- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ ക്ലാസ് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിലെ ആശയക്കുഴപ്പം ചർച്ചകളിൽ
തിരുവനന്തപുരം: ഈ മാസം 13ന് തിരുവനന്തപുരത്തേക്കുള്ള വരവ് കേന്ദ്രമന്ത്രി അമിത് ഷാ റദ്ദാക്കി. ബിജെപിയുടെ പദയാത്രയിൽ പങ്കെടുക്കാനായിരുന്നു അമിത് ഷാ വരുമെന്ന് പ്രഖ്യാപിച്ചത്. 12നായിരുന്നു ഈ പരിപാടി നിശ്ചയിച്ചിരുന്നത്. പിന്നീട് അമിത് ഷായുടെ താൽപ്പര്യാർത്ഥം 13ലേക്ക് മാറ്റി. ഈ യാത്രയാണ് ബിജെപിയുടെ പ്രധാന നേതാവ് കൂടിയായ അമിത് ഷാ വേണ്ടെന്ന് വയ്ക്കുന്നത്. ബിജെപിയുടെ എ ക്ലാസ് ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം. അമിത് ഷായുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തെ പ്രചരണം പുതിയ തലത്തിലെത്തിക്കാനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അമിത് ഷാ യാത്ര വൈകിപ്പിക്കുന്നത് എന്നാണ് വിലയിരുത്തൽ.
മറ്റൊരു ദിവസത്തേക്ക് വരവ് മാറ്റിയെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നത്. കെ.സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ.യുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ അമിത് ഷാ 13-ന് തിരുവനന്തപുരത്തെത്തും എന്നായിരുന്നു പ്രചരണം. നേരത്തെ കേരള പദയാത്ര 12-ന് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13-ലേക്ക് മാറ്റിയത്. ഈ യാത്രയും പൊതുയോഗവും എല്ലാം മാറ്റി വച്ചു. ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനവും അന്ന് നടക്കേണ്ടതായിരുന്നു. അതും നടക്കില്ല. സ്ഥാനാർത്ഥിയിൽ വ്യക്തത വന്ന ശേഷമേ അമിത് ഷാ ഇനി എത്തൂവെന്നാണ് സൂചന.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്ത് വന്നേക്കും. കൂടുതൽ സാധ്യതയുള്ള മണ്ഡലങ്ങളിലാണിത്. കേരളത്തിൽ തൃശൂരടക്കം ചില മണ്ഡലങ്ങൾ ഇതിലുൾപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി അവസാനമോ,മാർച്ച് ആദ്യ വാരമോ ഉണ്ടാവും. തിരുവനന്തപുരത്തടക്കം കേരളത്തിലെ ചില മണ്ഡലങ്ങളിൽ ഇക്കുറി അപ്രതീക്ഷിത സ്ഥാനാർത്ഥിയാവുമെന്നാണ് സൂചന. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തു നിന്ന് ഒ. രാജഗോപാൽ വിജയിച്ചതൊഴിച്ചാൽ ബിജെപിക്ക് കേരളം ബാലികേറാമലയാണ്. 21ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമവും കൈവിട്ടു. ഇക്കുറി ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് ബിജെപി. അതുകൊണ്ട് തന്നെ അമിത് ഷായുടെ വരവിന് ഏറെ പ്രാധാന്യവും നൽകി.
ആഗോള തലത്തിൽ ശ്രദ്ധേയനും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ ഡോ.ശശി തരൂർ തുടർച്ചയായി വിജയിച്ച തിരുവനന്തപുരം പിടിക്കാൻ വി.വി.ഐ.പി സ്ഥാനാർത്ഥി അനിവാര്യം. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പ്. കേന്ദ്രമന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ മത്സരിച്ചേക്കും. എന്നാൽ തിരുവനന്തപുരത്ത് ഇനിയും വ്യക്തത വന്നിട്ടില്ല. നിലവിൽ തൃശൂരിലാണ് ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജനുവരിയിൽ രണ്ടു തവണ തൃശൂരിൽ മോദി എത്തുകയും ചെയ്തു.
കേരളത്തിൽ നിന്ന് ബിജെപിക്ക് ലോക്‌സഭാ എംപിമാരില്ലെങ്കിലും സംസ്ഥാനത്തിന് നിരവധി പദ്ധതികൾ അനുവദിച്ചും, ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ കൈയിലെടുത്തും ഇക്കുറി കൂടുതൽ ആത്മവിശ്വാസത്തോടെയാണ് പാർട്ടി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. സ്ഥിരം മുഖങ്ങളെ മാറ്റി നിറുത്തി പൊതു പ്രതിച്ഛായയുള്ള നേതാക്കളെ കേരളത്തിൽ ഉടനീളം ഇറക്കാനാണ് ബിജെപി ആലോചന.