മലപ്പുറം: ജുവലറി മുതലാളി ബോബി ചെമ്മണ്ണൂരിന്റെ പണത്തിനു മുമ്പിൽ ഡി.ജി.പിയുടെ ഉത്തരവിനും പുല്ലുവില. തിരൂരിലെ ബോബി ചെമ്മണ്ണൂർ ജൂവലറി അധികൃതരുടെ ഭീഷണിയിൽ മനംനൊന്ത് തീകൊളുത്തി മരിച്ച ഇസ്മായിലിന്റെ കേസ് പൊലീസ് ചെമ്മണ്ണൂർമുതലാളിക്കുവേണ്ടി അട്ടിമറിച്ചിരുന്നു. എഫ്.ഐ.ആർ നിലനിൽക്കെ, നിയമം മറികടന്നു പൊലീസ് ഒതുക്കിത്തീർത്തു കഴിഞ്ഞപ്പോഴാണു ഡിജിപിയുടെ ഉത്തരവുണ്ടായത്. വിവാദമാകുന്ന കേസാണെന്നു കണ്ടാണ്, ഇസ്മായീലിന്റെ ഭാര്യ ഷഹീദയുടെ മൊഴി 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിനു മുന്നിൽ അടിയന്തരമായി കൊണ്ടുവന്ന് രേഖപ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാർ ഉത്തരവിട്ടത്. ഈ ഉത്തരവ് വന്നിട്ടു മാസങ്ങളായി. എന്നിട്ടും ഇന്നേ വരെ പൊലീസ് 164 പ്രകാരമുള്ള മൊഴിയെടുത്തിട്ടില്ല.

164 പ്രകാരമുള്ള മൊഴിയെടുക്കണമെന്നു നിർദേശിച്ചു ഡി.ജി.പി മലപ്പുറം എസ്‌പിക്ക് സെപ്റ്റംബർ എട്ടിനയച്ച കത്തിന്റെ പകർപ്പും, കേസ് അട്ടിമറിക്കുന്നതിനായി ഇസ്മായിലിന്റെ ഭാര്യയുടെ മൊഴിയെന്ന വ്യാജേന അന്വേഷണ ഉദ്യോഗസ്ഥർ ഡി.ജി.പിക്ക് അയച്ച കത്തിന്റെ പകർപ്പും മറുനാടൻ മലയാളിക്ക് ലഭിച്ചു. തിരൂർ പൊലീസ് സ്‌റ്റേഷനിൽ ജൂവലറി മാനേജർ അടക്കം എട്ടു പേർക്കെതിരെ 976/15 യു/എസ് 306,385, ആർ/ഡബ്ലിയു 34 വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ എഫ്.ഐ.ആർ ഇട്ട കേസ് കോടതിയിൽ എത്തും മുമ്പേ പൊലീസ് അട്ടിമറിക്കുകയായിരുന്നു. ജൂവലറി മുതലാളി ബോബി ചെമ്മണ്ണൂരിനെ രക്ഷിക്കാൻ വിവിധ തലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരക്കഥ കൂടിയാണ് ഇതോടെ പുറത്താകുന്നത്.

വട്ടത്താണി കെ.പുരം സ്വദേശി പാട്ടശ്ശേരി ഇസ്മായിൽ ജൂൺ 13 ന് ജൂവലറി മാനേജറുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കയ്യിൽ കരുതിയ പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. അതീവ ഗുരുതരമായി പൊള്ളലേറ്റ ഇസ്മായീൽ അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. എന്നാൽ സംഭവത്തിന് തലേദിവസം ഇസ്മായിലിന്റെ ഇളയ മകളെ വിവാഹം കഴിച്ച ചെമ്മാട് കൊടിഞ്ഞിയിലെ വീട്ടിൽ ജൂവലറി ലോഗോ പതിച്ച കാറിലെത്തിയ ഏതാനും പേർ സ്വർണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ഇതിൽ കടുത്ത മാനസിക പ്രയാസം ഇസ്മായിൽ അനുഭവിച്ചിരുന്നതായും ചൂണ്ടിക്കാട്ടി ഇസ്മായിലിന്റെ കുടുംബം വിവിധ മേധാവികൾക്ക് പരാതി നൽകിയിരുന്നു. മരണത്തിന് ഉത്തരവാദികൾ ബോബി ചെമ്മണ്ണൂർ ജൂവലറിയും ബന്ധപ്പെട്ട അധികൃതരുമാണെന്നും പറഞ്ഞ് ഇസ്മായീലിന്റെ ഭാര്യ ഷഹീദ, മക്കളായ തെസ്‌നിയ, സുമയ്യ, റിയാസ് എന്നിവർ ചേർന്ന് കേരളാ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് മേധാവി, തിരൂർ സബ് ഇൻസ്‌പെക്ടർ, ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ ജനറൽ സെക്രട്ടറി എന്നിവർക്ക് പരാതി സമർപ്പിച്ചിരുന്നു.

പരാതിയുടെ മേൽ തിരൂർ എസ്.ഐ, എഫ്.ഐ.ആർ ഇടുകയും കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കൾ പരാതി പിൻവലിക്കാനായി ഇസ്മായിലിന്റെ വീട്ടുകാരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തി. ഇതിനു വഴങ്ങാതിരുന്ന കുടുംബത്തെ അടുത്ത ബന്ധുക്കൾ മുഖേന സമ്മർദം ചെലുത്തുകയായിരുന്നു. തുടർന്ന് ജൂവലറിയിൽ തിരിച്ചടവുള്ള തുകയുടെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ജൂവലറിക്കാരും ഇസ്മായിലിന്റെ വീട്ടുകാരെ ഇടനിലക്കാർ മുഖേന ബന്ധപ്പെട്ടു. ഒടുവിൽ കടം എഴുതി തള്ളുന്നതോടൊപ്പം ഇരുപത് ലക്ഷം രൂപ തരാമെന്ന ഉറപ്പ് നൽകിയതോടെ പാരാതി പിൻവലിക്കാമൈന്ന ധാരണയിലേക്ക് വീട്ടുകാരും എത്തി. നാട്ടിലെ പൗരപ്രൗമുഖരും പൊലീസ് ഉദ്യോഗസ്ഥരും മധ്യസ്ഥം വഹിച്ച ഈ കച്ചവടത്തിൽ ഏറിയ പങ്കും ഇടനിലക്കാരുടെ പോക്കറ്റിലേക്കായിരുന്നു പോയത്.

കേസുമായി മുന്നോട്ടു പോകില്ലെന്ന ഉറപ്പിൽ ഇസ്മായിലിന്റെ കുടുംബത്തിന് ഇതുവരെ അഞ്ച് ലക്ഷം രൂപയും ജൂവലറിക്കാർ നൽകി. എന്നാൽ സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട തിരൂരിലെ സംഭവം കൃത്യമായി അന്വേഷിക്കണമെന്ന് ഡി.ജി.പിയിൽ നിന്നും ഉന്നത തലങ്ങളിൽ നിന്നു നിർദ്ദേശം ഉണ്ടായിരുന്നു. ബോബി ചെമ്മണ്ണൂർ രണ്ടായിരം കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്ന വി എസ് അച്യുതാനന്ദൻ പരസ്യമായി നടത്തിയ ആരോപണത്തിനു തൊട്ടു പിന്നാലെയായിരുന്നു ഈ സംഭവം. പ്രതിപക്ഷ നേതാവും , മനുഷ്യാവകാശ സംരക്ഷണ സംഘടനാ സെക്രട്ടറി ജോയ് കൈതാരത്തും കേസിന്റെ മേൽ പിടിമുറുക്കിയിരുന്നു. ഇതോടെ ഒതുക്കി തീർത്ത് ഇല്ലാതാക്കാൻ ശ്രമിച്ച കേസിന്റെ പേരിൽ പൊലീസിനും ഇടനിലക്കാർക്കും തിരിച്ചടിയാവുകയാണ്.

അതേസമയം, ഇസ്മയിലിന്റെ മരണം സംബന്ധിച്ചു ഡിജിപിക്കു ലഭിച്ച പരാതിയിൽ റിപ്പോർട്ട് തേടിക്കൊണ്ടു താഴേക്കയച്ച കത്ത് മലപ്പുറം എസ്‌പി വഴി തിരൂർ എസ് ഐക്കു തന്നെയാണു ലഭിച്ചത്. ഇതിനു മറുപടിയായി 2015 ജൂലൈ 16ന് ജില്ലാ പൊലീസ് മേധാവിക്ക് തിരൂർ ഡിവൈഎസ്‌പി, സി.ഐ എന്നിവർ മുഖേന സബ് ഇൻസ്‌പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പൊലീസ് നടത്തിയ കൃത്രിമത്വം പ്രകടമായിരുന്നു. ബോബി ചെമ്മണ്ണൂർ ജൂവലറിയുമായി ഇസ്മയിലിന്റെ കുടുംബത്തിനു യാതൊരു പരാതിയുമില്ലെന്നും കേസ് ഒത്തുതീർത്തെന്നും ഇസ്മായിലിന്റെ ഭാര്യയുടെ മൊഴിയെന്ന വ്യാജേന പൊലീസ് എഴുതി ചേർക്കുകയായിരുന്നു. മാത്രമല്ല, കുടുംബം നേരത്തെ സമർ്പ്പിച്ച പരാതി ജോയ് കൈതാരത്ത് വീട് സന്ദർശിച്ചപ്പോൾ എഴുതി കൊണ്ടുവന്നതാണെന്നും ഇത് വായിച്ചു നോക്കാതെ ഇസ്മായിലിന്റെ കുടുംബം ഒപ്പിടുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ മറ്റൊരു കഥമെനയൽ.

എന്നാൽ പൊലീസ് തയ്യറാക്കിയ റിപ്പോർട്ടിൽ തങ്ങൾ പറയാത്ത കാര്യങ്ങളാണെന്നും ഞങ്ങളുടെ സമ്മതപ്രകാരമായിരുന്നു പരാതി നൽകിയിരുന്നതെന്നും ഇസ്മായിലിന്റെ കുടുംബം മറുനാടൻ മലയാളിയോടു പറഞ്ഞു. കൂടാതെ പൊലീസിന്റെ കാർമികത്വത്തിൽ അഞ്ച് ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ നൽകിയെന്നും ജുവലറിക്ക് നൽകാനുള്ള മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപാ എഴുതിത്ത്തള്ളാമെന്നും സമ്മതിച്ച് കരാർ എഴുതിയതായും വീട്ടുകാർ പറഞ്ഞു. പൊലീസിന്റെ ആവശ്യപ്രകാരമാണ് കേസുമായി മുന്നോട്ടു പോകാത്തതെന്നും ഇവർ ആവർത്തിച്ചു വ്യക്തമാക്കുന്നു. വയോധികയായ മാതാവും പത്താംക്ലാസിൽ പഠിക്കുന്ന മകനും മാത്രമുള്ള വീട്ടിൽ ഇവരുടെ ദയനീയത ചൂഷണം ചെയ്യുകയായിരുന്നു ഇവിടെ സംഭവിച്ചത്. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ഡി.ജി.പിക്കു ലഭിച്ച പരാതിയെ തുടർന്നായിരുന്നു എസ്‌പി വഴി അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ പരാതി ഉന്നയിച്ച ഉദ്യോഗസ്ഥൻ എഴുതി തയ്യാറാക്കിയ റിപ്പോർട്ട് അതേപടി എസ്‌പി ഡി.ജി.പിക്കും അയക്കുകയുമായിരുന്നു.

ഇസ്മായിലിന്റെ മരണശേഷം കുടുംബം സമർപ്പിച്ച പരാതി പ്രദേശത്തെ സിപിഐ(എം) നേതാവിന്റെ നേതൃത്വത്തിൽ ഇസ്മായിലിന്റെ വീട്ടിൽ വച്ചായിരുന്നു എഴുതിയിരുന്നത്. മാത്രമല്ല, മകനും മരുമക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പലതവണ പരാതി വായിക്കുകയും ചെയ്തിരുന്നു എന്നതാണ് വസ്തുത. ഈ ദിവസത്തെ പ്രാദേശിക ചാനൽ കാമറകളിൽ പതിഞ്ഞ പരാതി എഴുതി തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങളും മറ്റും പരാതിയുടെ കൈപ്പടയും പൊലീസിന്റെ വാദങ്ങളെ പൊളിക്കുന്നതാണ്. പൊലീസ് നടത്തിയ ഈ കേസ് അട്ടിമറി വരുംദിവസങ്ങളിൽ കൂടുതൽ നിയമക്കുരുക്കിലാക്കും. ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലും ഇപ്പോൾ കേസിന് ബലം നൽകുന്നു. കുറ്റക്കാരുടെ ഇടപെടൽ ഇല്ലാതാക്കി ഇസ്മായിലിന്റെ കുടുംബത്തിന് നീതിലഭിക്കുംവരെ നിയമ നടപടിയുമായി പോകാനാണ് ഇവരുടെ തീരുമാനം.