കണ്ണൂർ: പയ്യന്നൂരിൽ യുവതി കൊല്ലപ്പെട്ടതിനു പിന്നിൽ പ്രണയ കലഹമായിരുന്നുവെന്നു പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പഠനകാലത്ത് യുവതിയും ആൺ സുഹൃത്തും അടുപ്പത്തിലായിരുന്നു. എന്നാൽ ജീവിതത്തിൽ ഇരുവഴികളിലായി സഞ്ചരിക്കേണ്ടി വന്ന ഇവർക്ക് മറ്റു പലരെയും പോലെ ഒന്നിക്കാനായില്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ പൂർവ്വ വിദ്യാർത്ഥികളെ തേടിപ്പിടിച്ചു സുഹൃത്തുക്കളാക്കി മാറ്റുകയും ഇത്തരം കൂട്ടായ്മകൾ വിപുലീകരിച്ചു ഔദ്യോഗിക സ്വഭാവത്തോടെ പ്രവർത്തിക്കാനും തുടങ്ങിയ സാഹചര്യം കൊല്ലപ്പെട്ട അനിലയ്ക്കും ആൺ സുഹൃത്തായ സുദർശൻ പ്രസാദിനും അടുക്കാനായി അവസരം ഒരുക്കി.

നിരന്തരമായ ഫോൺ വിളികളും വാട്‌സ് ആപ്പ് സന്ദേശങ്ങളും ഇരുവരുടെയും ദാമ്പത്യ ജീവിതങ്ങളിൽ അശാന്തിയുണ്ടാക്കുകയും രണ്ടു മക്കൾ വീതമുള്ള കുടുംബങ്ങളിൽ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്‌ത്തുകയും ചെയ്തു. ഇരുവരുടെയും ബന്ധുക്കൾ ഇടപ്പെട്ട് വളരെ നയപരമായി അടുപ്പം ഇല്ലാതാക്കിയെങ്കിലും ചെറിയൊരു ഇടവേളയ്ക്കു ശേഷം പൂർവ്വാധികം ശക്തിയോടെ വീണ്ടും തുടങ്ങുകയായിരുന്നു. എന്നാൽ ഇതിനകം സുദർശൻ പ്രസാദിനാണ് ഇതിൽ കൂടുതൽ നഷ്ടം സംഭവിച്ചത്. ഭാര്യയും മക്കളുമായി അകന്ന ഇയാൾ കൊലപാതക സമയത്ത് മദ്യം ഉപയോഗിച്ചിരുന്നതായി പൊലിസിന് സംശയമുണ്ട്.

വ്യാപാര സ്ഥാപനത്തിലേക്ക് ജോലിക്കുപ്പോയ അനില 10 മണിയോടെ പുറത്തേക്ക് പോയതായും പിന്നീട് ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ പയ്യന്നൂർ കൊരവയലിലെ വീട്ടിലെത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതു ആസൂത്രിതമായി സുദർശൻ പ്രസാദ് കൊല നടത്തുന്നതിനായി കൊണ്ടു വന്നതാണെന്നാണ് സൂചന. മണിക്കൂറുകൾക്കുള്ളിൽ കൊലപാതകം നടത്തിയതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തിയിരുന്നു.

ഷാൾ കഴുത്തിൽ കുരുക്കി വീടിന്റെ അടുക്കള ഭാഗത്ത് വച്ചാണ് പ്രതികൃത്യം നിറവേറ്റിയത്.ശനിയാഴ്ച മൂന്ന് മണിക്ക് മുമ്പേ യുവതിയുടെ മരണം സംഭവിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. കൃത്യം നടത്തിയ പ്രതി വീട്ടിൽ നിന്നും മുങ്ങിയ ശേഷം പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കടയിൽ നിന്നും വൈകുന്നേരം നാലു മണിക്ക് കയർ വാങ്ങിയതായി പരിയാരം പൊലീസും കണ്ടെത്തിയിട്ടുണ്ട്. ഈ കയറാണ് തൂങ്ങി മരിക്കാൻ ഉപയോഗിച്ചത്.

ശനിയാഴ്ച രാവിലെ പതിനൊന്നോടെ കാമുകിയായ അനിലയെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നുവെന്നാണ് പൊലീസ് നിഗമനം. വീട്ടിലെത്തിയശേഷം അനിലയെ എന്തോ ആവശ്യം പറഞ്ഞ് അടുക്കളയിലേക്ക് പറഞ്ഞയച്ച സുദർശന പ്രസാദ് പിറകിൽനിന്നും ഷാളിട്ടു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിടിവലി നടന്നതിന്റെ ലക്ഷങ്ങണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

വീഴ്ചയിൽ മൂക്കിൽനിന്നും കുമിളകൾ വരുന്ന നിലയിലും കൺതടത്തിന് താഴെ ചോരയൊഴുകുന്ന നിലയിലും മലർന്നുകിടക്കുന്നതായും കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖം ഷാളുകൊണ്ട് മറച്ച നിലയിലായിരുന്നു. അനിലയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അന്നൂരിലെ വീട്ടിൽനിന്നും എത്ര മണിക്കാണ് പുറത്തേക്ക് പോയതെന്നും കൂടെ ആരെങ്കിലുമുണ്ടായിരുന്നോവെന്ന് കണ്ടെത്താൻ പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസ്.

പഠനകാലത്തെ അടുപ്പമാണ് സുദർശന പ്രസാദും മാതമംഗലത്തെ ഫർണീച്ചർ ഷോപ്പിൽ ജോലിചെയ്യുന്ന അനിലയും തമ്മിലുള്ള പ്രണയമായി വളർന്നതെന്നും ദാമ്പത്യത്തിലെ തകർച്ചകൾക്ക് കാരണമായതെന്നുമാണ് പുറത്തുവരുന്ന വിവരം. ഇക്കാരണത്താൽ സുദർശന പ്രസാദിന്റെ ഭാര്യ നിഷയും രണ്ടുമക്കളും ഇയാളിൽനിന്നകന്ന് സമീപകാലത്തായി ഏറണാകുളത്തെ വീട്ടിലാണ് താമസം. ഭാര്യയും മക്കളും അകന്നുപോയതിനുള്ള മനോ വിഷമമായിരിക്കാം ക്രൂരകൃതത്തിന് ശേഷം ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിയുന്നത്.

സുദർശൻ പ്രസാദിനെ കുറിച്ച് നാട്ടുകാർ പറയുന്നത് വളരെ ശാന്ത സ്വഭാവക്കാരനും ഉപകാരിയാണെന്നുമാണ്. ഇതിന്റെ ഭാഗമായാണ് നാട്ടിലെ പരിചയക്കാരായ കുടുംബം വീടു നോക്കാൻ ഏൽപ്പിച്ചത്.