീസിൽ വന്നത് മാസങ്ങൾക്ക് മുൻപാണ്. ഒരു ചുവന്ന കാറിലാണ് ഇവർ എത്തിയത്. ഓഫീസിൽ വച്ച് ഇവർ തോക്ക് ലോഡ് ചെയ്യുന്നത് അടക്കമുള്ള പ്രക്രിയകൾ മറ്റുള്ളവരെ കാണിച്ചു. ഇത് കണ്ടവരിൽ ചിലർ അപ്പോൾ തന്നെ രഹസ്യാന്വേഷണ ഏജൻസികളെ വിവരം അറിയിച്ചു. ഇവർ വന്ന കാറിന്റെ നിറവും തോക്കിന്റെ ആകൃതിയും അടക്കം വിവരങ്ങൾ കൈമാറിയിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങൾ വിവരം എസ്‌പിക്ക് നൽകി. എസ്‌പിയുടെ നിർദേശ പ്രകാരം പത്തനംതിട്ട ഡിവൈഎസ്‌പി ആറന്മുള എസ്എച്ച്ഓയോട് അടിയന്തിരമായി അന്വേഷിക്കാൻ ഉത്തരവിട്ടു.
ഇതിന് ശേഷം അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷിക്കാൻ വരുന്ന വിവരം അപ്പോൾ തന്നെ ആബിതാ ഭായിക്ക് ചോർന്നു കിട്ടി. ഇവർ അപ്പോൾ തന്നെ അവിടെ നിന്ന് മുങ്ങി. ആബിദാ ഭായി അവിടെ നിന്ന് പോയി എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പൊലീസ് ടീം എത്തിയതെന്ന് പറയുന്നു.
രാഷ്ട്രീയ സമ്മർദം ഇക്കാര്യത്തിൽ ഉണ്ടായിയെന്നും രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് സംശയം ഉണ്ട്. പഞ്ചായത്ത് ഓഫീസിൽ അബിതയെ കാണാതെ വന്നപ്പോൾ പൊലീസ് സംഘം ഇവരുടെ വീട്ടിൽ ചെന്ന് പരിശോധന നടത്തി. തോക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടും നൽകി. പൊലീസിന്റെ ഭാഗത്തെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐബി ഇടപെട്ടത്.
ഇത്രയും ഗൗരവമേറിയ ഒരു കാര്യമായിട്ടു കൂടി ലോക്കൽ പൊലീസ് കാണിച്ച അനാസ്ഥയും ഐബി പരിശോധിക്കുമെന്നാണ് വിവരം. അന്വേഷണം നടക്കുന്ന വിവരം ആബിദാ ഭായിക്ക് പൊലീസിൽ നിന്ന് ചോർത്തിക്കൊടുത്തത് ആരെന്നതും അന്വേഷിക്കും. ഐബിയുടെ തെളിവെടുപ്പിൽ ആബിദ കൊണ്ടു വന്നുവെന്ന് പറയുന്ന തോക്ക് ഏതാണെന്ന് തിരിച്ചറിഞ്ഞുവെന്നാണ് വിവരം.