- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഴക്കടൽ മത്സ്യബന്ധനക്കരാർ റദ്ദാക്കിയതിൽ സർക്കാരിനെ എടുത്തു കുടഞ്ഞ് എജിയുടെ ഓഡിറ്റ് റിപ്പോർട്ട്; കെഎസ്ഐഎൻസി-ഇഎംസിസി ധാരണാപത്രം റദ്ദാക്കാനുള്ള തീരുമാനം ഏകപക്ഷീയവും, നീതിരഹിതവും; കോർപറേഷന് വരുത്തിയത് 7.37 കോടിയുടെ കടുത്ത നഷ്ടം; മുൻ എംഡി എൻ.പ്രശാന്തിന്റെ വാദങ്ങൾ ശരി വച്ച് എജി റിപ്പോർട്ട്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിനെ കുഴപ്പത്തിൽ ചാടിച്ച കുരുക്കായിരുന്നു ആഴക്കടൽ മത്സ്യബന്ധനവിവാദം. അധികം ആരും മറന്നുകാണില്ല. ആഴക്കടൽ മത്സ്യബന്ധനത്തിന് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) യുഎസ് കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പുവച്ചതോടെയാണ് വിവാദം തലപൊക്കിയത്. അന്നത്തെ കെഎസ്ഐഎൻസി എംഡി എൻ.പ്രശാന്തിന്റെ തലയ്ക്ക് പഴി ചാരി രക്ഷപ്പെടാനായിരുന്നു സർക്കാരിന് തിടുക്കം. പ്രശാന്തിനെ 'മഹാൻ' എന്നുവരെ വിശേഷിപ്പിച്ച് മുഖ്യമന്ത്രി പരോക്ഷമായി പരിഹസിച്ചു. സർക്കാരിനെ മത്സ്യത്തൊഴിലാളികളിൽ നിന്ന് അകറ്റാൻ വലിയ ഗൂഢാലോചന എന്നും മറ്റുമായിരുന്നു ആക്ഷേപം. എന്നാൽ, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) യുഎസ് കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പുവച്ചത് ചട്ടങ്ങൾ പാലിച്ചാണെന്ന് മറുനാടൻ രേഖകൾ സഹിതം അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ശരി വച്ചു കൊണ്ട് എജിയുടെ( പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ) ഓഡിറ്റ് റിപ്പോർട്ട് വന്നിരിക്കുകയാണ്. കെ എസ് ഐ എൻ സിയുടെ സ്വയംഭരണത്തിലും വാണിജ്യ പ്രവർത്തനത്തിലും സർക്കാരിന്റെ കടിഞ്ഞാൺ മൂലം 7.37 കോടിയുടെ നഷ്ടം ഖജനാവിന് സംഭവിച്ചു എന്ന വിമർശനത്തോടെ പിണറായി സർക്കാരിനെ എടുത്തുകുടഞ്ഞിരിക്കുകയാണ് എജി.
സർക്കാരിന്റെ ആരോപണങ്ങൾ
സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെയും ചട്ടങ്ങൾ ലംഘിച്ചുമാണ് ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നു കുറ്റപ്പെടുത്തിയാണു കെഎസ്ഐഎൻസിക്കും എംഡി എൻ.പ്രശാന്തിനുമെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. എൻ പ്രശാന്തിനെ നിയമത്തിൽ കുരുക്കാൻ ലക്ഷ്യമിട്ടായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.
ഉൾനാടൻ ജലഗതാഗത വകുപ്പു മേധാവി കൂടിയായ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കെഎസ്ഐഎൻസി ധാരണാപത്രവുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹത്തിനു കൈമാറിയിരുന്നു.
ധാരണാപത്രം ഒപ്പിടുന്നതിനു മുൻപു ഹൈക്കോടതി അഭിഭാഷകൻ ബാബു ജോസഫ് കുരുവത്തഴയിൽ നിന്നും ഒപ്പിട്ടതിനു ശേഷം സുപ്രീം കോടതി മുൻ ജഡ്ജി കെ.എസ്പി.രാധാകൃഷ്ണനിൽ നിന്നും കെഎസ്ഐഎൻസി നിയമോപദേശം തേടിയിരുന്നു. ഇവ രണ്ടും ധാരണാപത്രം നിയമപ്രകാരമാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെ മുൻകൂട്ടി അറിയിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു.
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസിക്ക് അനുമതി നൽകിയതു സർക്കാർ അസെൻഡിൽ ഒപ്പിട്ട ആദ്യ ധാരണാപത്രമായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണു രണ്ടാമത്തെ ധാരണാപത്രം ഒപ്പിട്ടതെന്നും രേഖകൾ പരസ്യമായതോടെ തെളിഞ്ഞിരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ആദ്യ ധാരണാപത്രം ഒപ്പിട്ടതു സംസ്ഥാന സർക്കാർ തന്നെയെന്ന് നേരത്തെ വ്യക്തമായിരുന്നു..
കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിന്റെ ഭാഗമായി ഒപ്പിട്ട ധാരണാപത്രം കെഎസ്ഐഡിസിയും ഇഎംസിസിയും തമ്മിലാണെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാൽ, സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലായിരുന്നു ധാരണാപത്രം എന്നും അതിൽ സർക്കാരിന്റെ പ്രതിനിധിയായി കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം ഒപ്പിടുക മാത്രമാണു ചെയ്തതെന്നുമാണ് രേഖകൾ തെളിയിച്ചത്.
സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലാണ് ധാരണാപത്രമെന്ന് അതിന്റെ തലക്കെട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ധാരണാപത്രത്തിലെ ആദ്യ ധാരണ തന്നെ കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാനും നിലവാരമുയർത്താനുമുള്ള മത്സ്യബന്ധന ഗവേഷണ പദ്ധതിക്കായി 5000 കോടി രൂപയുടെ നിക്ഷേപം എന്നതാണ്. 2020 സെപ്റ്റംബർ 2നു തുടങ്ങുന്ന പദ്ധതിവഴി മത്യത്തൊഴിലാളികൾക്ക് 20,000 ജോലികൾ സൃഷ്ടിക്കും. ഇതിനായി ഇഎംസിസിക്ക് വേണ്ട സഹായങ്ങളെല്ലാം സംസ്ഥാന സർക്കാർ നൽകുമെന്നും ധാരണാപത്രം പറയുന്നുണ്ട്. ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ തുടക്കത്തിൽ വിവാദങ്ങൾ ഉയർന്നതോടെ പ്രതിരോധത്തിലായ സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ ഉത്തരവാദിത്തം കെട്ടിവച്ച് തലയൂരാനായിരുന്നു ശ്രമം നടത്തിയത്. പി്ന്നീട് കരാർ റദ്ദാക്കുകയും ചെയ്തു.
എജിയുടെ നിരീക്ഷണങ്ങളും വിമർശനങ്ങളും
ഇഎംസിസി കേരളസർക്കാരിൽ നിന്ന് പ്രധാനമായി പിന്തുണ തേടിയത് കടൽ ഉൽപ്പന്ന സംഭരണത്തിനും, സംസ്കരണത്തിനും വേണ്ട മതിയായ ഭൂമി ലഭ്യമാക്കാനാണ്. ഇതിനായി സർക്കാരും ഇഎംസിസിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. പദ്ധതിയുടെ സുഗമമായ പ്രവർത്തനവും സർക്കാർ വാഗ്ദാനം ചെയ്തു. 400 ആഴക്കടൽ ട്രോളറുകൾ, അഞ്ച് മദർ വെസലുകൾ, ആധുനിക മത്യബന്ധന തുറമുഖ നിർമ്മാണം, കടൽ ഉൽപ്പന്ന സംസ്കരണ പ്ലാന്റുകൾ, ബോട്ട് നിർമ്മാണ, അറ്റകുറ്റപ്പണി യാർഡുകൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.
സർക്കാരും ഇഎംസിസിയും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ, ഇഎംസിസി 400 ആഴക്കടൽ ട്രോളറുകൾ വിതരണം ചെയ്യാനുള്ള നിർദ്ദേശവുമായി 2020 ഒക്ടോബറിൽ ഇഎംസിസിയെ സമീപിച്ചു. 2021 ഫെബ്രുവരിയിൽ 400 ആഴക്കടൽ ട്രോളറുകൾക്കായി ഇംഎസിസിയും കെഎസ്ഐഎൻസിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. 7.373 കോടിയാണ് കെഎസ്ഐഎൻസിക്ക് പ്രതിഫലം വാഗ്ദാനം ചെയ്തത്. 2950 കോടി പദ്ധതി ചെലവിന്റെ 0.25 ശതമാനം. അതിനിടെ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവല്പമെന്റ് കോർപറേഷൻ 2021 ഫെബ്രുവരിയിൽ ഇഎംസിസിക്ക് കെഎസ്ഐഡിസിയുടെ ആലപ്പുഴ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാർക്കിൽ 30 വർഷത്തെ പാട്ടത്തിന് നാല് ഏക്കർ സ്ഥലം കടൽ ഉൽപ്പന്ന സംസ്കാരണ യൂണിറ്റിനായി അനുവദിച്ചു. എന്നാൽ, 2021 ഫെബ്രുവരിയിലെ സർക്കാർ ഉത്തരവ് വഴി കെഎസ്ഐഎൻസിയും ഇഎംസിസിയും തമ്മിലുള്ള കരാർ സർക്കാർ റദ്ദാക്കി. സർക്കാരിന്റെ മത്സ്യബന്ധന നയത്തിന് വിരുദ്ധമാണ് എന്ന കാരണം പറഞ്ഞാണ് ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറിയത്.
1. സംസ്ഥാനത്തിന്റെ തീരക്കടലിന് പുറത്ത് നിയമനിർമ്മാണത്തിന് കേന്ദ്രത്തിനാണ് സമ്പൂർണാധികാരം. 1991 ലെ കേന്ദ്രസർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധന നയം ആഴക്കടലിലെ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ തീരക്കടലിലെ മത്സ്യബന്ധനത്തിനായി ചട്ടങ്ങൾ രൂപവത്കരിച്ച് 2019 ലെ സംസ്ഥാന ഫിഷറീസ് നയവും നിലവിലുണ്ട്. അതുകൊണ്ട് തന്നെ, കെഎസ്ഐഎൻസി ഇഎംസിസിയുമായി ഒപ്പുവച്ച ധാരണാപത്രം സംസ്ഥാനത്തിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമാണെന്ന സർക്കാർ പരാമർശം വസ്തുതാപരമായും നിയമപരമായും തെറ്റാണ്. ആഗോള നിക്ഷേപ സംഗമത്തിൽ വളരെ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പദ്ധതിക്ക് നിർദ്ദേശം വന്നത്. പദ്ധതിയുടെ കാതലാകട്ടെ, ആഴക്കടൽ മത്സ്യബന്ധനവും, സംസ്കരണവുമായിരുന്നു. സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലുള്ള ധാരണാപത്ര പ്രകാരം, സർക്കാർ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുകൂലമായിരുന്നു. കെ എസ്ഐഡിസി ഇഎംസിസിക്ക് ഭൂമി അനുവദിച്ചതും ഇതിന് തെളിവാണ്. അതുകൊണ്ട് തന്നെ കെഎസ്ഐഎൻസിയും, ഇഎംസിസിയും തമ്മിലുള്ള വാണിജ്യ കരാർ റദ്ദാക്കാനുള്ള തീരുമാനം ഏകപക്ഷീയവും, നീതിരഹിതവും ആയിരുന്നു.
2. കെ എസ് ഐ എൻ സിയുടെ മെമോറാൻഡം ഓഫ് അസോസിയേഷൻ പ്രകാരം മുഖ്യലക്ഷ്യം തന്നെ ട്രോളറുകളുടെയും കപ്പലുകളുടെയും നിർമ്മാണം, വിൽപ്പന, വാടകയ്ക്ക് എടുക്കൽ, വാണിജ്യം എന്നിവയാണ്. ഇത്തരം വാണിജ്യ കരാറുകളിൽ ഏർപ്പെടും മുമ്പ് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. ഇതിന് കമ്പനി ഡയറക്ടർ ബോർഡിന് അധികാരമുണ്ട്. അതുകൊണ്ട് ഇഎംസിസിയുമായുള്ള ധാരണാ പത്രം റദ്ദാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഈ വാണിജ്യ സ്ഥാപനത്തിന്റെ സ്വയംഭരണാവകാശത്തെ ലംഘിക്കുന്നതായിരുന്നു.
3.ബിസിനസിലെ കുറവ് കൊണ്ട് കെഎസ്ഐഎൻസി കഴിഞ്ഞ അഞ്ചുവർഷമായി കടുത്ത നഷ്ടം പേറി വരികയാണ്. 2015-16 മുതൽ 2019-20 വരെ മൊത്തം കമ്പനി നഷ്ടം 12.03 കോടിയാണ്. ശരാശരി വാർഷിക നഷ്ടം 2.41 കോടിയും. ഈ കഷ്ടകാലം നീക്കാൻ അധിക നിക്ഷേപ മുതൽമുടക്കില്ലാതെ, 7.37 കോടിയുടെ വരുമാനം ഉണ്ടാക്കാവുന്ന കരാർ നിർദ്ദേശമായിരുന്നു ഇഎംസിസിയുമായുള്ളത്. അതുകൊണ്ട് കരാറിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ഒഴിവാക്കാമായിരുന്നു എന്നു മാത്രമല്ല, കമ്പനിയുടെ വളർച്ചയ്ക്കും, തൊഴിൽ ഉത്പാദനത്തിനും തടസ്സമാകും വിധം നഷ്ടം വരുത്തുകയും ചെയ്തു എന്ന് എജി ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
എന്തായാലും ഓഡിറ്റ് റിപ്പോർട്ടിലെ വിമർശനങ്ങൾ വ്യവസായ സൗഹൃദമെന്ന് ഭാവിക്കുന്ന പിണറായി സർക്കാരിന് വലിയ തിരിച്ചടി തന്നെയാണ്.
മുഖ്യമന്ത്രിയുടെ പഴയ വിശദീകരണം
സർക്കാരിന് ക്യത്യമായ നയമുണ്ട്. അതിന് വിരുദ്ധമായി ഏതോ ചില നിലകളുടെ ഭാഗമായി ഒരു ഒപ്പിടൽ നാടകം നടന്നു. അതാണ് എം.ഒ.യു നാടകം. അത് ശ്രദ്ധയിൽപ്പെട്ട ഉടനെ റദ്ദ് ചെയ്യുകയും തുടർ നടപടി എടുക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മൂന്നാം ധാരണാപത്രവും സർക്കാർ റദ്ദാക്കിയിരുന്നു. പള്ളിപ്പുറത്ത് ഭക്ഷ്യ സംസ്കരണ പാർക്കിന് സ്ഥലം അനുവദിച്ച ധാരണാ പത്രമാണ് റദ്ദാക്കിയത്. തീര മേഖലയിലെ എതിർപ്പ് തിരിച്ചറിഞ്ഞായിരുന്നു തീരുമാനം. ആഴക്കടലിനെ അമേരിക്കൻ കുത്തകയ്ക്ക് തീറെഴുതാനുള്ള നീക്കമാണ് നടന്നതെന്ന ആരോപണം അതിശക്തമായി ഉയർന്നിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് വിവാദം കത്തി നിൽക്കാൻ ഇടതുപക്ഷം ആഗ്രഹിച്ചിരുന്നില്ല. ഭരണ തുടർച്ച ഉറപ്പാക്കാൻ വേണ്ടി കൂടിയായിരുന്നു തീരുമാനം.
നാല് ഏക്കർ പാട്ടത്തിന് നൽകാനായിരുന്നു തീരുമാനം. ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങിയെങ്കിലും അമേരിക്കൻ കമ്പനി പാട്ടത്തുക അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ധാരണ റദ്ദാക്കിയത്. ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസി കമ്പനിയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വസ്തുതകളുടെ പിൻബലമില്ലാതെ ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അതിനാലാണ് ധാരണാപത്രം റദ്ദാക്കാൻ സർക്കാർ തയ്യാറായത്. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുടെ ഒരു കണികയും ബാക്കിവെക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം കൈമാറാനുള്ള ധാരണാ പത്രവും റദ്ദാക്കിയത്.
അസൻഡ് കേരള 2020ൽ 117 താൽപര്യ പത്രങ്ങളും 34 ധാരണപത്രങ്ങളും സംരഭകരുമായി സർക്കാർ ഒപ്പുവെച്ചിരുന്നു.കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള സംരഭകരുമായുള്ള സ്റ്റാന്റേഡ് ധാരണാപത്രമാണ് ഒപ്പുവെച്ചത്. അതിൽ സർക്കാർ നയങ്ങൾക്കും ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കു അടിസ്ഥാനമായ പ്രോത്സാഹനം നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കോർപ്പറേറ്റുകളെ അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ ഫിഷറീസ് നയം. നയങ്ങൾ അടിസ്ഥാനമായ പിന്തുണയും പ്രോത്സാഹനവുമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഇതിന് വിരുദ്ധമായ കാര്യത്തിന് പിന്തുണ നൽകില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു,
കേരള ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 400 യാനങ്ങളും 5 മദർ വെസ്സലുകളും ലഭ്യമാക്കാനുള്ള ധാരണാപത്രം 2021 ഫെബ്രുവരി 2നാണ് ഇഎംസിസിയുമായി ഒപ്പുവെക്കുന്നത്. അസൻഡ് കേരളയിലെ ധാരണാപത്രത്തെക്കുറിച്ചുള്ള പരാമർശം ഈ ധാരണാപത്രത്തിലുണ്ട്. സർക്കാരിനെ അറിയിക്കാതെ ഇത്തരത്തിൽ എംഡി ഇഎംസിസിയമായി ഒപ്പുവെച്ച ധാരണാപത്രം സർക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമാണ്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ധാരണാപത്രം റദ്ദ് ചെയ്യാൻ നിർദ്ദേശം ൽകി. പിന്നീട് കെ എസ് ഐ ഡി സി ഒപ്പുവച്ച ധാരണാ പത്രവും റദ്ദാക്കി. പിന്നീട് മൂന്നാമത്തേതും. വലിയ വിമർശനം ഈ വിവാദത്തിൽ സർക്കാരിന് നേരിടേണ്ടി വന്നു.
മറുനാടന് മലയാളി ബ്യൂറോ