- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലീസിനെ വെടിവച്ചു കൊന്ന ശേഷം ആനന്ദ് ആത്മഹത്യ ചെയ്തതും വെടിയുതിർത്ത്?
കൊല്ലം: യു.എസിലെ കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ പുറത്തു വരുന്നത് രണ്ട് വ്യത്യസ്ത റിപ്പോർട്ടുകൾ. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നാലെ പൊലീസ് അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് അടുത്തു നിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് രണ്ട് സാധ്യതകൾ ചർച്ചയിലുള്ളത്.
കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കലിഫോർണിയയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാന്മറ്റേയോയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ നാലംഗ കുടുംബമാണ് മരണപ്പെട്ടത്. കൊല്ലം ഫാത്തിമാമാതാ കോളജിലെ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57-ൽ ഡോ.ജി.ഹെന്റിയുടെ മകൻ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യയും കിളികൊല്ലൂർ പ്രിയദർശിനി നഗർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗറിന്റെയും ജൂലിയറ്റിന്റെയും മകളുമായ ആലീസ് പ്രിയങ്ക (40), ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്.
ആലിസിനെ ആനന്ദ് വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തുവെന്നതാണ് ഒരു സംശയം. കുട്ടികൾക്ക് ആനന്ദ് തന്നെ വിഷം കൊടുത്തുവെന്നും വിലയിരുത്തുന്നു. എന്നാൽ ആനന്ദും ആലിസും തീരുമാനിച്ചുറപ്പിച്ച് ആത്മഹത്യ ചെയ്താണെന്നാണ് മറ്റൊരു റിപ്പോർട്ട്. രണ്ടു പേരും ചേർന്ന് കുട്ടികൾക്ക് വിഷം കൊടുത്തുവെന്നും വിലയിരുത്തലുണ്ട്. ശുചിമുറിയിൽ കയറി ഭാര്യയും ഭർത്താവും ചേർന്ന് വെടിവച്ച് മരണം ഉറപ്പാക്കിയെന്നതാണ് രണ്ടാം നിഗമനത്തിന്റെ കാതൽ. എന്നാൽ ഏത് സാഹചര്യത്തിലാണ് ഇത്തരം തീരുമാനം ഉണ്ടായതെന്ന് ആർക്കും വ്യക്തതയില്ല. കുടുംബ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
വീട് തുറക്കുന്നില്ലെന്ന സന്ദേശം കിട്ടിയാണ് പൊലീസ് എത്തിയത്. വീട് അകത്തു നിന്നും പൂട്ടിയ അവസ്ഥയിലായിരുന്നു. പൂട്ടു പൊളിച്ച് അകത്തു കയറിയ പൊലീസിനെ ഞെട്ടിച്ച് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. വിശദ അന്വേഷണത്തിനായി മൃതദേഹം മാറ്റിയ ശേഷം വീട് സീൽ ചെയ്തിട്ടുണ്ട്. വീടിന്റെ പരിസരത്തേക്ക് പോലും ആരേയും പൊലീസ് കടത്തി വിടുന്നില്ല. കൊലപാതക സാധ്യത അടക്കം സംശയത്തിലുള്ളതു കൊണ്ടാണ് ഇത്. കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിലാണ് ഉണ്ടായിരുന്നത്. ഇവരുടെ മരണം എങ്ങനെ സംഭവിച്ചുവെന്ന് അറിയാൻ പോസ്റ്റ്മോർട്ടം അനിവാര്യതായണ്.
കൊലപാതകിയും കൊല്ലപ്പെട്ടുവെന്നും അതുകൊണ്ട് തന്നെ പ്രദേശ വാസികൾക്ക് ആശങ്ക വേണ്ടെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. വീട് അകത്തു നിന്നും പൂട്ടിയ നിലയിൽ ആയതിനാൽ പുറത്തു നിന്നാരും വീട്ടിനുള്ളിൽ പ്രവേശിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് ഇത്. ്ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയതും. വിശദമായ അന്വേഷണം നടക്കുകയാണെന്ന് സാൻ മറ്റെയോ പൊലീസ് അറിയിച്ചു.
എ.സിയിൽ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നോ വമിച്ച വിഷവാതകം ശ്വസിച്ചതാണോ മരണ കാരണമെന്ന സംശയം ആദ്യം ബന്ധുക്കൾ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരണത്തിൽ ദൂരുഹതകളുണ്ടെന്ന് വ്യക്തമായത്. കടുംബ പ്രശ്നങ്ങൾ അടക്കം മനസ്സിലാക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. അയൽവാസികളുടെ വിശദ മൊഴിയും രേഖപ്പെടുത്തി.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗൂഗിളിൽ ജോലിചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാർട്ടപ്പ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായിരുന്നു. ആറ് വർഷങ്ങൾക്ക് മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് പോയത്. അതിനുശേഷം നാട്ടിലേക്ക് വന്നിട്ടില്ല. ആലീസിന്റെ അമ്മ ജൂലിയറ്റും ഇവർക്കൊപ്പം അമേരിക്കയിലായിരുന്നു. ഞായറാഴ്ചയാണ് ജൂലിയറ്റ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തി ആലീസിനെ വിളിച്ചിരുന്നു. അതിനുശേഷം ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അവിടെയുള്ള സുഹൃത്തുക്കൾ വഴി ആനന്ദിന്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും വീട് തുറന്നില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പൂട്ടുതുറന്നപ്പോഴാണ് ഒരുമുറിയിൽ നാലുപേരേയും മരിച്ച നിലയിൽ കണ്ടത്.
കുട്ടികളെ വിഷം കൊടുത്തുകൊല്ലാനുള്ള സാധ്യതയും ഉണ്ട്. ആനന്ദും ആലീസും ആത്മഹത്യ ചെയ്തതാകാം എന്നും നിഗമനമുണ്ട്. ഈ സാഹചര്യത്തിൽ പോസ്റ്റ് മോർട്ടം നിർണ്ണായകമാകും. ഈ വീട് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം വിശദ പരിശോധനകൾ നടക്കും. ഈ പ്രദേശത്തേക്ക് ആളുകൾക്ക് പോകാനും വിലക്കുണ്ട്. ഈ മേഖലയിലെ മലയാളികൾ ആകെ സംഭവത്തിന്റെ ഞെട്ടലിലാണ്.