തിരുവനന്തപുരം: സംഘടനയ്ക്ക് ഓഫിസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം രൂപ പിരിക്കാൻ നിർദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങൾ പുറത്തു വരുമ്പോൾ ബാർ കോഴയിൽ ആദായ നികുതി വകുപ്പ് അന്വേഷണത്തിന്. പ്രാഥമിക പരിശോധനകൾ ഐടി വകുപ്പ് നടത്തും. ക്രമക്കേടുകൾ കണ്ടെത്തിയാൽ നടപടികളിലേക്കും കടക്കും. ഇടുക്കിയിലെ അനിമോന്റെ വോയിസ് ക്ലിപ്പും മുഖവിലയ്ക്ക് എടുക്കും. കേരളത്തിലെ മുഴുവൻ ബാറുടമകളിലേക്കും ആദായ നികുതി വകുപ്പിന്റെ അന്വേഷണം നീളും. കള്ളപ്പണ ഇടപാട് കണ്ടെത്തിയാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കാര്യങ്ങൾ അറിയിക്കും.

കെട്ടിടം വാങ്ങാൻ മാസങ്ങൾക്കു മുൻപ് നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങൾ നൽകിയത് ഒരു ലക്ഷം രൂപയാണെന്നതിന്റെ രേഖയും പുറത്തായി. മദ്യ നയത്തിലെ ഇളവിനു വേണ്ടി രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് പുറത്തായപ്പോഴാണ് കെട്ടിടം വാങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് അസോസിയേഷൻ നേതാക്കൾ തലയൂരിയത്. തിരുവനന്തപുരത്ത് പിഎംജിയിൽ ആറു കോടിക്ക് വസ്തു കിട്ടുമോ എന്നതും പരിശോധിക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. ഒരിക്കലും ബാർ ഉടമകൾ പറയുന്ന വിപണി വിലയ്ക്ക് വസ്തു കിട്ടാനുള്ള സാധ്യത കുറവാണ്. ഇതടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തും. വസ്തു ഉടമയെ അടക്കം ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ മാസങ്ങൾക്കു മുൻപു വന്ന സന്ദേശത്തിൽ കെട്ടിട നിർമ്മാണത്തിനു നൽകേണ്ടത് ഒരു ലക്ഷം രൂപയാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എക്‌സിക്യൂട്ടിവ് അംഗങ്ങളിൽ നിന്ന് വായ്പയായാണ് തുക ആവശ്യപ്പെട്ടതെന്നാണ് ബാർ അസോസിയേഷന്റെ പ്രസിഡന്റ് പറയുന്നത്. എന്നാൽ അനിമോന്റെ ശബ്ദസന്ദേശത്തിൽ പണം ആവശ്യപ്പെട്ടത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്. കെട്ടിടത്തിനായി നേരത്തെ ഒരു ലക്ഷം നൽകിയവരോടു തന്നെയാണ് രണ്ടര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതെന്നാണ് വിവരം. 23ന് ചേർന്ന എക്‌സിക്യൂട്ടിവ് യോഗത്തിൽ പല അംഗങ്ങളും ഇതുമായി ബന്ധപ്പെട്ട് നേതൃത്വത്തെ ചോദ്യം ചെയ്തിരുന്നു.

മദ്യനയത്തിലെ ഇളവിനായി ബാറുടമകളിൽനിന്ന് പണപ്പിരിവ് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അന്വേഷണം ആരംഭിച്ചു. എസ്‌പി. മധുസൂദനന്റെ നേതൃത്വത്തിൽ ഇതിനായുള്ള നടപടികൾ പൂർത്തിയാക്കി. പ്രാഥമികാന്വേഷണത്തിനാണ് ഉത്തരവെന്നതിനാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യില്ല. പിന്നീട് ആവശ്യമെങ്കിൽ മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുക. ബാറുകളുടെ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടോയെന്നതാകും പ്രധാനമായി അന്വേഷിക്കുക. ഇഡി അന്വേഷണം വരാതിരിക്കാനാണ് എഫ് ഐ ആർ ഇടാത്തത്.

തിങ്കളാഴ്ചമുതൽ മൊഴിയെടുപ്പ് നടക്കും. പരാതിക്കാരനായ മന്ത്രി വിദേശത്തായതിനാൽ ഇ-മെയിൽ വഴിയോ ഫോണിലൂടെയോ ആകും വിവരങ്ങൾ ശേഖരിക്കുക. ബാറുടമകളുടെ അസോസിസേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. തിങ്കളാഴ്ച ഇടുക്കിയിൽവെച്ച് അനിമോന്റെ മൊഴിയെടുത്തേക്കും. മറ്റു ഭാരവാഹികളിൽനിന്നും മൊഴിയെടുപ്പുണ്ടാകും. ശബ്ദരേഖയിൽ പറയുന്ന തരത്തിൽ പണപ്പിരിവ് നടന്നിട്ടുണ്ടോയെന്നതാകും പ്രാഥമികമായി പരിശോധിക്കുക. പിരിവ് നടന്നിട്ടുണ്ടെങ്കിൽ എന്തിനുവേണ്ടിയായിരുന്നുവെന്നും പണം എങ്ങോട്ടുപോയെന്നും വിവരങ്ങൾ ശേഖരിക്കും.

ശബ്ദസന്ദേശം മനഃപൂർവം സൃഷ്ടിച്ച് പുറത്തുവിട്ടതാണോയെന്നും അന്വേഷിക്കും. അസോസിയേഷന്റെ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് ചില പണപ്പിരിവുകൾ നടന്നതിനെപ്പറ്റി നേരത്തേതന്നെ വിജിലൻസിന് പരാതികൾ ലഭിച്ചിരുന്നു. അതിൽ വിജിലൻസ് അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല. പ്രാഥമികാന്വേഷണം പൂർത്തിയാക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിച്ചാൽ മതിയാകും. എന്നാൽ, എത്രയും വേഗം പ്രാഥമികാന്വേഷണം പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് പൊലീസ് മേധാവി നിർദ്ദേശം നൽകിയിരിക്കുന്നത്.