തിരുവനന്തപുരം: വീണാ വിജയനെതിരായ അന്വേഷണത്തിന് ഭാഗമായി റെയ്ഡിന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഉദ്യോഗസ്ഥർ എകെജി സെന്ററിൽ ഏത് നിമിഷവും എത്താൻ സാധ്യതയെന്ന നിഗമനത്തിൽ സിപിഎം. അതിവേഗം പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയിൽ അന്വേഷണ സംഘം എത്തിയതിന് പിന്നിൽ സിപിഎം ഗൂഢാലോചന മണക്കുന്നുണ്ട്. നാളെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഉദ്യോഗസ്ഥർ പാർട്ടി ആസ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്ന് നേതാക്കൾ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പ്രതിരോധത്തിനും ഒരുക്കം സിപിഎം തുടങ്ങി.

നാളെ ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. ഇതിൽ പങ്കെടുക്കാൻ എല്ലാ പ്രധാന നേതാക്കളും ഡൽഹിയിലേക്ക് പോകും. ഈ സാഹചര്യം മുതലെടുത്ത് എകെജി സെന്ററിൽ അന്വേഷണ സംഘം എത്തുമോ എന്ന സംശയം സിപിഎമ്മിനുണ്ട്. എകെജി സെന്ററിൽ ആരേയും പരിശോധനയ്ക്ക് കയറ്റരുതെന്ന് നേരത്തെ തന്നെ സിപിഎം തീരുമാനിച്ചിട്ടുണ്ട്. അവർ എത്തിയാൽ സിപിഎം തടയും. രാഷ്ട്രീയ പ്രതികാരം തീർക്കാനാണ് കേന്ദ്ര ഏജൻസിയുടെ ശ്രമം. കെ എസ് ഐ ഡി സിയിൽ കേന്ദ്ര ഏജൻസി എത്തിയത് സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ പ്രതികാരം സിപിഎം ചർച്ചയാക്കും.

വീണയുടെ സ്ഥാപനവുമായി പാർട്ടിക്ക് ബന്ധമില്ല. അതുകൊണ്ട് തന്നെ എകെജി സെന്ററിൽ ഒരു പരിശോധനയും അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്. കൊച്ചിയിൽ കരിമണൽ കർത്തയുടെ സ്ഥാപനമായ സിഎംആർഎല്ലിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തി. രണ്ടു ദിവസം കൊണ്ട് അത് പൂർത്തിയായി. അതിന് ശേഷം തിരുവനന്തപുരത്ത് കെ എസ് ഐ ഡി സി ആസ്ഥാനത്ത് സംഘമെത്തി. മൂന്ന് സ്ഥാപനങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. അതു പ്രകാരം എക്‌സാലോജിക്കിന്റെ രജിസ്‌റ്റേർഡ് ഓഫീസിൽ ഏതു സമയത്തും അന്വേഷകർ എത്തും. എകെജി സെന്ററിന്റേതാണ് രജിസ്റ്റേർഡ് ഓഫീസ് അഡ്രസ്. ഇതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്.

വീണാ വിജയന്റെ കമ്പനിയുമായി എകെജി സെന്ററിന് ബന്ധമില്ലെന്നാണ് സിപിഎം നിലപാട്. ഈ സാഹചര്യത്തിലാണ് എകെജി സെന്ററിൽ ആരേയും പരിശോധനയ്ക്ക് അനുവദിക്കില്ലെന്ന സിപിഎം തീരുമാനം. ശക്തമായ പ്രതിരോധം സിഎഫ്ഐഒ എത്തിയാൽ തീർക്കാനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്കിടയിൽ ഇക്കാര്യത്തിൽ അനൗദ്യോഗിക ധാരണയുണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയും വേഗത്തിലൊരു സർജിക്കൽ സ്‌ട്രൈക്ക് സിപിഎം പ്രതീക്ഷിച്ചില്ല. പ്രധാന നേതാക്കളാരും തിരുവനന്തപുരത്ത് ഇല്ലാത്തത് പ്രതിസന്ധിയാണ്. എങ്കിലും പ്രത്യേക റെഡ് വാളണ്ടിയർമാർ എകെജി സെന്ററിൽ ഉണ്ടാകും.

എക്‌സാലോജിക്കിലേക്ക് മാത്രം അന്വേഷണം ഒതുങ്ങില്ല. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയ വിവിധ പാർട്ടികളുടെ ഉന്നത രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ പരിധിയിലേക്കു വരുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സിഎംആർഎൽ ഇവർക്കു നൽകിയ പണത്തിന്റെ നികുതി അടച്ച് സെറ്റിൽമെന്റ് ചെയ്‌തെങ്കിലും, പണം വാങ്ങിയവർ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടി വരുമെന്നാണ് വിവരം. ഇവരെ എല്ലാം ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനെ സൂചിപ്പിക്കുന്ന പിവിയിലേക്കും അന്വേഷണം എത്തും. ഇതിനൊപ്പം രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളേയും ചോദ്യം ചെയ്യും. എന്നാൽ പ്രധാനമായും സിപിഎമ്മിനെയാണ് കേന്ദ്ര ഏജൻസി ഉന്നമിടുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. വിശദമായി തന്നെ ഈ വിഷയം നേതാക്കൾ ചർച്ച ചെയ്തു. ഏത് സാഹചര്യത്തേയും നേരിടാനുള്ള മാസ്റ്റർ പ്ലാൻ സിപിഎം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ വിധ പിന്തുണയും നൽകും. കേന്ദ്ര സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചതിന്റെ പ്രതികാരമാണ് അന്വേഷണത്തിന് പിന്നിലെന്ന വാദം സജീവമാക്കും. ഇതിനൊപ്പമാണ് എകെജി സെന്ററിലേക്ക് കേന്ദ്ര ഏജൻസി എത്തുന്നത് തടയാനുള്ള തീരുമാനവും അനൗദ്യോഗികമായി എടുത്തത്. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിലെ സമർത്ഥനായ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്.

ജനുവരി 31നാണ് എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എക്‌സാലോജിക്, സിഎംആർഎൽ, സിഎംആർഎലിൽ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്‌മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്നാണ് സിഎംആർഎൽ രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽ അറിയിച്ചിരുന്നത്. എന്നാൽ ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്‌സാലോജികിന് സിഎംആർഎൽ വൻതുക കൈമാറി എന്നായിരുന്നു ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ.

തുടക്കത്തിൽ കോർപറേറ്റ്കാര്യ മന്ത്രാലയത്തിലെ മൂന്നംഗ സംഘത്തിന്റെ അന്വേഷണമാണ് നടന്നിരുന്നത്. എന്നാൽ ഇതിന് കമ്പനിയുെട പ്രവർത്തനത്തെ കുറിച്ച് മാത്രമാണ് അന്വേഷിക്കാൻ അധികാരമുള്ളത്. തുടർന്ന് അന്വേഷണം വിപുലമായ അധികാരങ്ങളുള്ള എസ്എഫ്‌ഐഒയെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമായി. ബിജെപി നേതാവ് ഷോൺ ജോർജ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്കു പറ്റില്ലെന്നും പകരം കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും കാണിച്ച് ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഈ കേസ് 12ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്.

മുഖ്യ മന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയിൽ മാത്രമായിരുന്നു എക്സാലോജിക്കിലെ ഡയറക്ടർ. ഐടി കമ്പനിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്നാണ്. സിപി എം ബന്ധങ്ങൾ ഐടി വ്യവസായത്തിൽ പ്രയോജനപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാർട്ടി കേരള ആസ്ഥാനമായ എകെജി സെന്റർ വിലാസം ഉൾപ്പെടുത്തുകയായിരുന്നെന്നാണ് ഇതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം. ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ എക്‌സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു.

രാഷ്ട്രീയ അഴിമതി ആരോപണം ഉയരുന്നതിനാൽ മുഖ്യമന്ത്രിയുടെ മകൾ ഡയറക്ടറും, ഭാര്യ നോമിനിയുമായുള്ള കമ്പനിയുടെ പ്രവർത്തനങ്ങളെ പൂർണമായും സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് എകെജി സെന്റർ വിലാസം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് താമസിക്കാൻ എകെജി സെന്ററിന് തൊട്ടടുത്ത് അപ്പാർട്ട്‌മെന്റ് ഉണ്ട്. എന്നാൽ ഈ അപ്പാർട്ട്‌മെന്റിന്റെ വിലാസം നൽകാതെ സിപിഎം ആസ്ഥാനത്തിന്റെ വിലാസം നൽകിയത് ദുരൂഹമാണെന്നാണ് ഉയരുന്ന ആരോപണം.