ന്യൂഡൽഹി: ഈ മാതൃക ആർക്കും പിന്തുടരാം. ഗവർണർ കർശന നിലപാടെടുത്തു. ഉദ്യോഗസ്ഥരും സർക്കാരും ഉണർന്നു. ശരിയായ പരിപാലനമില്ലാതെ അവഗണയിലാണ്ട ഡൽഹി ബംഗാഭവനിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പുതുജീവൻ വീണു. രണ്ടുദിവസത്തെ സന്ദർശനത്തിന് കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ ഗവർണർ ഡോ സിവി ആനന്ദബോസാണ് ഇടപെടലുകൾക്ക് പിന്നിൽ. ഉദ്യോഗസ്ഥർക്ക് കർശന താക്കീത് നൽകി താമസം ഇന്ത്യൻ നേവി ഗസ്റ്റ് ഹൗസിലേക്ക് മാറിയതോടെ സ്ഥിതി പൊടുന്നനെ മാറി.

ഡൽഹി സന്ദർശിക്കുമ്പോൾ ഗവർണറും മുഖ്യമന്ത്രിയും താമസിക്കുന്ന, വിശിഷ്ടാതിഥികൾക്കുള്ള ബംഗാഭവൻ ഏറെക്കാലമായി പരിപാലനത്തിൽ ശുഷ്‌കാന്തിയില്ലാതെ പരിതാപാവസ്ഥയിലാണ്. വിദേശ എംബസികളുടെ ആസ്ഥാനമായ ചാണക്യപുരിയിലാണ് ബംഗാഭവൻ. മുഖ്യമന്ത്രി അപൂർവമായേ ബംഗാഭവനിൽ താമസിക്കാറുള്ളൂ. ഗവർണർ ഡൽഹിയിലെത്തുമ്പോൾ ചെലവ് ചുരുക്കാനായി കഴിവതും അവിടെത്തന്നെ താമസിക്കും. ഡൽഹിയിൽ കേരളാ ഹൗസുമുണ്ട്. കേരളാ മുഖ്യമന്ത്രിയും ഗവർണറും എല്ലാം താമസിക്കുന്നത് ഇവിടെയാണ്. പരിപാലനവും മെച്ചം. എന്നാൽ ബംഗാൾ ഹൗസ് ആർക്കും വണ്ട. ഗവർണറായി സി വി ആനന്ദബോസ് എത്തിയതോടെയാണ് ബംഗാൾ ഭവനിൽ വിവിഐപി സ്ഥിരമായി എത്തി തുടങ്ങിയത്.

ഗവർണറുടെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിച്ച് പരിപാലനത്തിലും അറ്റകുറ്റപ്പണികളിലും അവഗണന കാട്ടിയതു കാരണമാണ് ഗവർണർ താമസം നേവി ഗസ്റ്റ് ഹൗസിലേക്ക് മാറിയത്. മലയാളിയായ നേവൽ അഡ്‌മിറൽ ആർ ഹരികുമാർ ഗവർണർക്ക് ഹൃദ്യമായ ആതിഥ്യം നൽകി. ബംഗാഭവനിൽ താമസിക്കാൻ വിസമ്മതിച്ച ഗവർണർക്ക് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസമൊരുക്കാൻ ഉദ്യോഗസ്ഥർ മുൻകൈയെടുത്തെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. ഉദ്യോഗസ്ഥന്മാരുടെ വീഴ്ച മറയ്ക്കാൻ പൊതുജനങ്ങളുടെ പണം ധൂർത്തടിക്കാൻ പറ്റില്ല എന്ന് ഗവർണർ ശഠിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് കർശന താക്കീത് നൽകി അദ്ദേഹം താമസം നാവിക ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. അപ്രതീക്ഷിതമായ ഈ പ്രതിഷേധം സർക്കാരിനെയും ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു.

പാർപ്പിട നിർമ്മിതിയിൽ അന്തർദേശീയ മാതൃകയായി മാറിയ നിർമ്മിതി കേന്ദ്രത്തിന്റെ ഉപജ്ഞാതാവുകൂടിയായ ആശയങ്ങളുടെ തമ്പുരാൻ ആനന്ദബോസ് ചെലവ് കുറച്ച് ബംഗാഭവൻ മോടിപിടിപ്പിക്കുന്നതിന് പലവട്ടം പ്രായോഗിക നിർദ്ദേശങ്ങൾ നൽകിയിരുന്നു, എന്നാൽ അവ നടപ്പാക്കുന്നതിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ അലംഭാവം കാട്ടിയതോടെയാണ് പ്രതിഷേധം പ്രകടമാക്കി അദ്ദേഹം നിലപാട് കടുപ്പിച്ചത്. അതോടെ പൊതുമരാമത്ത് മന്ത്രി ഇടപെട്ടു. കാര്യങ്ങൾ വേഗത്തിലായി. ഖജനാവ് കട്ട് ആർഭാടങ്ങൾക്ക് പണം വിനിയോഗിക്കുന്നവർക്കുള്ള മാതൃകയാണ് ഇത്. ബംഗാൾ ഭവന്റെ പരിപാലനത്തിന് ചെറിയ കാര്യങ്ങളേ വേണ്ടിയിരുന്നുള്ളൂ. ഇതാണ് ഗവർണർ ഉറപ്പാക്കുന്നത്.

ശുചിത്വത്തിന്റ കാര്യത്തിൽ കണിശക്കാരനായ ഗവർണർക്ക് കെട്ടിടവും പരിസരവും അടുക്കും ചിട്ടയുമായി വെയ്ക്കണം എന്നത് നിർബന്ധമാണ്. ബംഗാളിലെ മൂന്നു രാജ്ഭവനിലും അദ്ദേഹം അത് നിഷ്‌കർഷിച്ചു. അതിന് ഫലവുമുണ്ടായി. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കുമ്പോഴും ഇക്കാര്യത്തിൽ അദ്ദേഹം അതീവ ജാഗ്രതപുലർത്തിയിരുന്നു. അതുകാരണം അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ ആ മുറി കരസ്ഥമാക്കാൻ സെക്രട്ടറിമാർ മത്സരിക്കുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

ബ്രിട്ടീഷ് വൈസറോയിമാരുടെ ആസ്ഥാനമായിരുന്ന കൊട്ടാരസമാനമായ കൊൽക്കത്ത രാജ്ഭവൻ സമൂച്ചയം പരിപാലിക്കുന്നതിനു 97 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് ഇട്ടിരുന്നത്. എന്നാൽ ഗവർണറും ഭാര്യ ലക്ഷ്മിയും മുൻകൈയെടുത്ത് അധികം ചെലവില്ലാതെ രാജ് ഭവൻ അടുക്കും ചിട്ടയുമായി പുനഃക്രമീകരിച്ചു. അവഗണിക്കപ്പെട്ടു കിടന്ന അമൂല്യമായ കലാശേഖരങ്ങളും ചരിത്ര പ്രാധാന്യമുള്ള ഫർണ്ണിച്ചറും കലാബോധത്തോടു കൂടി യഥാവിധി വിന്യസിക്കുക മാത്രമാണ് ചെയ്തത്. ഈ ഉദ്യമത്തിൽ രാജ്ഭവനിലെ സാധാരണ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉത്സാഹത്തോടെ സഹകരിച്ചു.

രാജ്ഭവന്റെ വിശാലമായ തോട്ടത്തിൽ പച്ചക്കറി കൃഷി ചെയ്ത് അതിൽ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങൾ അഗതി മന്ദിരങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. രാജ് ഭവനിൽ പച്ചക്കറി വാങ്ങുന്ന ചെലവ് പ്രതിദിനം 35,000 രൂപയിൽ നിന്ന് 1,500 രൂപയിലേക്ക് ചുരുങ്ങി. ഗവർണർ ബോസ്, തനിക്കും ഭാര്യക്കുമുള്ള ആഹാരത്തിനുള്ള പ്രതിമാസ ചെലവ് തന്റെ ശമ്പളത്തിൽ നിന്ന് നൽകുകയാണ്. ബംഗാളിൽ യാത്ര ചെയ്യുമ്പോൾ ഗവർണർ കഴിവതും ട്രെയിനിലാണ് യാത്ര. വിമാനത്തിൽ സഞ്ചരിക്കുമ്പോഴും പരമാവധി ഇക്കണോമി ക്ലാസിലാണ് യാത്ര