തിരുവനന്തപുരം: അരുണാചലിലെ ആ മൂന്ന് മരണങ്ങൾക്ക് പിന്നിൽ സാത്താൻ സേവയെന്ന സംശയം ശക്തം. കോട്ടയം മീനടം സ്വദേശി നവീൻ തോമസ്(35), ഭാര്യ ദേവി(35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യ ബി.നായർ(20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ജിറോയിലെ ബ്ലൂപൈൻ ഹോട്ടലിലെ 305-ാം നമ്പർ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. ഡെവിൾ വർഷിപ്പ് എന്നാൽ സാത്താൻ സേവ. ആന്റി ക്രൈസ്റ്റ് മൂവ്മെന്റിന്റെ മറ്റൊരു രൂപമാണിത്. അതീന്ദ്രീയ സ്വഭാവം കൈവരിക്കാനാണ് പലരും സത്താൻ സേവയെന്ന അന്ധവിശ്വാസത്തിലേക്ക് വഴുതി വീഴുന്നത്. നവീനാണ് ഈ അതീന്ദ്രീയ വിശ്വാസ ഗ്രൂപ്പിന്റെ ഭാഗമായി ആദ്യം മാറിയത്.

തിരുവനന്തപുരത്ത് സാത്താൻ സേവക്കാർ സജീവമാണെന്ന വാദം നേരത്തെ തന്നെ സജീവമായിരുന്നു. വഴുതക്കാട് കേന്ദ്രമായി ഇത്തരം സംഘങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കേഡൽ ജിൻസൺ രാജ ആസ്ട്രൽ പ്രൊജക്ഷൻ കൊലപാതകങ്ങളിലും ഇത് ചർച്ചയായി. എന്നാൽ സാത്താൻ സേവക്കാരെ കണ്ടെത്താൻ പൊലീസ് ഒന്നും ചെയ്തില്ല. അരുണാചലിലേക്ക് ഇവരെ പറഞ്ഞയച്ചതും സാത്താൻ സേവക്കാരാണെന്നും സൂചനകളുണ്ട്. നവീന്റെ ബന്ധങ്ങൾ ചികഞ്ഞു പോയാൽ ഇവരെ കണ്ടെത്താമെന്നതാണ് വസ്തുത.

എട്ടു കൊല്ലം മുമ്പാണ് ദേവിയും ആര്യയും സുഹൃത്തുക്കളാകുന്നത്. ജർമൻ ഭാഷ്യാ അദ്ധ്യാപികയായ ദേവിയും ഫ്രഞ്ച് ടീച്ചറായ ആര്യയും ഒരു സ്‌കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്. മേലത്തുമേലയിലെ പ്രമുഖ കമ്യൂണിസ്റ്റ് കുടുംബമായിരുന്നു ആര്യയുടേത്. എന്നാൽ ആര്യയുടെ അച്ഛൻ കോൺഗ്രസുകാരനും. മെമ്പർ കുട്ടൻപിള്ളയുടെ കുടുംബത്തെ ബഹുഭൂരിപക്ഷവും അടിയുറച്ച സിപിഎമ്മുകാരായിരുന്നു. സ്‌കൂളിൽ പഠിപ്പിക്കാൻ പോയതിന് ശേഷം സമൂഹവുമായി അടുത്ത ബന്ധം ആര്യ പുലർത്തിയിരുന്നില്ല. വിവാഹങ്ങൾ തട്ടിമാറ്റി. ഇതിന് പിന്നിൽ ദേവിയുടെ സ്വാധീനമാണെന്ന് ആര്യയുടെ അച്ഛനും അമ്മയും തിരിച്ചറിഞ്ഞിരുന്നു. മനോരോഗ വിദഗ്ധരെ പോലും ആര്യയെ കാണിക്കേണ്ട അവസ്ഥ വന്നു. അതിന് ശേഷമാണ് ആര്യ കല്യാണത്തിന് സമ്മതിച്ചത്. വിവാഹ വസ്ത്രം അടക്കം വാങ്ങി. ഇതിനിടെ വീണ്ടും ആര്യയെ ദേവിയും നവീനും സ്വാധീനിച്ചുവെന്നാണ് സൂചന.

വട്ടിയൂർക്കാവിന് അടുത്ത് മേലത്തുമേലെയാണ് ആര്യയുടെ വീട്. വട്ടിയൂർക്കാവ് മൂന്നാംമൂടിലാണ് ദേവിയുടെ കുടുംബ വീട്. ഇവിടെ വളരെ കാലം ദേവിയും നവീനും താമസിച്ചിരുന്നുവെന്നാണ് സൂചന. ഈ വീട്ടിൽ വച്ചും ഇവർ ദുർമന്ത്രവാദം നടത്തുന്നുവെന്ന സൂചന പുറത്തു വരുന്നുണ്ട്. ഭാര്യയെയും സുഹൃത്തായ അദ്ധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭർത്താവ് നവീൻ എന്ന് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീൻ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീൻ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ആര്യയ്ക്ക് നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.

ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആര്യയെ 27 മുതൽ കാണാനില്ലെന്നു പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു. 'സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു' എന്ന കുറിപ്പും നാട്ടിൽ വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും മേശയിലുണ്ടായിരുന്നു. സിസിടിവിയിൽ സംശായസ്പദമായൊന്നും കണ്ടെത്തിയില്ല.

അതേസമയം, എങ്ങനെ മരിക്കണമെന്നു തീരുമാനിക്കാൻ യുട്യൂബ് വിഡിയോകൾ പരിശോധിച്ചതായി കണ്ടെത്തി. നവീനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. സാത്താൻ സേവയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താനാണ് ഇത്.