- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സി ജോർജ്ജിനെ വെട്ടി; പത്തനംതിട്ടയിൽ അനിൽ ആന്റണി ബിജെപി സ്ഥാനാർത്ഥിയാകും
തിരുവനന്തപുരം: കേരളത്തിൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. അടുത്തിടെ ബിജെപിയിൽ എത്തിയ പി സി ജോർജ്ജിനെ പത്തനംതിട്ടയിൽ ലോക്‌സഭാ സ്ഥാനാർത്ഥിയാക്കുമെന്ന പ്രതീക്ഷ തെറ്റിച്ച് മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥി. മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകും. മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ ചരടുവലികൾ നടത്തിയ പി എസ് ശ്രീധരൻ പിള്ളയെയും തഴഞ്ഞാണ് ദേശീയ നേതൃത്വം അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കുന്നത്.
നേരത്തെ അനിലിന്റെ പേരിൽ എറണാകുളം മണ്ഡലത്തിലാണ് പറഞ്ഞുകേട്ടത്. മത്സര രംഗത്തു നിന്നും മാറിനിൽക്കാനായിരുന്നു അനിലിന് താൽപ്പര്യം. ഇതിനിടെ അപ്രതീക്ഷിതമായാണ് അനിലിന്റെ പേര് പത്തനംതിട്ടയിലേക്ക് പരിഗണിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടലാണ് അനിലിനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പി സി ജോർജ്ജിനായിരുന്നു മണ്ഡലത്തിൽ മേൽക്കൈ. ജോർജ്ജ് മത്സരിച്ചാൽ അതിശക്തമായ ത്രികോണ പോരാട്ടം ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയാണ് ബിഡിജെഎസിന്റെ കൂടി എതിർപ്പ് ചൂണ്ടിക്കാട്ടി സുരേന്ദ്രൻ അനിലിന് വേണ്ടി വാദിച്ചത്.
കേരളത്തിലെ കോൺഗ്രസിന്റെ തലതൊട്ടപ്പനായ നേതാവിന്റെ മകൻ ബിജെപിക്ക് വേണ്ടി മത്സരിക്കുമ്പോൾ അത് ബിജെപിക്ക് ദേശീയ തലത്തിൽ തുണയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് കേരളത്തിൽ അനിലിന് സീറ്റ് നൽകി മത്സരിക്കാൻ നിർദേശിച്ചതും. ആന്റോ ആന്റണിയാണ് നിലവിൽ മണ്ഡലത്തിലെ സിറ്റിങ് എംപി. ഇടതു സ്ഥാനാർത്ഥിയായി മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക് കളത്തിലുണ്ട്. ഇവർക്കിടയിൽ അനിലിന് എത്രകണ്ട് വോട്ട് സമാഹരിക്കാൻ കഴിയുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. നിലവിലെ എംപി യുഡിഎഫിലെ ആന്റോ ആന്റണിക്ക് 2019 ൽ ലോക്‌സഭയിലേക്ക് മൂന്നാം ഊഴമായിരുന്നു. 2009 ൽ മണ്ഡലം രൂപീകരിച്ചതു മുതൽ ആന്റോ ആന്റണിയെയാണ് പത്തനംതിട്ടക്കാർ ലോക്‌സഭയിലേക്ക് അയച്ചത്. 2014 ൽ പീലിപ്പോസ് തോമസിനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തിയ ആന്റോ ആന്റണി 2019 ൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിനെ പരാജയപ്പെടുത്തി വിജയം ആവർത്തിച്ചു. കെ സുരേന്ദ്രനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്.
അതേസമയം ഇന്ന് അൽപ്പ സമയത്തിനകം ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടും. എട്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സ്ഥാനാർത്ഥികളാകും, പാലക്കാട് കൃഷ്ണകുമാറും മത്സരിക്കുമെന്നാണ സൂചന. തൃശ്ശൂരിലാണ് പ്രധാന പ്രതീക്ഷ. ഇവിടെ സുരേഷ്‌ഗോപി തന്നെ കളത്തിലിറങ്ങും. ആലപ്പുഴയിൽ പി.എഫ്.ഐ-ബിജെപി സംഘർഷത്തിൽ കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രൺജിത് മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. ബിഡിജെഎസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിച്ചേക്കും.
ഇന്ന് പുറത്തുവിടുന്ന പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെ പ്രമുഖരുടെ പേരുകൾ ഇടംപിടിക്കും. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ മാരത്തോൺ യോഗം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. സ്ഥാനാർത്ഥിപ്പട്ടിക നേരത്തേ പ്രഖ്യാപിക്കുന്നത് സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതിയായ സമയം കണ്ടെത്താൻ സഹായിക്കും എന്നുകണ്ടാണ് ഈ ആഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കുന്നത്.
സമാനമായ തന്ത്രം മധ്യപ്രദേശിൽ കഴിഞ്ഞ തവണ ബിജെപി സ്വീകരിച്ചിരുന്നുവെന്നും അത് വിജയിച്ചുവെന്നുമാണ് വിലയിരുത്തുന്നത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തിൽ ഉത്തർപ്രദേശിലെ അമ്പതുസീറ്റുകൾ സംബന്ധിച്ച ചർച്ചയാണ് നടന്നതെന്ന് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു. പകുതിയോളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ വൈകാതെ പ്രഖ്യാപിക്കും. ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദളിന് രണ്ടുസീറ്റ്, രാഷ്ട്രീയ ലോക് ദളിന് രണ്ടുസീറ്റ്, ഓം പ്രകാശ് രാജ്ഭറിന്റെ എസ്‌പിബിഎസ്‌പിക്ക് ഒരു സീറ്റ്, സഞ്ജയ് നിഷാദിന്റെ ഒരു സീറ്റ് എന്നിങ്ങനെയാണ് സീറ്റുകൾ വിഭജിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ 29 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ചും ചർച്ച ചെയ്തതായാണ് വിവരം. തെലങ്കാനയിലെ നാല്അഞ്ച് സീറ്റുകളിലേക്കുള്ള ചർച്ചയും നടന്നു. സിറ്റിങ് എംപിമാരായ ജി.കിഷൻ റെഡ്ഡി, ബണ്ടി സജ്ഞയ് കുമാർ, അരവിന്ദ് ധർമപുരി എന്നിവർ ഇത്തവണയും മത്സരിച്ചേക്കും. തന്നെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന ഗൗതം ഗംഭീറിന്റെ ആവശ്യം പുറത്തുവന്നതോടെ കിഴക്കൻ ഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇത്തവണ എൻഡിഎ 400 സീറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. അതിൽ 370 സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനാകുമെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്.