- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയും കുഞ്ഞും ഒക്സിജൻ കുറയുന്ന അപൂർവ്വ രോഗത്തിന് ശ്രീചിത്രയിൽ ചികിത്സയിൽ;പണം തീർന്നതു കൊണ്ട് സ്വർണം വിൽക്കുന്നുവെന്ന കണ്ണീർ കഥ; ലക്ഷങ്ങൾ വിലയുള്ള മെഷീനു പോലും കണ്ടെത്താൻ കഴിയാത്ത വ്യാജ സ്വർണം നിർമ്മിച്ചത് സ്വന്തം ഫാക്ടറിയിൽ; ഭീമയേയും കല്ല്യാണിനേയും പോത്തീസിനേയും പറ്റിച്ച അങ്കിത് സോണി ചില്ലറക്കാരനല്ല!
കൊച്ചി: യഥാർത്ഥ സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം നൽകി ജൂവലറികളെ കബളിപ്പിച്ച് സ്വർണം വാങ്ങി തട്ടിപ്പു നടത്തിയതിന് മൈ കല്ല്യാൺ ജുവലറി ജീവനക്കാർ തടഞ്ഞുവെച്ച് കരുനാഗപ്പള്ളി പൊലീസിനെ ഏൽപ്പിച്ച മധ്യപ്രദേശ് സ്വദേശി ചില്ലറക്കാരനല്ല. ഇൻഡോർ സുധാമ നഗർ സെക്ടർ ഇ യിൽതാമസിക്കുന്ന അങ്കിത് സോണി (32) സ്വന്തമായി വ്യാജ സ്വർണ ആഭരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയുള്ള ആണ്. സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ച സ്വർണമാണ് അങ്കിത് സോണി തട്ടിപ്പിന് ഉപയോഗിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അങ്കിത് സോണി തിരുവനന്തപുരത്ത് എത്തിയത്. ആദ്യം പ്രമുഖ ജ്യൂവലറികൾ എല്ലാം നോക്കി കണ്ടു. ആദ്യം കല്ല്യാൺ ജ്യൂവലേഴ്സിൽ പോയി സ്വർണം വാങ്ങി, തന്റെ കൈയലുള്ള മുക്കു പണ്ടം നല്കിയാണ് അവിടെ നിന്ന് ആഭരണം വാങ്ങിയത്. മുക്കുപണ്ടം ജ്യൂവലറി ജീവനക്കാർ ചൂടാക്കി ഇ.ഡി. ആർ. എക്സ് മെഷീനിൽ വെച്ചിട്ടും തട്ടിപ്പ് മനസിലായില്ല. കൊടുത്ത മുക്കുപണ്ടത്തിന് പകരം സ്വർണം തെരെഞ്ഞടുത്തപ്പോൾ കല്യാണിലെ സെയിൽസ് മാന്മാരോടു പറഞ്ഞത് ആരുടെയും കരളലയിക്കുന്ന കഥയായിരുന്നു.
ഉത്തരേന്ത്യയിലെ വലിയ ഫാക്ടറി മുതലാളിയാണ്. ഭാര്യയും മകളും അപൂർവ്വ രോഗം ബാധിച്ച് ശ്രീചിത്രയിൽ ചികിത്സയിലാണ്. ഓക്സിജൻ കുറയുന്ന രോഗം അവരുടെ ജീവൻ പോലും അപകടത്തിലാക്കിയിരിക്കുന്നു. ചികിത്സക്കായി കൊണ്ടുവന്ന പണം മുഴുവൻ തീർന്നു. അതാണ് ആഭരണങ്ങൾ വിൽക്കുന്നത്. അതിന് ശേഷം ഭീമ ജ്യൂവലറിയിൽ എത്തിയും ഇതേ രീതിയിലുള്ള തട്ടിപ്പ് നടത്തി. പഴയ സ്വർണം എന്ന നിലയിൽ മുക്കു പണ്ടം നല്കി ഇവരെയും പറ്റിച്ചു. ഇവരോടും കണ്ണു നനയിക്കുന്ന കഥ പറഞ്ഞു.
പിന്നീട് ചുങ്കത്ത് ജ്യുവലറിയിൽ എത്തിയും തട്ടിപ്പ് നടത്തി. മൂന്ന് ജ്യൂവലറികളിൽ നിന്നു ലക്ഷങ്ങളുടെ സ്വർണമാണ് മധ്യപ്രദേശ് സ്വദേശിയായ അങ്കിത് സോണി കൈക്കലാക്കിയത് മുക്കുപണ്ടത്തിന്റെ ഹോൾമാർക്ക് ഭാഗത്തോ കൊളുത്തിന്റെ ഭാഗങ്ങളിലോ യഥാർഥ സ്വർണം വച്ചാണ് ഇയ്യാൾ തട്ടിപ്പു നടത്തിയത്. കൊളുത്തിന്റെ ഭാഗവും ഹോൾ മാർക്കും മാത്രം നോക്കുന്ന ജ്യൂവലറി ജീവനക്കാർ ഈ തട്ടിപ്പ് പെട്ടെന്ന് തിരിച്ചറിയില്ല. ഇതു മനസിലാക്കിയാണ് ഇയ്യാൾ തട്ടിപ്പ് നടത്തി വന്നത്. വ്യാഴാഴ്ച ഇയാൾ തട്ടിപ്പ് നടത്താൻ പോയത് ആറ്റിങ്ങൽ ഭീമയിൽ ആയിരുന്നു. അവിടെയും ഇതേ സ്വർണം നല്കി ആഭരണങ്ങൾ വാങ്ങി.
അപ്പോഴേക്കും ചുങ്കത്തിൽ തലേ ദിവസം നൽകിയ സ്വർണം വ്യാജമാണെന്ന് സ്വർണപ്പണിക്കാരൻ കണ്ടെത്തിയിരുന്നു. ആഭരണ നിർമ്മാണത്തിനായി സ്വർണം ചൂടാക്കിയപ്പോൾ നിറം മാറിയിരുന്നു. ചുങ്കത്ത് ജുവലറിക്കാർ അപ്പോൾ തന്നെ പൊലീസിനെയും മറ്റ് സ്വർണ വ്യാപാരികളെയും തട്ടിപ്പ് വിവരം അറിയിച്ചിരുന്നു. തട്ടിപ്പു പുറത്തായ വിവരം അറിയാതെ അങ്കിത് സോണി പിന്നീട് കൊല്ലം കല്ല്യാണിൽ എത്തി പഴയ സ്വർണം എന്ന നിലയിൽ മുക്കു പണ്ടം നല്കി 50 പവനോളം സ്വർണം വാങ്ങി. ഇയ്യാൾ നലകിയത് വ്യാജ സ്വർണമാണെന്ന് സംശയം ഉദിച്ചതോടെ കല്ല്യാൺ ജീവനക്കാർ ഇയ്യാളെ പിന്തുടർന്നു.
മൈ കല്ല്യാൺ ജീവനക്കാരും ഒപ്പം കൂടി. ഇയ്യാളുടെ വണ്ടി കരുനാഗപ്പള്ളി അറേബ്യൻ ജുവലറിക്ക് മുന്നിൽ കണ്ടതോടെ മൈ കല്ലാൺ ജീവനക്കാർ ജ്യൂവലറിക്ക് ഉള്ളിൽ കടന്ന് അങ്കിത് സോണിയെ തടഞ്ഞുവെച്ച് കരുനാഗപ്പള്ളി പൊലീസിനെ വിവരം അറിയിച്ചു. തിരുവനന്തപുരത്തെ ജൂവലറികളിൽ നിന്നുൾപ്പെടെ തട്ടിപ്പ് നടത്തി വാങ്ങിയ സ്വർണവും, വ്യാജ സ്വർണവും, വ്യാജ ഐഡി കാർഡുകളും കണ്ടെടുത്തതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരത്തെ പോത്തീസ് സ്വർണ മഹലിലും ഇയ്യാൾ കയറി മുക്കു പണ്ടം നല്കി പർച്ചേഴ്സ് നടത്തിയതായി കണ്ടെത്തി. ഇയാൾ ഉത്തരേന്ത്യ കേന്ദ്രീകരിച്ചു സ്വർണത്തട്ടിപ്പു നടത്തുന്നവരിൽ പ്രധാനിയാണ്. അങ്കിത് സോണിക്ക് പിന്നിൽ വമ്പൻ റാക്കറ്റുണ്ടെന്നാണ് വിവരം. കേരളത്തിൽ എത്തുന്നതിന് മുൻപ് രണ്ടു മാസം അങ്കിത് സോണി തമിഴ്നാട്ടിൽ തങ്ങിയിരുന്നു. അവിടെയും സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായാണ് വിവരം. അങ്കിത് സോണി പിടിയിലായ ഉടൻ ഇയാളെ രക്ഷിക്കാനും ജാമ്യത്തിനുമായി ഇടപെട്ടത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ്.
ജ്യൂവലറികളുമായി അഭിഭാഷകൻ ഒത്ത് തീർപ്പ് ചർച്ചകൾ പോലും നടത്തിയെന്നാണ് വിവരം. അങ്കിത് സോണിക്ക് പിന്നിൽ വമ്പൻ റാക്കറ്റുണ്ടന്നാണ് പൊലീസ് സംശയിക്കുന്നത്. അങ്കിത് സോണിയിൽ നിന്ന് 18.5 പവനോളം സ്വർണാഭരണങ്ങളും ഒട്ടേറെ മുക്കുപണ്ടങ്ങളും പിടികൂടി. സഞ്ചരിച്ചിരുന്ന മധ്യപ്രദേശ് റജിസ്ട്രേഷൻ കാറും കസ്റ്റഡിയിൽ എടുത്തു.
മധ്യപ്രദേശിലെ ഇൻഡോറിൽ ഇയാൾക്കു വ്യാജ മുക്കു പണ്ടങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി തന്നെയുണ്ടെന്നു ചോദ്യം ചെയ്യലിൽ പറഞ്ഞതായി എസിപി വി എസ്.പ്രദീപ് കുമാർ പറഞ്ഞു. ജൂവലറികളിൽ കയറി തരം പോലെ മൂന്നോ അഞ്ചോ പവൻ സ്വർണം വേണമെന്നു പറയുകയും അതിനു പകരമായി പഴയ സ്വർണം എടുക്കണമെന്നു ധരിപ്പിച്ചു മുക്കുപണ്ടം നൽകുകയും ചെയ്യും. ആവശ്യമെങ്കിൽ അൽപം പണവും നൽകും. മുക്കുപണ്ടത്തിന്റെ ഹോൾമാർക്ക് ഭാഗത്തോ കൊളുത്തിന്റെ ഭാഗങ്ങളിലോ മാത്രമായിരിക്കും യഥാർഥ സ്വർണം. ഒട്ടേറെ ജൂവലറികളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പു നടത്തിയിട്ടുള്ളതായി പൊലീസ് കരുതുന്നു.
എസിപി വി എസ്.പ്രദീപ്കുമാറിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്എച്ച്ഒ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ ഷമീർ, ജിഎസ്ഐ സജികുമാർ, എഎസ്ഐ വേണുഗോപാൽ, എസ്സിപിഒ രാജീവ്കുമാർ, സിപിഒമാരായ ഹാഷിം., പ്രശാന്ത്, ബഷീർ ഖാൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്