കൊച്ചി: അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഇടവേള ബാബു ഒഴിയാൻ സന്നദ്ധത അറിയിച്ചത് മോഹൻലാൽ പദവി ഏറ്റെടുക്കില്ലെന്ന വിലയിരുത്തലിൽ. മോഹൻലാൽ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ ആ കസേരയിൽ ഇരിക്കാനായിരുന്നു ഇടവേള ബാബു ആഗ്രഹിച്ചത്. മോഹൻലാലും ഇടവേള ബാബുവും സ്ഥാനമൊഴിയും എന്ന തരത്തിൽ വാർത്തകളും പ്രചരിപ്പിച്ചു. അങ്ങനെ മോഹൻലാൽ മാറുമ്പോൾ എല്ലാവരും സമ്മർദ്ദം ചെലുത്തുമെന്നും തനിക്ക് പ്രസിഡന്റാകാമെന്നുമുള്ള ആഗ്രഹം ഇടവേള ബാബുവിനുണ്ടായിരുന്നു. അങ്ങനെ തന്ത്രത്തിൽ അധ്യക്ഷനാകാനുള്ള ഇടവേള ബാബുവിന്റെ പദ്ധതി നുള്ളിയെടുത്തത് സാക്ഷാൽ മമ്മൂട്ടിയായിരുന്നു. മോഹൻലാൽ തന്നെ അധ്യക്ഷനാകണമെന്ന് മമ്മൂട്ടി നിർബന്ധം പിടിച്ചു. ഇടവേള ബാബുവിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് മാറ്റാമെന്നും നിലപാട് അറിയിച്ചു. ഇതോടെ അമ്മയുടെ തലപ്പത്ത് മോഹൻലാൽ തുടർന്നു. ഇടവേള ബാബു പുറത്തുമായി.

അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖും ട്രഷറായി ഉണ്ണിമുകുന്ദനും വരുന്നതിനെ മമ്മൂട്ടി അനുകൂലിച്ചു. ട്രഷററായി ഉണ്ണിമുകുന്ദൻ എതിരില്ലാതെ തിരിഞ്ഞെടുത്തു. സിനിമയിൽ ഉണ്ണിമുകുന്ദനുള്ള സ്വീകാര്യതയ്ക്കും തെളിവായി. ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടായ ഉണ്ണി മുകുന്ദന്റെ 'സംഘി പട്ടം' സിനിമാ സംഘടനയിൽ ചർച്ചയാക്കാനുള്ള സൈബർ സഖാക്കളുടെ നീക്കങ്ങൾക്കും ഇതോടെ തിരിച്ചടിയായി. എതിരില്ലാതെയാണ് നടൻ ആ പദവിയിലെത്തുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ട്. ജനകീയനായ സിദ്ദിഖിനെതിരെ കക്കു പരമേശ്വരനും ഉണ്ണി ശിവപാലുമാണ് മത്സരിക്കുന്നത്. അങ്ങനെ മോഹൻലാലിനെ പോലെ എതിരില്ലാ വ്യക്തിത്വമായി ഉണ്ണി മുകുന്ദൻ മാറുന്നു. സിപിഎമ്മുമായി അടുത്തു നിൽക്കുന്ന മമ്മൂട്ടിയും താര സംഘടനയിൽ രാഷ്ട്രീയം പ്രതിഫലിക്കുന്നതിനെ അനുകൂലിക്കുന്നില്ല. ഇതാണ് ഉണ്ണി മുകുന്ദന്റെ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്.

മൂന്നാം തവണയാണ് മോഹൽലാൽ അമ്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ജനറൽ സെക്രട്ടറി, ജോയിൻ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ജഗദീഷ്, ജയൻ ആർ (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരൻ, സിദ്ദീഖ്, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മൽസരിക്കുന്നു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുന്നത്. പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരും നാമനിർദ്ദേശപത്രിക നൽകി. അതായത് പന്ത്രണ്ട് പേർ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരാൾ തോൽക്കും.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 'അമ്മ'യുടെ നിയമാവലി പ്രകാരം 17 അംഗ ഭരണസമിതിയിൽ നാലു വനിതകൾ വേണമെന്നുണ്ട്. ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ രണ്ടു വനിതകൾ മത്സരിക്കുന്നതിനാൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യത്തിന്റെ എണ്ണം നിശ്ചയിക്കുന്നത് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അതിനാൽ, ഭാരവാഹികളുടെ വോട്ടെണ്ണലാണ് ആദ്യം നടത്തുക. ഭാരവാഹി തിരഞ്ഞെടുപ്പിൽ സ്ത്രീകളാരും ജയിച്ചില്ലെങ്കിൽ എക്‌സിക്യൂട്ടിവിൽ നോമിനേഷൻ നൽകിയ സ്ത്രീകളെല്ലാം ജയിക്കുന്ന സ്ഥിതിയുണ്ടാകും. ജനറൽ സെക്രട്ടറിയായി സിദ്ദിഖും അനായാസം ജയിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ മറ്റ് പദവികളിലേക്ക് ശക്തമായ മത്സരം തന്നെ ഇത്തവണ നടക്കും.

താര സംഘടനയിൽ ഒരു വിധ രാഷ്ട്രീയവും കടന്നുവരരുതെന്ന ആഗ്രഹം ലാലിനുണ്ടായിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽ ഇതെല്ലാം സംഭവിച്ചു. ഇത്തവണ അതുണ്ടാകാതെ നോക്കാൻ മോഹൻലാലിനും മമ്മൂട്ടിക്കുമായി. ഉണ്ണി മുകുന്ദന്റെ എതിരില്ലാ വിജയം ഇതിന് തെളിവാണ്. ജനറൽ സെക്രട്ടറിയാണ് അമ്മയിലെ സുപ്രാധന പദവി. ഇതിൽ നടൻ സിദ്ദിഖ് അനായാസം ജയിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സിനിമയിൽ സജീവമായി നിൽക്കുന്നവർ തന്നെയാകും താക്കോൽ സ്ഥാനങ്ങളിൽ എത്തുക എന്ന വിലയിരുത്തലും ഉയരുന്നുണ്ട്. സിദ്ദിഖ് ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇതെല്ലാം.

ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 25 വർഷമായി അമ്മയിൽ സജീവമായിരുന്നു ഇടവേള ബാബു. 1994ൽ അമ്മ രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃസ്ഥാനത്തുണ്ടായിരുന്നു. എല്ലാം ഏതാണ്ട് നിയന്ത്രിച്ചിരുന്നത് ഇടവേള ബാബുവാണ്. മറ്റുള്ളവർ സിനിമാ തിരക്കിലായിരുന്നതു കൊണ്ടു കൂടിയാണ് ഇത്. അങ്ങനെ സംഘടനയെ നയിച്ച ഇടവേള ബാബു പെട്ടെന്ന് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന നിലപാട് എടുത്തു. എന്നാൽ ആരും ഇതിനെ എതിർത്തില്ല. അതിനിടെ ഒരു യുവ നടനെ അടക്കം ജനറൽ സെക്രട്ടറിയാക്കണമെന്ന അഭിപ്രായവും ഇടവേള ബാബു എടുത്തു. ഇതും ആരും അംഗീകരിച്ചില്ല. കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ, മണിയൻ പിള്ള രാജു, ലെന, ലാൽ, വിജയ് ബാബു, സുധീർ, ജയസൂര്യ എന്നിവർ ഇത്തവണ മത്സരരംഗത്തില്ല. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് 'അമ്മ'യിലുള്ളത്.

കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. നടൻ സിദ്ദീഖിന്റെ പിൻഗാമി ആയാണ് ഉണ്ണി മുകുന്ദൻ ഈ സ്ഥാനത്തെത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ നാമനിർദ്ദേശപത്രിക നൽകാൻ തയ്യാറായിരുന്നു. മറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് അവർ മത്സരം വേണ്ടെന്ന് വച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. തുടർന്നാണ് മോഹൻലാലിന് പ്രസിഡന്റ് പദവിയിൽ എതിരില്ലാതെ മൂന്നാമൂഴം ലഭിച്ചത്.