- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറുനാടൻ മലയാളിക്ക് എതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം; മാധ്യമസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി അഭിനയിക്കുന്നവർ തന്നെ പൂട്ടിച്ചേ അടങ്ങു എന്ന് പറഞ്ഞ് തുനിഞ്ഞിറങ്ങിയിരിക്കുന്നു; മാധ്യമവേട്ട ഇടതുസർക്കാരിന് തന്നെ തിരിച്ചടിയാകും; ഇന്നുഞാൻ നാളെ നീ, അതിൽ ഒരുമാറ്റവുമില്ല; മറുനാടന് ഒന്നും സംഭവിക്കില്ലെന്ന് അഡ്വ.എ.ജയശങ്കർ
കൊച്ചി: മറുനാടൻ മലയാളിക്ക് എതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ. ഇടതുസർക്കാരിന്റെ മാധ്യമവേട്ട അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും പൊതുജനങ്ങൾ ഒരിക്കലും ഇതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും, അദ്ദേഹം മറുനാടനോട് പറഞ്ഞു.
അഡ്വ.എ. ജയശങ്കറുടെ വാക്കുകൾ:
രാജ്യം തന്നെ മാധ്യമ സ്വാതന്ത്ര്യത്തിൽ പിന്നോട്ടുപോയി എന്നത് സമീപകാലത്ത് പുറത്തുവന്ന വാർത്തയാണ്. അതുവാർത്തയായി വന്നില്ലെങ്കിൽ പോലും യാഥാർഥ്യമാണ്. ദേശീയ-പ്രാദേശികാടിസ്ഥാനത്തിൽ, മാധ്യമങ്ങൾക്കെതിരെ വലിയ പ്രതികാര നടപടികളാണ് ഭരിക്കുന്ന ഭാഗത്തുനിന്നുള്ളത്. അതിന് ഇന്ന പാർട്ടിയെന്നോ, മുന്നണിയെന്നോ ഒരു വ്യത്യാസവുമില്ല. ബംഗാളിൽ, മമത അവിടുത്തെ മാധ്യമങ്ങൾക്കെതിരെ നടപടി എടുക്കുന്നത് പോലെ, ദേശീയാടിസ്ഥാനത്തിൽ, ബിജെപി, മോദി സർക്കാർ മാധ്യമങ്ങളെ പ്രീണിപ്പിച്ചും, പ്രലോഭിപ്പിച്ചും, അതല്ലെങ്കിൽ ഭീഷണിപ്പെടുത്തിയും, ബലപ്രയോഗത്തിലൂടെയും ശ്രമിക്കുന്നത് പോലെ. കേരളത്തിൽ, പിണറായി വിജയൻ നയിക്കുന്ന സർക്കാർ അവരുടെ, രാഷ്ടീയ പാർട്ടി, സിപിഎം, അതിലെ സൈബർ ഗൂണ്ടകൾ, അതിലെ തന്നെ ചില എംഎൽഎമാർ, ചില പ്രമുഖ വ്യക്തികൾ, അവരെ പിന്തുണയ്ക്കുന്ന സാംസ്‌കാരിക നായകർ, ഇവരെല്ലാവരും, ഏറിയും കുറഞ്ഞും, മാധ്യമങ്ങളെ പലരീതിയിൽ ഭയപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.....
മുഖ്യധാരാ മാധ്യമങ്ങൾക്ക് നേരേ ഇത്രയും വലിയ വേട്ട നടക്കുമ്പോൾ, മറ്റുസ്ഥാപനങ്ങളുടെ സ്ഥിതി എന്തായിരിക്കും എന്നൂഹിക്കാവുന്നതേയുള്ളു. അതിന്റെ തുടർച്ചയായാണ് മറുനാടൻ മലയാളി പോലുള്ള ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നടക്കുന്ന വേട്ട. സംഘടിതമായ ആക്രമണമാണ്. പണവും, സ്വാധീനവും ഉള്ള ആളുകൾക്ക് പൊലീസ് സ്വാധീനം ഉപയോഗിച്ച്, ആരെയും അടിച്ചമർത്താം, എന്ന രീതിയിലേക്ക് കാര്യങ്ങൾ പോയിരിക്കുന്നു.
ഷാജൻ സ്‌കറിയയ്ക്ക് നേരേ ലണ്ടൻ എയർപോർട്ടിൽ വച്ച് ആക്രമണം ഉണ്ടായി എന്ന രീതിയിലൊരു വാർത്ത, പുറത്തുവന്നു. അങ്ങനെയൊരു ആക്രമണം നടക്കുക സാധ്യമല്ല. നടന്നാൽ നിമിഷങ്ങൾക്കകം പൊലീസിന്റെ പിടിയിലാകും. ഇങ്ങനെയൊരു വാർത്ത പുറത്തുവന്ന സമയത്ത് ഇവിടെ ഇടതുപക്ഷ കേന്ദ്രങ്ങളിൽ ഉണ്ടായ വലിയ ആഹ്ലാദാരവം അതുനമ്മളെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഷാജൻ സ്‌കറിയയ്ക്ക് ഒരടിയേ കിട്ടിയുള്ളു, ഇനിയും കിട്ടണം, ഇതൊരു തുടക്കമാണ് എന്ന രീതിയിൽ നിരന്തരം വാർത്തകൾ വന്നു. അതുപോലെ പി വി അൻവർ പരാതി കൊടുക്കുകയും, പൊലീസ്, നടപടിയെടുക്കും എന്ന ഘട്ടം വന്നു. ഈ വിഭാഗങ്ങളിൽ നിന്ന് വലിയ ആഹ്ലാദാരവങ്ങളാണ് ഉയരുന്നത്. കാരണം അവരെ സംബന്ധിച്ചിടത്തോളം, ഇങ്ങനെ സത്യം വിളിച്ചുപറയുന്ന ഓൺലൈൻ പോർട്ടൽ ആണെങ്കിൽ പോലും, നിശ്ശബ്ദമാക്കേണ്ടതുണ്ട്. അവരുടെ സ്തുതി ഗായക വൃന്ദത്തിൽ കൊണ്ടുവരേണ്ടത് ആവശ്യവുമാണ്.
അതുകൊണ്ട്, മാധ്യമസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി എല്ലായ്‌പോഴും അഭിനയിക്കുന്ന, അല്ലെങ്കിൽ ഭാവിക്കുന്ന, സിപിഎമ്മുകാരും, അവരുടെ സൈബർ ഗൂണ്ടകളും, ഇതൊരു ആഘോഷത്തിന്റെ അവസരമാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരുപോസ്റ്റ് കണ്ടു, മാധ്യമ പ്രവർത്തകരെ എവിടെ കണ്ടാലും, അവിടെ വച്ച് തല്ലണം, എന്ന രീതിയിലൊരു ക്യാമ്പെയിൻ ആരംഭിക്കുകയാണ് എന്ന്. ഇതുതീർത്തും ആപത്കരമായ സാഹചര്യമാണ്.
ചില കോൺഗ്രസ്് നേതാക്കൾ ഒഴിച്ചാൽ, മറ്റെല്ലാവരും കുറ്റകരമായ മൗനമാണ് പുലർത്തുന്നത്. ഇത് ഒരുകാരണവശാലും നമ്മുടെ ജനാധിപത്യ സംവിധാനത്തിന് ഗുണകരമല്ല. ഇന്നു മറുനാടന് ഉയരുന്ന അതേഭീഷണി നാളെ, കഴിഞ്ഞ് മറ്റന്നാൾ, മാർക്‌സിസ്റ്റ് പാർട്ടിയുടെ ഭരണമില്ലാത്ത സമയത്ത് ദേശാഭിമാനിക്കും, കൈരളിക്കും, അവരുടെ മറ്റു മാധ്യമസ്ഥാപനങ്ങൾക്കും നേരേ ഉയരുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇതുആർക്കും വേലി കെട്ടിയിട്ടൊന്നും ഇല്ല. ഇന്നുനീ നാളെ ഞാൻ എന്നതാണ് തത്ത്വം, അതിൽ യാതൊരു മാറ്റവുമില്ല.
ഷാജൻ സ്‌കറിയയെ സംബന്ധിച്ചിടത്തോളം മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും തുറന്നുപറയാൻ മടിക്കുന്ന കാര്യങ്ങൾ, മറുനാടനിലൂടെയാണ് പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് വലിയ ശത്രുത വച്ചുപുലർത്തുന്ന വിഭാഗങ്ങളുണ്ട്. അതിൽ ചില ബിസിനസ് ഗ്രൂപ്പുകളുണ്ട്. ഉദാഹരണത്തിന് ജോയ് അലുക്കാസ് റെയ്ഡ് ചെയ്ത വിവരം ലോകത്തോടു വിളിച്ചുപറഞ്ഞത് ഷാജൻ സ്‌കറിയ. മുഖ്യധാരാ മാധ്യമങ്ങൾ പരസ്യം കിട്ടും എന്നതിനാൽ അമർത്തി വയ്ക്കാനാണ് ശ്രമിച്ചത്. അതുപോലെ മറ്റുപല വാർത്തകളും.
അതുകൊണ്ട് തന്നെ മറുനാടൻ മഞ്ഞപത്രമാണ്, മാധ്യമസംസ്‌കാരത്തിന് എതിരാണ് എന്നുപരത്താൻ, ശ്രമം കുറെ കാലമായി ഉണ്ട്. നേരത്തെ തന്നെ സിപിഎമ്മിലും മറ്റും പെട്ട ആളുകൾ മറുനാടന് എതിരെ പല കേസുകൾ കൊടുക്കുകയും, വക്കീൽ നോട്ടീസ് അയച്ച് നിർവൃതി അടയുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും അപകടകരമായ സ്ഥിതിയിലേക്ക് എത്തിയിരുന്നില്ല. ഇപ്പോഴാണ് എല്ലാ എതിർ ശക്തികളും ഒറ്റക്കെട്ടായി നിൽക്കുകയും, ഈ സംഭവം പൂട്ടിച്ചിട്ടേ വേറെ കാര്യമുള്ളു, എന്ന രീതിയിൽ തുനിഞ്ഞിറങ്ങുകയും ചെയ്തിട്ടുള്ളത്. ഇതിനെ മറികടക്കാൻ കഴിയും എന്നതാണ് നമ്മളിപ്പോൾ താൽപര്യപൂർവം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ രീതിയിലുള്ള പ്രവർത്തനം ഒരുകാരണവശാലും നമ്മൾക്ക് അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ല. ഇത് മൗലികാവകാശത്തിന്റെ ധ്വംസനമാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഇതുപോലുള്ള പ്രവർത്തികളെ ഒരുകാരണവശാലും പൊതുജനങ്ങൾ പ്രോത്സാഹിപ്പിക്കുകയില്ല. ഇന്നിപ്പോൾ, അധികാരമുണ്ട്, പണമുണ്ട്, എന്നുള്ളതുകൊണ്ട് എന്തും ചെയ്തുകളയാം എന്നുള്ള സിപിഎമ്മിന്റെയും, സിപിഎമ്മിന്റെ തൊഴുത്തിൽ കെട്ടിയിട്ടുള്ള അൻവർ മുതലാളിയെ പോലുള്ളവരുടെ ധാരണ വെറും മിഥ്യാധാരണയാണ്. ഇവർക്ക് കാലം കൃത്യമായ തിരിച്ചടി നൽകും എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ