- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലമുരുകൻ കേരളം വിട്ടു; കൊടുംകുറ്റവാളിയെ കേരളം തളച്ച കഥ
തൃശ്ശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ കേരളം വിട്ടുവെന്ന് റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കൊടും ക്രിമിനൽ ജയിൽ ചാട്ടം മുൻകൂട്ടി ആസൂത്രണം ചെയ്തുവെന്നാണ് സൂചന. വിയ്യൂർ അതിസുരക്ഷാ ജയിൽ പരിസരത്തുനിന്നാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. തമിഴ്‌നാട് ആലംകുളം സ്വദേശിയാണ് ബാലമുരുകൻ. മുമ്പ് കേരളാ പൊലീസിനെ കബളിപ്പിച്ചും ഇയാൾ കടന്നിരുന്നു. എന്നാൽ ഉടൻ തന്നെ പിടികൂടി. കേരളാ പൊലീസ് അതിസാഹസികമായി പിടികൂടിയ പ്രതിയാണ് തമിഴ്‌നാട് പൊലീസിന്റെ അനാസ്ഥയിൽ രക്ഷപ്പെട്ടത്.
വിയ്യൂർ ജയിലിൽ എത്തിക്കുന്നതിനിടെ നാടകീയമായ രക്ഷപ്പെടുകയായിരുന്നു ബാലമുരുകൻ. ഇന്നലെ രാത്രി ഒമ്പതോടെയാണ് ജയിലിലെത്തിക്കുന്നതിനിടെ കൊടും ക്രിമിനലായ ബാലമുരുകൻ നാടകീയമായി രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിൽ നിന്നാണ് ബാലമുരുകനെ എത്തിച്ചത്. തമിഴ്‌നാട് പൊലീസിന്റെ വാനിലായിരുന്നു. വിയ്യൂർ ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാർ ബാലമുരുകന്റെ കയ്യിലെ വിലങ്ങ് ഊരി. എന്നാൽ ഉടൻ തന്നെ ഇയാൾ വാനിന്റെ ഇടതുവശത്തെ ഗ്ലാസ് ഡോർ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. പിന്നെ ബാലമുരുകനെ കണ്ടെത്താനായില്ല. ബാലമുരുകനെ രക്ഷിക്കാൻ മറ്റൊരു സംഘം എത്താനുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്.
തമിഴ്‌നാട്ടിൽ 53 കേസുകളിൽ ഉൾപ്പെട്ടു പിടികിട്ടാപ്പുള്ളിയായ പ്രതിയായിരുന്നു മറയൂർ കോട്ടക്കുളത്തെ മോഷണത്തിൽ പിടിയിലായ ബാലമുരുകൻ. അന്വേഷണത്തിനിടെ ഡിണ്ടിഗലിൽ വച്ച് പൊലീസ് കസ്റ്റഡിയിൽനിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു. നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നതോടെയാണ് ഒളിത്താവളമായി മറയൂരിനെ കണ്ടെത്തുകയായിരുന്നു. 2018ൽ മറയൂരിൽ എത്തിയ ബാലമുരുകൻ കരിമ്പിൻത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു. മുരുകന്മല ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് ഭാര്യയും മകളുമായിട്ടായിരുന്നു താമസം. മറയൂരിലെ ശർക്കര ഫാക്ടറിയിലെ വിശ്വസ്തനായ തൊഴിലാളിയായിരുന്നു ബാലമുരുകൻ. ഈ കള്ളന് കാറുകളോട് വല്ലാത്ത കമ്പമാണ്. മറയൂരിൽ താമസിച്ച് ഈ മേഖലയെ പഠിച്ച് നിരവധി മോഷണം നടത്തി. ഇതിനിടെയാണ് പിടിയിലായത്.
ഓരോ തവണയും ജയിലിൽനിന്ന് പുറത്തിറങ്ങുമ്പോൾ ഇയാൾ രൂപമാറ്റം വരുത്തും. വ്യത്യസ്തമായ ഹെയർ സ്‌റ്റൈലിലാണ് ഇയാൾ പ്രത്യക്ഷപ്പെടുന്നത്. പൊലീസുകാരെ പറ്റിക്കാനായിരുന്നു ഇതെല്ലാം. മറയൂരിന്റെ പശ്ചാത്തലം മനസ്സിലാക്കിയാണ് മോഷണം നടത്താൻ ബാലമുരുകൻ നാട്ടിൽനിന്ന് സുഹൃത്തുക്കളെ എത്തിച്ചത്. ഇതിൽ ബാലമുരുകൻ ഉൾപ്പെടെ 4 പേർ കോട്ടക്കുളത്തെ മോഷണത്തിൽ പിടിയിലായി. പിന്നീട് തെളിവെടുക്കാൻ കൊണ്ടു പോകുന്നതിനിടെ കേരളാ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ബാലമുരുകൻ ഉൾപ്പെടെ നാല് പ്രതികളെയാണ് മറയൂർ പൊലീസ് സാഹസികമായി പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം മറയൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തമിഴ്‌നാട്ടിലെ അന്വേഷണത്തിനായി കൊണ്ടുപോയി തിരികെ വരുമ്പോൾ വഴിക്ക് മൂത്രമൊഴിക്കാൻ പ്രതി ബാലമുരുകനെ മൂത്രപ്പുരയിൽ എത്തിച്ചപ്പോളാണ് എസ്‌ഐ അശോക് കുമാറിനെ ആക്രമിച്ച്കടന്നത്. തുടർന്ന് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും തിരുനെൽവേലിയിൽ വിവിധ സ്ഥലങ്ങളിലുമായി 10 ദിവസത്തോളം ഊർജിതമായ അന്വേഷണത്തിൽ ബാലമുരുകന് കൃഷിത്തോട്ടത്തിൽ ഷെഡിനുള്ളിൽനിന്ന് പിടികൂടി. മറയൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അതിന് ശേഷമാണ് വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്.
മറയൂർ കോട്ടക്കുളം സ്വദേശി സതീഷിന്റെ വീട്ടിലെ മോഷണ ശ്രമത്തെ തുടർന്നുള്ള കേസിൽ ആണ് ബാലമുരുകനേയും കൂട്ടാളികളേയും പൊലീസ് പടി കൂടിയത്. സതീഷിന്റെ വീട്ടിൽ അർദ്ധരാത്രിയിൽ വാതിൽ കുത്തി തുറന്ന് മോഷണ ശ്രമം നടന്നത് ഇന്നലെ . വാതിൽ കുത്തി തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന വീട്ടുകാരെ പ്രതികൾ അപായപ്പെടുത്താൻ ശ്രമിച്ചു. പ്രതികളെ മറയൂർ പൊലീസ് പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെയായിരുന്നു.
സതീഷിന്റെ വീട്ടിൽ നിന്ന് മോഷണശ്രമം പാളിയതിനെ തുടർന്ന് രക്ഷപ്പെട്ട പ്രതികൾ മറയൂർ പത്തടിപ്പാലത്തെ പുഷ്പാംഗതന്റെ വീട്ടിൽ നിന്ന് നായ്ക്കുട്ടികളെ മോഷ്ടിച്ചു. പുലർച്ചെ അഞ്ചരയോടെ നായ്ക്കുട്ടികളുമായി പോകുന്ന വാഹനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് പിന്തുടരുന്നത് കണ്ട് ചട്ടമൂന്നാർ ഭാഗത്ത് വാഹനം ഉപേക്ഷിച്ച് മോഷ്ടാക്കൾ തേയിലത്തോട്ടത്തിലൂടെ രക്ഷപ്പെടാൻ ശ്രമം നടത്തി. പൊലീസ് സംഘം പ്രദേശത്തെ അമ്പതോളം ചെറുപ്പക്കാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കുറ്റവാളികളെ പിടികൂടുകയായിരുന്നു.
പൊലീസിനെയും നാട്ടുകാരെയും കല്ലെറിഞ്ഞ് ഓടിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ പൊലീസ് പിടിയിലാകാതിരിക്കാൻ എന്തും ചെയ്യുന്ന കുറ്റവാളിയാണ് ബാലമുരുകൻ. വൻ മാഫിയാ സംഘവും ഇയാൾക്ക് സ്വന്തമായുണ്ട്.