- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒറ്റശേഖരമംഗലത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ കാടത്തത്തിനെതിരെ കത്തിയെടുത്തു; പാവങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന് പഞ്ചായത്ത് അംഗം ജാതി പേരു വിളിച്ചും അധിക്ഷേപിച്ചു; അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചതിന് മുമ്പും മർദ്ദനമേറ്റ സഖാവ്; അമച്ചൽ പ്രേമൻ കാട്ടക്കടയുടെ നവാബ് രാജേന്ദ്രൻ; കെ.എസ്.ആർ.ടി.സിക്കാർ തല്ലിയത് ആളറിഞ്ഞു തന്നെ
തിരുവനന്തപുരം. ഇന്നലെ കെ എസ് ആർ ടി സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരുടെ മർദ്ദനത്തിന് ഇരയാകേണ്ടി വന്ന പ്രേമൻ നാട്ടിലെയും തൊഴിലിടത്തിലെയും പൊതു സമ്മതൻ. അനീതി എവിടെ കണ്ടാലും ചോദ്യം ചെയ്യും പ്രതികരിക്കും അഴിമതി കണ്ടാൽ എതിർക്കും അതു കൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കൾക്ക് പ്രേമൻ നാവാബ് രാജേന്ദ്രൻ തന്നെ. നവാബെ എന്നൊന്നും ആരു വിളിക്കാറില്ലങ്കിലും പ്രേമന്റെ ഇടപെടലുകൾ കാരണം നിരവധി പാവങ്ങൾക്കാണ് സഹായം എത്തിയിട്ടുള്ളത്.
ഒറ്റശേഖര മംഗലം പഞ്ചായത്തിൽ ജോലി ചെയ്തു വന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ കാടത്തത്തിനെതിരെ കത്തിയെടുക്കേണ്ടി വന്നിട്ടുണ്ട്. കാട്ടാക്കട പഞ്ചായത്തിൽ ജോലി ചെയ്തു വരവെ അനീതിക്കെതിരെ ശബ്ദിച്ചതിനുള്ള വേട്ടയാടൽ ഇന്നും തുടരുന്നു. പാവങ്ങൾ അപേക്ഷയുമായി എത്തിയാൽ ദിവസങ്ങളോളം നടത്തിക്കുന്നത് കാണുമ്പോൾ ഒരു നിമിഷം താൻ ഒരു ഉദ്യോഗസ്ഥനാണ് എന്ന് മറന്നു പോകുന്ന പ്രേമൻ അവരുടെ വിഷയം പരിഹരിക്കുംവരെ ഇടപെടും. അതിന് സൗഹൃദമോ സഹപ്രവർത്തകരോ തടസമാണെങ്കിൽ കൂടി മുഖം നോക്കാതെ ആവലാതിക്കാർക്ക് വേണ്ടി നിൽക്കും അതാണ് പ്രേമൻ.
പാവങ്ങൾക്ക് വേണ്ടി ശബ്ദിച്ച പ്രമേനെ പഞ്ചായത്തു മെമ്പർമാർ പലവിധത്തിലാണ് വേട്ടയാടയിത്. ജാതിപേരു വിളിച്ചുവരെ അപമാനിച്ചു. കൂടാതെ സ്ഥലം മാറ്റവും. അങ്ങനെയാണ് അടുത്തിടെ പ്രേമൻ പൂവ്വച്ചൽ പഞ്ചായത്തിൽ ജോയിൻ ചെയ്യുന്നത്. എവിടെ പോയാലും ജനങ്ങളെ സേവിക്കുക തന്നെ. അതിന് ദൂരവും മറ്റു വിഘ്നങ്ങളും തടസമേ അല്ലന്നാണ് പ്രേമൻ പറയുന്നത്. കൺസിഷൻ പുതുക്കാൻ കോഴ്സ് സർട്ടിഫിക്കററ് ചോദിച്ചതിന്റെ പേരിലാണ് മകളുടെ മുന്നിലിട്ട് പ്രേമനെ കെ എസ് ആർടി സി ജീവനക്കാരും സെക്യൂരിറ്റിയും ചേർന്ന് തല്ലി ചതച്ചത്. പ്രേമനെ മർദ്ദിച്ചവർക്കും നന്നായി അറിയാമെന്നാണ് സൂചന. ജോയിന്റ് കൗൺസിൽ അംഗം കൂടിയായ പ്രേമൻ കെ എസ് ആർ ടി സിയിലെ ജീവനക്കാർക്ക് വേണ്ടി സമരവും ചെയ്തിട്ടുണ്ട്.
കാട്ടാക്കട ഡിപ്പോയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ മകൾ രേഷ്മയുടേയും സുഹൃത്തിന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷം കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. അതേസമയം, എഫ്ഐആറിൽ പ്രതികളുടെ പേര് ഇതുവരെയും ചേർത്തിട്ടില്ല. ആക്രമണം നടത്തിയ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് നിലവിൽ കാട്ടാക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇത് മാറുമെന്നാണ് സൂചന.
കയ്യേറ്റം ചെയ്യൽ, സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. കോഴ്സ് സർട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു. നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ് ആക്രമണത്തിന് ഇരയായ പ്രേമൻ. പട്ടികജാതി വകുപ്പും പൊലീസ് ഇനി ചേർത്തേക്കും.
കാട്ടാക്കട ഡിപ്പോയിൽ പിതാവിനെയും മകളെയും കെ.എസ്.ആർ.ടി.സി. ജീവനക്കാർ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. എസ്.എഫ് ഐ. പ്രവർത്തകർ ഡിപ്പോയിലേക്ക് നടത്തിയ പ്രകടനത്തിനിടെ ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. പിതാവിനെ മകളുടെയും കൂട്ടുകാരികളുടെയും മുന്നിലിട്ട് സെക്യൂരിറ്റിക്കാരനും മറ്റു ജീവനക്കാരും ചേർന്ന് മർദിച്ച് മുറിക്കുള്ളിലാക്കിയ സംഭവത്തിൽ കാട്ടാക്കടയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോ പടിക്കൽ വിവിധ സംഘടനകൾ സമരവുമായെത്തി.
വൈകീട്ട് സിപിഐയുടെ നേതൃത്വത്തിൽ ഡിപ്പോ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടർന്ന് ഡിപ്പോപടിക്കൽ നടത്തിയ സമരം രാത്രി ഏഴോടെയാണ് അവസാനിച്ചത്. വൈകീട്ട് എസ്.എഫ്.ഐ പ്രവർത്തകർ ഡിപ്പോയിലേക്ക് പ്രകടനം നടത്തുമ്പോഴാണ് ബസിന് നേരെ കല്ലേറ് ഉണ്ടായത്. ബസിന്റെ മുൻ ഭാഗത്തെ ചില്ല് കല്ലേറിൽ തകർന്നു. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്ന് എസ്.എഫ്.ഐ. അറിയിച്ചു. പ്രകടനത്തിനിടെ സാമൂഹികവിരുദ്ധരാണ് മുതലെടുത്തതെന്ന് നേതാക്കൾ പറഞ്ഞു. പിതാവിനെയും മകളെയും കൈയേറ്റം ചെയ്തത് അന്വേഷിക്കണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സിപിഐ ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ സെക്രട്ടറി ചന്ദ്രബാബു, അഭിലാഷ് ആൽബർട്ട്, കെ.പി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഭവം നീചവും കാടത്തവുമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ജനങ്ങളെ കെ.എസ്.ആർ.ടി.സിയിൽനിന്നും അകറ്റുന്ന ഇത്തരം കാടത്തങ്ങൾക്കെതിരെ നിയമ നടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കണം. മർദനമേറ്റ ആമച്ചൽ സ്വദേശിക്കും മക്കൾക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്