തിരുവനന്തപുരം: സാത്താൻ സേവയിൽ 'മുഖ്യ കാർമികൻ' മരിക്കില്ലെന്ന വിലയിരുത്തൽ അരുണാചലിലെ മരണങ്ങളിലെ ദുരൂഹത കൂട്ടുന്നു. പല സാത്താൻ സേവ കേസുകളും പൊലീസിന് മുന്നിൽ എത്തിയിരുന്നു. ഇത് നടത്തുന്നതിന് ഒരാളുണ്ടാകും. ബാക്കിയുള്ളത് ഇരകളും. അരുണാചലിൽ മൂന്ന് പേരും മരിച്ചു. അപ്പോൾ ആരായിരുന്നു സാത്താൻ സേവ നടത്തിയതെന്ന ചോദ്യം ബാക്കി. ആസ്ട്രൽ പ്രൊജക്ഷനാണ് നടത്തിയെന്നാണ് ഉയരുന്ന സംശയം. തിരുവനന്തപുരത്ത് ജിൻസൺ കേഡൽ രാജ നടത്തിയതും ആസ്ട്രൽ പ്രൊജക്ഷനായിരുന്നു. അന്ന് മതാപിതാക്കളുടേയും ബന്ധുക്കളുടേയും ജീവനെടുത്ത ജിൻസൺ, പക്ഷേ ആത്മഹത്യ ചെയ്തില്ല. അങ്ങനെ വരുമ്പോൾ അരുണാചലിലും നാലാമന്റെ സാന്നിധ്യമുണ്ട്.

അരുണാചലിലെ ഹോട്ടലിലെ മുറിയിലാണ് എല്ലാം നടന്നത്. അതുകൊണ്ട് തന്നെ ഈ മുറിയിലേക്ക് മറ്റൊരാൾ വന്നിട്ടില്ല. എന്നാൽ ഓൺലൈനിലൂടെ ആരെങ്കിലും സാത്താൻ സേവയുടെ മുഖ്യ കാർമികനാകാനുള്ള സാധ്യതയുണ്ട്. നവീനിന്റേയും ദേവിയുടേയും ആര്യയുടേയും ഫോൺ പരിശോധന നിർണ്ണായകമാകും. ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും അന്ധവിശ്വാസങ്ങളിലേക്ക് നയിച്ചത് നവീൻ ആണെന്നാണ് അന്വേഷണത്തിലെ സൂചനകൾ. മരണശേഷം മറ്റൊരു ഗ്രഹത്തിൽ ജീവിക്കാമെന്ന് ഭാര്യ ദേവിയെയും ആര്യയെയും നവീൻ വിശ്വസിപ്പിച്ചതായാണ് വിവരം. മറ്റാരുടേയോ സമ്മർദ്ദം ഇതിന് പിന്നിലുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണം നിർണ്ണായകമാകും.

മരണാനന്തരജീവിതം, മരണത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായാണ് വിവരം. മരണശേഷം അന്യഗ്രഹത്തിൽ താമസിക്കുമെന്നാണ് നവീൻ വിശ്വസിച്ചിരുന്നത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ദേവി(40), ഭർത്താവ് കോട്ടയം മീനടം സ്വദേശി നവീൻതോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂർക്കാവ് സ്വദേശി ആര്യാ നായർ(27) എന്നിവരെയാണ് ചൊവ്വാഴ്ച അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പൊതുവായി ഒരു ഗ്രൂപ്പിലെ അംഗങ്ങളായിരുന്നുവെന്നാണ് സൂചന. ഈ ടെലഗ്രാം ഗ്രൂപ്പ് കണ്ടെത്തുകയാണ് അന്വേഷണത്തിൽ നിർണ്ണായകം.

മാർച്ച് 28-നാണ് ഇവർ ഹോട്ടലിൽ 305-ാം നമ്പർ മുറിയെടുക്കുന്നത്. 31 വരെ ഇവർ പുറത്ത് പോയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചശേഷമാണ് ഇവർ പുറത്തുപോയിരുന്നത്. എന്നാൽ ഒന്നാം തീയതി ഇവരെ കണ്ടില്ല. വൈകീട്ട് വിളിച്ചുനോക്കിയിട്ടും ആരും തുറന്നില്ല. രണ്ടാം തീയതി വാതിൽ ശക്തിയായി തള്ളി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ പൊലീസും വന്നു. നവീനും ദേവിയും മുൻപ് ഒരു തവണ അരുണാചലിൽ എത്തിയെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ ഇവർ കഴിച്ചതായും സൂചനയുണ്ട്. വീട്ടിൽ നിന്നുമാറി കഴിഞ്ഞ രണ്ടുവർഷമായി പേരൂർക്കട അമ്പലമുക്കിലാണ് നവീനും ദേവിയും വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം. ഇടയ്ക്ക് കോട്ടയം മീനടത്തേക്കും പോകുമായിരുന്നു. സാത്താൻ സേവക്കാരുടെ രഹസ്യ യോഗങ്ങളിൽ ഇവർ പങ്കെടുത്തിരിക്കാമെന്നും സംശയമുണ്ട്. ഇതെല്ലാം പൊലീസ് അന്വേഷണത്തിന്റെ ഭാഗമാക്കും.